Connect with us

Kuwait

കുവൈത്തില്‍ കുടുങ്ങിയ തിരുവനന്തപുരം സ്വദേശി നാട്ടിലെത്തി

പഴയ വിസയുടെ കാന്‍സലേഷന്‍ പൂര്‍ത്തിയാകാതിരുന്നതിനാല്‍ സഊദിയിലെ ദമ്മാമില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല.

Published

|

Last Updated

കുവൈത്ത് സിറ്റി | സഊദിയിലേക്കുള്ള യാത്രക്കിടെ കുവൈത്തില്‍ കുടുങ്ങിയ തിരുവനന്തപുരം സ്വദേശി സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തില്‍ നാട്ടിലെത്തി. പാങ്ങോട് സ്വദേശി ഷെമീറിനാണ് കുവൈത്തിലെ മലയാളികള്‍ ആശ്വാസമായത്. സഊദിയില്‍ ജോലി ചെയ്തിരുന്ന ഷെമീര്‍ കൊവിഡ് കാലത്ത് നാട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പുതിയ വിസയില്‍ കഴിഞ്ഞ ദിവസം സഊദിയിലേക്ക് തിരിച്ചു. കുവൈത്ത് എയര്‍വേസില്‍ തിരുവനന്തപുരത്തുനിന്ന് കുവൈത്ത് വഴിയാണ് സൗദിയിലേക്ക് പുറപ്പെട്ടത്.

എന്നാല്‍, പഴയ വിസയുടെ കാന്‍സലേഷന്‍ പൂര്‍ത്തിയാകാതിരുന്നതിനാല്‍ സഊദിയിലെ ദമ്മാമില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. ദമാം ഇമിഗ്രേഷന്‍ വിഭാഗം അതേ ദമ്മാം-കുവൈത്ത് -തിരുവനന്തപുരം വിമാനത്തില്‍ ഷെമീറിനെ തിരികെയയച്ചു. എന്നാല്‍, കുവൈത്തില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഈ വിമാനത്തില്‍ സീറ്റുണ്ടായിരുന്നില്ല. ഇതോടെ ഷെമീര്‍ കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങി. 11ാം തീയതി മാത്രമേ കുവൈത്ത് എയര്‍വേസില്‍ തിരുവനന്തപുരത്തേക്ക് സീറ്റ് ഉള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

ഷെമീര്‍ കെ കെ എം എ കേന്ദ്ര മതകാര്യ വകുപ്പ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖലാം മൗലവിയെ ബന്ധപ്പെട്ടു. അദ്ദേഹം എംബസി ഉദ്യോഗസ്ഥന്‍ അബ്ദുല്ലയെ വിവരം അറിയിക്കുകയും, സാമൂഹിക പ്രവര്‍ത്തകനും എംബസി വളന്റിയറും ഐ.സി.എഫ് ലീഡറുമായ സമീര്‍ മുസ്‌ലിയാര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. ഇതിനിടെ കെ കെ എം എ ഫര്‍വാനിയ ബ്രാഞ്ച് ലീഡര്‍ ഷമ്മാസ് സുഹൃത്ത് വഴി ഭക്ഷണം ലഭ്യമാക്കുകയും ചെയ്തു.

കുവൈത്ത് എയര്‍വേസിന് അടക്കാനുള്ള പണം ഷെമീറിന്റെ സുഹൃത്തുക്കള്‍ എത്തിച്ചു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടിന് പണം അടച്ചു. ഷെമീറിന്റെ സഊദിയിലുള്ള ബന്ധു കുവൈത്തില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ടിക്കറ്റ് എടുത്തു അയച്ചുനല്‍കി. ഇതോടെ ചൊവ്വാഴ്ച പുലര്‍ച്ച 2.10ന് ഷെമീര്‍ നാട്ടിലേക്ക് തിരിച്ചു.