Connect with us

articles

സഹിഷ്ണുതയുടെ കെടാവിളക്ക്

മുസ്‌ലിം ലോകത്തിന്റെ നേതാവ് മുഹമ്മദ് നബി(സ) തന്റെ അനുയായികള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ തന്നെ അന്നാട്ടിലെ ന്യൂനപക്ഷമായ ഒരു ജൂതന് നബിയോട് ഇങ്ങനെ പെരുമാറാന്‍ സാധിക്കുന്നതും ധൈര്യം വരുന്നതും എന്തുകൊണ്ട് എന്ന ഒരൊറ്റ ചോദ്യത്തിന് ഉത്തരം തേടിയാല്‍ മതി മുഹമ്മദ് നബിയിലടങ്ങിയ സഹിഷ്ണുതയുടെ ആഴം കണ്ടെത്താന്‍.

Published

|

Last Updated

മദീനയിലെ അറിയപ്പെട്ട ജൂത പുരോഹിതനായിരുന്നു സൈദ്ബ്‌നു സന്‍അ. ഒരിക്കല്‍ നബി(സ)യോടും അലി(റ)യോടും ഒരു അഅ്‌റാബി തന്റെ ജനതയുടെ കാര്യം ബോധിപ്പിച്ചു. അവരെല്ലാവരും ഇസ്‌ലാമിലേക്ക് വന്നിട്ടുണ്ടെന്നും ആര്‍ക്കും ഭക്ഷിക്കാന്‍ ഒന്നുമില്ലെന്നും അവര്‍ക്ക് ഭക്ഷണം നല്‍കി മതം മാറ്റം നടത്താനുള്ള ശ്രമങ്ങള്‍ നടന്നേക്കാമെന്നുമാണ് അഅ്‌റാബിയുടെ പരാതി. നമ്മുടെ കൈയില്‍ വല്ലതുമുണ്ടോ എന്ന് നബി(സ) അലി(റ)യോട് ഉടന്‍ ആരാഞ്ഞു. ഒന്നുമില്ലെന്നായിരുന്നു മറുപടി. ഇതുകണ്ട സൈദ്ബ്‌നു സന്‍അ, നബി (സ)യുടെ അടുത്ത് വരികയും കടമായി ഈത്തപ്പഴം തരാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. നബി(സ) സമ്മതിക്കുകയും അഅ്‌റാബിയെ സന്തോഷത്തോടെ പറഞ്ഞയക്കുകയും ചെയ്തു. കടത്തിന്റെ അവധിയെത്തുന്നതിന്റെ മുമ്പ് തന്നെ സൈദ്ബ്‌നു സന്‍അ മദീന പള്ളിക്കടുത്തെത്തി. നബിയെ കണ്ടപ്പോള്‍ തന്നെ അദ്ദേഹം നബി(സ)യുടെ നീളക്കുപ്പായവും തലപ്പാവും ശക്തമായി പിടിച്ചുകുലുക്കി കടം തിരിച്ചു ചോദിക്കാന്‍ തുടങ്ങി. നബി(സ)യുടെ കൂടെയുള്ളവര്‍ വിഷമിച്ചു. ഉമര്‍(റ) സൈദിനോട് അല്‍പ്പം ദേഷ്യത്തിലാണ് സംസാരിച്ചത്. നബി(സ) ഉമറിനെ തിരുത്തി. “ഈ സംസാരമല്ല ഇവിടെ ആവശ്യം. എനിക്കും ഇദ്ദേഹത്തിനും ഇതിലേറെ നല്ലൊരു ആളെയാണ് ലഭിക്കേണ്ടത്; എന്നോട് നല്ല നിലയില്‍ കടം വീട്ടാന്‍ കല്‍പ്പിക്കുന്ന, ഇദ്ദേഹത്തോട് നല്ല നിലയില്‍ കടം തിരിച്ചുചോദിക്കാന്‍ കല്‍പ്പിക്കുന്ന ഒരാള്‍..’ ശേഷം ഇദ്ദേഹത്തിന് തനിക്കവകാശപ്പെട്ടതിനേക്കാള്‍ ഇരുപത് സ്വാഅ് അധികം നല്‍കാന്‍ നബി(സ) ഉമറിനോട് കല്‍പ്പിക്കുകയും അങ്ങനെ നല്‍കുകയും ചെയ്തു. അധികം വൈകാതെ സൈദ്ബ്‌നു സന്‍അ മുസ്‌ലിമാകുകയും ചെയ്തു. (അല്‍ മുഅജ്മുല്‍ കബീര്‍: 25: 203)

മുസ്‌ലിം ലോകത്തിന്റെ നേതാവ് മുഹമ്മദ് നബി(സ) തന്റെ അനുയായികള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ തന്നെ അന്നാട്ടിലെ ന്യൂനപക്ഷമായ ഒരു ജൂതന് നബിയോട് ഇങ്ങനെ പെരുമാറാന്‍ സാധിക്കുന്നതും ധൈര്യം വരുന്നതും എന്തുകൊണ്ട് എന്ന ഒരൊറ്റ ചോദ്യത്തിന് ഉത്തരം തേടിയാല്‍ മതി മുഹമ്മദ് നബിയിലടങ്ങിയ സഹിഷ്ണുതയുടെ ആഴം കണ്ടെത്താന്‍.

അസഹിഷ്ണുത എക്കാലവും ലോകത്ത് അരങ്ങേറിയിട്ടുണ്ട്. ഒരുപക്ഷേ, മനുഷ്യോത്പത്തിയോളം ഇതിന് പഴക്കവുമുണ്ടാകും. ഭാഷ-വര്‍ഗ-വര്‍ണ-മത വൈജാത്യങ്ങള്‍ സൃഷ്ടിച്ച് മനുഷ്യത്വത്തെ ധ്വംസിക്കുന്ന രൂപത്തില്‍ മനുഷ്യനെ വെട്ടിമുറിക്കുന്ന സകല ചിന്താധാരകളെയും മുഹമ്മദ് നബി(സ) അതികഠിനമായി വിമര്‍ശിച്ചു.
അറേബ്യയില്‍ മത സ്വാതന്ത്ര്യം മരീചികയായ കാലത്താണ് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ ഓരോ മനുഷ്യനെയും അനുവദിക്കൂവെന്ന് മക്കയിലെ പ്രമാണിമാരോട് നബി(സ) ആവശ്യപ്പെട്ടത്. താന്‍ പ്രചരിപ്പിക്കുന്ന ഈ ദൈവിക മതം ശരിയാണെന്ന് ബോധ്യപ്പെടുന്നവര്‍ക്ക് ഇത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം. മനുഷ്യന്‍ സ്വാതന്ത്ര്യത്തോട് കൂടിയാണ് മതം സ്വീകരിക്കേണ്ടതെന്ന് ലോകത്ത് വിളംബരപ്പെടുത്തിയ ഏക നേതാവും മുഹമ്മദ് നബി(സ) മാത്രമാണ്. ഇന്നും കറുത്ത വര്‍ഗക്കാരനും മറ്റു മതാനുയായികള്‍ക്കും വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത ലോക രാഷ്ട്രങ്ങളുടെ നീണ്ട പട്ടിക നമുക്കറിയാം. മതം വ്യത്യാസപ്പെട്ടതിന്റെ പേരിലും നിറം കറുത്തതിന്റെ പേരിലും അനാവശ്യ ഫോബിയകള്‍ സൃഷ്ടിക്കുന്ന അനേകായിരം ശ്രമങ്ങള്‍ക്കിടയില്‍ അഥവാ ഇത്തരം അസഹിഷ്ണുതകള്‍ക്കിടയിലാണ് തീര്‍ച്ചയായും മുഹമ്മദ് നബി കെടാവിളക്കായി പ്രകാശിച്ചു നില്‍ക്കുന്നത്. ഒരു മതത്തെയും മതാനുയായിയെയും ഇല്ലാത്തത് പറഞ്ഞ് പീഡിപ്പിക്കാനോ അനാവശ്യ ഫോബിയകള്‍ വളര്‍ത്തി മാനസിക ആഘാതം സൃഷ്ടിക്കാനോ നബി(സ) സമ്മതിച്ചില്ല. മുസ്‌ലിമിനോടും അമുസ്‌ലിമിനോടും ഒരുപോലെ സത്യസന്ധമായി പെരുമാറുന്നവനാണ് യഥാര്‍ഥ വിശ്വാസി.

അറബികള്‍ക്കെന്നും അറേബ്യന്‍ പെരുമയില്‍ അഹങ്കാരവും ആഭിജാത്യവുമുണ്ടായിരുന്നു. അറബികള്‍ക്കിടയില്‍ വന്ന അറബി സംസാരിക്കുന്ന പ്രവാചകര്‍ മുഹമ്മദ് നബി(സ)ക്ക് ഈ അറേബ്യന്‍ വികാരം നിലനിര്‍ത്തിയോ ആളിക്കത്തിച്ചോ തന്റെ ഔന്നത്യവും ആഭിജാത്യവും തെളിയിക്കാന്‍ സാധിക്കുമായിരുന്നിട്ടും ഒരിക്കലും അത്തരം പ്രവൃത്തികള്‍ക്ക് മുതിരാതെ അറബികളുടെ മുഖത്ത് നോക്കി നബി(സ) ഇങ്ങനെ താക്കീത് ചെയ്തു, “ഒരു അറബിക്കും മറ്റൊരു അനറബിയേക്കാള്‍ ഒരു ശ്രേഷ്ഠതയുമില്ല, ഒരു വെളുത്തവനും കറുത്തവനേക്കാള്‍ യാതൊരുവിധ ശ്രേഷ്ഠതയുമില്ല. എല്ലാ ശ്രേഷ്ഠതയുടെയും മാനദണ്ഡം ഹൃദയത്തിലുള്ള ഭയഭക്തി മാത്രമാണ്’. ലോകം കണ്ട ഏറ്റവും വലിയ സഹിഷ്ണുതയുടെ സന്ദേശമായിരുന്നുവത്.

Latest