യാത്രാനുഭവം
നിരാശയുടെ കരിനിഴൽ
സാധാരണ ജനങ്ങളുമായി അടുത്തിടപഴകി ജീവിച്ച മഹാരഥനായിരുന്നു റാദിൻ ഉമർ സൈദ് എന്ന സുനൻ മുറിയ. കർഷകർ, മുക്കുവന്മാർ തുടങ്ങിയ കീഴാള ജനവിഭാഗങ്ങളെ ഇസ്‌ലാമിലേക്ക് ആകർഷിക്കാൻ അത് സഹായകമായി. സുനൻ കാലിജഗയുടെ മകനായിരുന്നു അദ്ദേഹം. എ ഡി 1551ലായിരുന്നു വിയോഗം. സുനൻ നെഗരാംഗ് ആണ് പ്രധാന ഗുരു.

തിരക്കിട്ട ഈ ഓട്ടത്തിനിടയിൽ ഞങ്ങൾക്കൊരു നഷ്ടം സംഭവിച്ചു. കനത്ത നഷ്ടം എന്നുതന്നെ പറയാം. വാലീ സോംഗോയിലെ ഒമ്പത് വിശുദ്ധരുടെയും സ്മാരകങ്ങൾ സന്ദർശിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇന്തോനേഷ്യൻ സഞ്ചാരം ആരംഭിച്ചത്. പക്ഷേ, അതിന് സാധിക്കാത്ത സാഹചര്യമാണ്. പ്രത്യേകിച്ചും സുനൻ മുറിയയുടെ സന്നിധിയിൽ എത്താനാകുമെന്ന് ഉറപ്പില്ല. പല വഴിയും അന്വേഷിച്ചു. മുറിയ പർവതത്തിന് മുകളിലാണത്. കാർ അങ്ങോട്ട് പോകില്ല. കുത്തനെയുള്ള റോഡാണ്. താഴ്‌വാരത്ത് നിർത്തി ബൈക്ക് ടാക്സി വിളിച്ചു പോകണം. ഒജെക് എന്നാണീ സംവിധാനത്തിന്റെ പേര്. സുനൻ കുഡുസ് സിയാറത്ത് കഴിഞ്ഞ് ഒജെക് സംഘടിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും രാത്രിയായതിനാൽ പ്രയാസമാകുമെന്ന മറുപടിയാണ് ലഭിച്ചത്.
സാധാരണ ജനങ്ങളുമായി അടുത്തിടപഴകി ജീവിച്ച മഹാരഥനായിരുന്നു റാദിൻ ഉമർ സൈദ് എന്ന സുനൻ മുറിയ. കർഷകർ, മുക്കുവന്മാർ തുടങ്ങിയ കീഴാള ജനവിഭാഗങ്ങളെ ഇസ്‌ലാമിലേക്ക് ആകർഷിക്കാൻ അത് സഹായകമായി. സുനൻ കാലിജഗയുടെ മകനായിരുന്നു അദ്ദേഹം. എ ഡി 1551ലായിരുന്നു വിയോഗം. സുനൻ നെഗരാംഗ് ആണ് പ്രധാന ഗുരു. ശിഷ്യന്റെ ധീരത പരിഗണിച്ച് ഗുരു തന്റെ മകളെ വിവാഹം ചെയ്തു കൊടുത്ത ഒരു കഥ പ്രചാരത്തിലുണ്ട്. സുനൻ മുറിയ രചിച്ച നിരവധി ഗാനങ്ങൾ ഇപ്പോഴും ഇന്തോനേഷ്യയിൽ പ്രചാരത്തിലുണ്ട്. ഇത്തരം ഗാനങ്ങളിലൂടെ ഇസ്‌ലാമിന്റെ മഹത്തായ ആദർശങ്ങൾ ജനങ്ങളിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
സിറബോണിലെ സുനൻ ഗുനുങ്ജാതി ദർഗയാണ് അടുത്ത ലക്ഷ്യം. സമറാങ്ങിൽ നിന്ന് ചിറബോണിലേക്ക് മുന്നൂറോളം കിലോമീറ്ററുണ്ട്. അവിടെ നിന്ന് ജക്കാർത്തയിലേക്ക് ഇരുനൂറ്റി ഇരുപതും. പിറ്റേന്ന് രാവിലെയാണ് ജക്കാർത്ത ഇന്റനാഷനൽ എയർപോർട്ടിൽ നിന്ന് സുമാത്ര ദ്വീപിലെ ബൻഡെ അച്ചെയിലേക്കുള്ള വിമാനം. അപ്പോഴേക്കും അവിടെയെത്തണം.
കാർ സമീപത്തുള്ള സമറാംഗ് എയർപോർട്ടിലേക്ക് വഴി തിരിച്ചു വിട്ടാലോ എന്ന ആലോചനയും ഇടക്ക് നടക്കാതിരുന്നില്ല. പ്രാദേശിക വിമാന സർവീസ് ആശ്രയിച്ച് ജക്കാർത്തയിലെത്താം. ടിക്കറ്റ് നിരക്കുകൾ പരിശോധിച്ചു.
പക്ഷേ, സുനൻ മുറിയ സിയാറത് നഷ്ടമായത് പോലെ ഗുനുങ്ജാതി മഖാമിലും എത്താനാകില്ലെന്ന ചിന്ത മനസ്സിനെ പിടിച്ചുലച്ചു. മഹാന്മാരുമായി അടുപ്പം സ്ഥാപിക്കുകയാണല്ലോ യാത്രാലക്ഷ്യം. അതിനുള്ള വഴികളിലൊന്നാണ് അവരുടെ സന്നിധിയിലെത്തിയുള്ള സിയാറത്. അതിനുള്ള അവസരം ഇല്ലാതാകുകയെന്നത് അസഹനീയമാണ്. എല്ലാം പടച്ചവനെ ഭരമേൽപ്പിച്ച്, മഹാന്മാരോട് സഹായം തേടി അതിവേഗം ചിറബോണിലേക്ക് കുതിച്ചു.
ശരീഫ് ഹിദായതുല്ലയുടെ മകനായി 1448ലാണ് സുനൻ ഗുനുങ്ജാതിയുടെ ജനനം. ജന്മനാടിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സീമാക് സുൽത്താൻ ട്രങ്കനയുടെ സഹോദരിയായിരുന്നു ഭാര്യ. ഈജിപ്ത്, മക്ക, മദീന ഉൾപ്പെടെയുള്ള പ്രദേശങ്ങളിലായിരുന്നു പഠനം. അക്കാലത്തെ പ്രധാന സൂഫിവര്യന്മാരായിരുന്നു ഗുരുനാഥന്മാർ. വാവയിലെ ഒമ്പത് വിശുദ്ധരിൽ നേരിട്ട് അധികാര സാരഥ്യം വഹിച്ച ഏക അംഗമാണ് സുനൻ ഗുനുങ്ജാതി. പ്രാദേശിക ഹിന്ദു ഭരണവംശമായിരുന്ന സുന്ത, പോർച്ചുഗീസ് ശക്തികൾക്കെതിരെ നടന്ന സൈനിക നീക്കങ്ങളിൽ നിർണായക സാന്നിധ്യമായിരുന്നു. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത നഗരത്തിന്റെ സ്ഥാപനത്തിന് നിദാനമായത് ഈ സൈനിക മുന്നേറ്റങ്ങളായിരുന്നു.