Connect with us

National

വിദേശ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്രതിരിക്കും; ട്രംപുമായി കൂടിക്കാഴ്ച നടത്തും

ട്രംപുമായി വ്യാഴാഴ്ച മോദി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തല്‍ അടക്കമുള്ള വിഷയങ്ങള്‍ ട്രംപുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തേക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  വിദേശസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര പുറപ്പെടും. ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുക. ഉച്ചക്ക് ഡല്‍ഹിയില്‍ നിന്നും യാത്രതിരിക്കുന്ന മോദി വൈകീട്ടോടെ പാരീസില്‍ എത്തും. ഫ്രാന്‍സില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിയ്ക്കൊപ്പം ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മാര്‍സെയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനവും ഇരുനേതാക്കളും ചേര്‍ന്ന് നിര്‍വ്വഹിക്കും.

നാളെയാണ് (ഫെബ്രുവരി 11) ഉച്ചകോടി. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ചൈനീസ് ഉപപ്രധാനമന്ത്രി ഡിങ് സൂക്സിയാങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിയുമായി മോദി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കല്‍ പ്രധാന ചര്‍ച്ചയാകും. തുടര്‍ന്ന് മാര്‍സെയിലിലേക്കു പോകുന്ന പ്രധാനമന്ത്രി സ്വകാര്യ അത്താഴവിരുന്നിലും പങ്കെടുക്കും. ഇതിനുശേഷം പ്രധാനമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടും.

ഫെബ്രുവരി 12,13 തിയതികളിലാണ് മോദിയുടെ യുഎസ് സന്ദര്‍ശനം.ട്രംപുമായി വ്യാഴാഴ്ച മോദി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തല്‍ അടക്കമുള്ള വിഷയങ്ങള്‍ ട്രംപുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തേക്കും. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റശേഷം ഇരു നേതാക്കളും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

അതേ സമയം പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കാനിരിക്കെ നാടുകടത്തുന്നതിനുള്ള പട്ടികയിലുള്ള എല്ലാ ഇന്ത്യക്കാരെക്കുറിച്ചുമുള്ള വിവരം ഇനിയും അമേരിക്ക കൈമാറിയിട്ടില്ല .ഇന്ത്യന്‍ പൗരന്‍മാരോട് എന്തെങ്കിലും തരത്തില്‍ മോശം പെരുമാറ്റം ഉണ്ടായാല്‍ അമേരിക്കയെ ആശങ്ക അറിയിക്കാറുണ്ടെന്നായിരുന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ മറുപടി.ഇന്ത്യക്കാരെ കൈവിലങ്ങും കാല്‍ചങ്ങലയും ഇട്ട് നാടുകടത്തിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്ന ശേഷം ഇക്കാര്യത്തിലെ ആശങ്ക അറിയിക്കും എന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നേരത്തെ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest