Connect with us

Malappuram

ബദ്‌ര്‍-ഖൈബര്‍ സമര ചരിത്രങ്ങളുടെ ഒരു പകല്‍; കിസ്സ പാടിപ്പറയല്‍ നാളെ മഅ്ദിന്‍ കാമ്പസില്‍

രാവിലെ ആറിന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് ആറിന് സമാപിക്കും. ബദ്‌ര്‍- ഖൈബര്‍ സമര ചരിത്രങ്ങളാണ് പാടിപ്പറയുക.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിയുടെയും ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന കിസ്സ പാടിപ്പറയല്‍ നാളെ (ശനി) മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. രാവിലെ ആറിന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് ആറിന് സമാപിക്കും. ബദ്‌ര്‍-ഖൈബര്‍ സമര ചരിത്രങ്ങളാണ് പാടിപ്പറയുക. ബദ്‌ര്‍ സമരത്തിന് പ്രവാചകനും അനുയായികളും മദീനയില്‍ നിന്ന് പുറപ്പെട്ട ദിവസമായ റമസാന്‍ 12 നാണ് പരിപാടി. 12 മണിക്കൂര്‍ തുടര്‍ച്ചയായി നടക്കുന്ന പരിപാടിയില്‍ മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ ഇശലുകള്‍ പ്രശസ്തരായ 16 കാഥികരും പിന്നണി ഗായകരും പാടിപ്പറയും.

പരിപാടിയുടെ ഉദ്ഘാടന കര്‍മം പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ നിര്‍വഹിക്കും. കിസ്സപ്പാട്ട് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ ഹംസ മുസ്‌ലിയാര്‍ കണ്ടമംഗലം അധ്യക്ഷത വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തും.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സാലിം തങ്ങള്‍ വലിയോറ, മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട്, മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, മാനേജര്‍ ദുല്‍ഫുഖാര്‍ അലി സഖാഫി, അബൂമുഫീദ താനാളൂര്‍, കെ പി എം അഹ്സനി, പി ടി എം ആനക്കര പ്രസംഗിക്കും.

കിസ്സപ്പാട്ടിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും റമസാന്‍ 17 ന് നടന്ന ബദ്‌ര്‍ സമരത്തെ അനുസ്മരിക്കുന്നതിനുമാണ് പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നത്. അബു മുഫീദ താനാളൂര്‍ രചിച്ച് കിസ്സപ്പാട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്നതും മണ്‍മറഞ്ഞ പഴയകാല പാടിപ്പറയല്‍ കലാകാരന്മാരെ പരിചയപ്പെടുത്തുന്നതുമായ കിസ്സയില്‍ ഉണര്‍ന്നിരുന്ന പാതിരാവുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും കിസ്സപ്പാട്ട് പിന്നണി രംഗത്ത് നാല് പതിറ്റാണ്ട് പിന്നിട്ട പി ടി എം ആനക്കര, ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അഷ്റഫ് സഖാഫി പുന്നത്ത്, പഴയകാല കിസ്സപ്പാട്ട് ആലാപകരായ ഹാജി മുഹമ്മദ് പേരൂര്‍, എന്‍ സി മുഹമ്മദ് കാവനൂര്‍, കോന്നാലി കോയ, എന്നിവര്‍ക്കുള്ള ആദരവും പരിപാടിയില്‍ വെച്ച് നടക്കും.

കാലത്ത് ആറ് മുതല്‍ നടക്കുന്ന കിസ്സ പാടിപ്പറയല്‍ പരിപാടിയില്‍ അഷ്റഫ് സഖാഫി പുന്നത്ത്, ജഅ്ഫര്‍ സഖാഫി, മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥികളായ ഹാഫിള് മുബഷിര്‍ പെരിന്താറ്റിരി, ഹാഫിള് മിദ്‌ലാജ് ഒതളൂര്‍, ഹാഫിള് അസദ് പൂക്കോട്ടൂര്‍, ശിഹാബുദ്ദീന്‍ ബാഖവി കാവുംപടി, കെ എസ് വയനാട്, അബൂസാലിമ എടക്കര, ഇബ്റാഹിം ടി എന്‍ പുരം എന്നിവര്‍ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ കാവ്യവും തുടര്‍ന്ന് അബൂ മുഫീദ താനാളൂര്‍, കെ പി എം അഹ്സനി കൈപ്പുറം, അബൂ ആബിദ് സിദ്ധീഖി മുര്‍ശിദി കോടാലി ഉമര്‍ സഖാഫി മാവുണ്ടിരി, അബ്ദുല്‍ കാദര്‍ കാഫൈനി, കെ എം കുട്ടി മൈത്ര, ബക്കര്‍ ഉലൂമി പെരുമണ്ണ, സ്വാദിഖ് മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, കെ കെ ഹംസ മുസ്‌ലിയാര്‍ കണ്ടമംഗലം, മൊയ്തീന്‍ കുട്ടി മുസ്‌ലിയാരങ്ങാടി, പി ടി എം ആനക്കര, നാസര്‍ മൈത്ര, റഷീദ് കുമരനല്ലൂര്‍, മുഹമ്മദ് മാണൂര്‍ തുടങ്ങിയവര്‍ വടക്കിനിയേടത്ത് അഹമ്മദ് കുട്ടി മൊല്ല രചിച്ച ഖൈബര്‍ കിസ്സപ്പാട്ടും അവതരിപ്പിക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ അബൂമുഫീദ താനാളൂരും മിര്‍ഷാദ് ചാലിയവും ശമീം തിരൂരങ്ങാടിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന കിസ്സ പാടിപ്പറയല്‍ വേറിട്ട അനുഭവമാകും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം സൗകര്യങ്ങളും നോമ്പ്തുറയും ഒരുക്കും.