Connect with us

Editors Pick

നൂറു രൂപ വിലയുള്ള ഗുളിക; ക്യാൻസർ ചികിത്സയിൽ നിർണായക മുന്നേറ്റവുമായി ഇന്ത്യൻ ഗവേഷകർ

ഒരിക്കൽ ഭേദമായവരിൽ ക്യാൻസർ രണ്ടാമതും വരുന്നത് തടയാനും കീമോ - റേഡിയേഷന്റെ പാർശ്വഫലങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന മരുന്ന് ഇന്ത്യയിലെ ഡോക്ടർമാർ കണ്ടെത്തി

Published

|

Last Updated

മുംബൈ | അമേരിക്കയും ചൈനയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കാൻസർ രോഗികളുള്ളത് ഇന്ത്യയിലാണ്. ഇവരിൽ പകുതിപേരും മരണത്തിന് കീഴടങ്ങുന്നു. ക്യാൻസർ ചികിത്സിച്ചു മാറ്റിയാലും വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. ആദ്യ ഘട്ടത്തിൽ പൂർണമായും മാറിയെന്ന് കരുതുന്ന ക്യാൻസർ രോഗം രണ്ടാം ഘട്ടത്തിൽ മരണത്തിലാകും കലാശിക്കുക. എന്നാൽ, ഒരിക്കൽ ഭേദമായവരിൽ ക്യാൻസർ രണ്ടാമതും വരുന്നത് തടയാനും കീമോ – റേഡിയേഷന്റെ പാർശ്വഫലങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന മരുന്ന് ഇന്ത്യയിലെ ഡോക്ടർമാർ കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ കാൻസർ ആശുപത്രിയായ, മുംബൈയിലെ ടാറ്റ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ക്യാൻസർ ചികിത്സയിൽ നിർണായകമുന്നേറ്റമായി മാറുമെന്ന് കരുതുന്ന ടാബ്‍ലറ്റ് കണ്ടെത്തിയത്.

ഇന്ത്യയിൽ വർധിച്ചുവരുന്ന കാൻസർ കേസുകൾ കണക്കിലെടുത്ത്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണമാണ് മരുന്നിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. മനുഷ്യ ക്യാൻസർ കോശങ്ങൾ എലികളിൽ ചേർത്ത് നടത്തിയ പരീക്ഷണത്തിലൂടെയാണ് മരുന്നിന്റെ ഗുണഫലം ഗവേഷകർ കണ്ടെത്തിയത്.

കാൻസർ കോശങ്ങൾ നശിക്കുമ്പോൾ അവ വളരെ ചെറിയ കഷണങ്ങളായി വിഘടിക്കുകയാണ് ചെയ്യുന്നത്. ഈ കഷണങ്ങളെ ക്രോമാറ്റിൻ കണികകൾ എന്ന് വിളിക്കുന്നു. ക്രോമാറ്റിൻ കണികകൾക്ക് രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ആരോഗ്യമുള്ള കോശങ്ങളിൽ പ്രവേശിച്ച് അവയെക്യാൻസർ കോശങ്ങളാക്കി മാറ്റാനും കഴിയും. ഇതാണ് രോഗം ഭേദമായ ശേഷവും ക്യാൻസർ വരാൻ ഇടയാക്കുന്നത്.

മുംബൈയിലെ ടാറ്റ മെമ്മോറിയൽ ആശുപത്രി

ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന അന്വേഷണമാണ് പുതിയ മരുന്നിന്റെ കണ്ടുപിടുത്തത്തിൽ എത്തിച്ചത്. ഇതിനായി ഗവേഷകർ മനുഷ്യ ക്യാൻസർ കോശങ്ങൾ എലികളിൽ ചേർക്കുകയും അതിനുശേഷം അവയിൽ മുഴകൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു. തുടർന്ന് റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ശസ്ത്രക്രിയ എന്നിവയിലൂടെ അവയെ ചികിത്സിച്ചു. ശേഷം എലികൾക്ക് റെസ്‌വെരാട്രോളും കോപ്പറും ചേർന്ന പ്രോ-ഓക്‌സിഡന്റ് ഗുളികകൾ നൽകി. ക്രോമാറ്റിൻ കണങ്ങളുടെ പ്രഭാവം തടയാൻ ഈ ഗുളികകൾ സഹായിച്ചതായി പരീക്ഷണത്തിൽ തെളിഞ്ഞു. ഒരു ദശാബ്ദത്തോളം നീണ്ട പരീക്ഷണങ്ങൾക്ക് ഒടുവിലാണ് അന്തിമ വിജയത്തിൽ മെഡിക്കൽ ഗവേഷകർ എത്തിയത്.

ക്യാൻസർ ചികിത്സയിൽ ഏറ്റവും ചെലവുകുറഞ്ഞ ചികിത്സയാകും ഈ ടാബ്‍ലറ്റ് വരുന്നതോടെ യാഥാർഥ്യമാകുക. നൂറ് രൂപക്ക് ഈ ടാബ്‍ലറ്റ് വിപണിയിൽ എത്തിക്കാനാകുമെന്നാണ് ഗവേഷകർ പറയുന്നത്. ഈ ടാബ്‍ലറ്റ് കഴിക്കുന്നതിലൂടെ തെറാപ്പിയുടെ പാർശ്വഫലങ്ങൾ 50% കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കാൻസർ വീണ്ടും വരാതിരിക്കാനുള്ള സാധ്യത ഏകദേശം 30% ആയും കുറയും.

നിലവിൽ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ടാബ്‍ലറ്റ്. ജൂൺ-ജൂലൈ മാസത്തോടെ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.

2022ൽ ഇന്ത്യയിൽ 14,61,427 കാൻസർ കേസുകളാണ് കണക്കാക്കിയിരിക്കുന്നത്. 2018 മുതൽ 2022 വരെ 8,08,558 പേർ കാൻസർ ബാധിച്ച് മരിച്ചു. സ്തനാർബുദം, വായയിലെ അർബുദം, ഗർഭപാത്ര അർബുദം, ശ്വാസകോശ അർബുദം എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം നിലവിൽ ലോകത്തെ ക്യാൻസർ രോഗികളിൽ 20 ശതമാനവും ഇന്ത്യയിലാണ്.

Latest