Connect with us

Ongoing News

ആവേശോജ്ജ്വലം ആദ്യ അങ്കം; തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ

രണ്ട് വിക്കറ്റിനാണ് ഇന്ത്യ കംഗാരുക്കളെ തകര്‍ത്തത്.

Published

|

Last Updated

വിശാഖപട്ടണം | ആസ്‌ത്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ അങ്കത്തില്‍ ഇന്ത്യക്ക് ആവേശോജ്ജ്വല വിജയം. രണ്ട് വിക്കറ്റിനാണ് ഇന്ത്യ കംഗാരുക്കളെ തകര്‍ത്തത്.

ഓസീസ് മുന്നോട്ടുവച്ച കൂറ്റന്‍ സ്‌കോറിനെ പതറാതെ പിന്തുടര്‍ന്ന ആതിഥേയര്‍ ഒരു പന്ത് ശേഷിക്കേയാണ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. അവസാന പന്തില്‍ ജയത്തിന് ഒരു റണ്‍ ആവശ്യമായിരിക്കേ റിങ്കു സിംഗ് സിക്‌സറടിച്ചു. എന്നാല്‍, ആ പന്ത് അംപയര്‍ നോബോള്‍ വിധിച്ചു. ഇതോടെ നോബോളിന് കിട്ടിയ റണ്ണില്‍ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 208 റണ്‍സെടുത്തു. 19.5 ഓവറില്‍ ഇന്ത്യ ഇത് മറികടന്നു.

ഇടതടവില്ലാത്ത റണ്ണൊഴുക്കിനാണ് വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ ക്രിക്കറ്റ് മൈതാനം സാക്ഷ്യം വഹിച്ചത്. നായകന്റെ ഇന്നിംഗസ് പുറത്തെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ടി20യില്‍ താന്‍ സൂപ്പര്‍മാനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച സൂര്യകുമാര്‍ 42 പന്തില്‍ 80 റണ്‍സ് അടിച്ചെടുത്ത് കളിയിലെ താരമായി. ഒമ്പത് ഫോറും നാല് സിക്‌സും ആ ബാറ്റില്‍ നിന്ന് പറന്നു.

39 പന്തില്‍ 58ലെത്തിയ വിക്കറ്റ് കീപ്പന്‍ ഇഷാന്‍ കിഷനും തിളങ്ങി. അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്‌സ്. യശ്വസി ജയ്‌സ്വാള്‍ എട്ട് പന്തില്‍ 21ഉം തിലക് വര്‍മ 10ല്‍ 12ഉം റിങ്കു സിംഗ് 14 പന്തില്‍ 22ഉം റണ്‍സെടുത്തു. ഓസീസിനായി തന്‍വീര്‍ സംങ്ഹ രണ്ട് വിക്കറ്റ് വീഴ്ത്തി. ജേസണ്‍ ബെഹ്‌റന്‍ഡോഫ്, മാറ്റ് ഷോര്‍ട്ട്, സീന്‍ അബ്ബോട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ജോഷ് ഇംഗ്ലിസിന്റെ കിടിലന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ആസ്‌ത്രേലിയ, വന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 50 പന്തില്‍ 110 റണ്‍സാണ് ഇംഗ്ലിസിന്റെ ബാറ്റില്‍ നിന്നൊഴുകിയത്. 41ല്‍ 52 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. മാറ്റ് ഷോര്‍ട്ട് 11ല്‍ 13ഉം ടിം ഡേവിഡ് 13ല്‍ 19ഉം റണ്‍സ് നേടി. ഇന്ത്യക്കായി പ്രസീദ് കൃഷ്ണയും രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റെടുത്തു.

പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും.

 

 

Latest