Connect with us

Uae

ദുബൈയിൽ സാങ്കേതികവിദ്യയുടെ ആഗോള സംഗമത്തിന് വേദിയൊരുങ്ങി

ജിറ്റെക്‌സ് ഗ്ലോബലിൽ രണ്ട് ലക്ഷത്തിലേറെ സന്ദർശകരെത്തും

Published

|

Last Updated

ദുബൈ|ലോകത്തിന്റെ സാങ്കേതിക ഭാവി നിർണയിക്കുന്ന മേഖലകളിലെ ഏറ്റവും വലിയ ആഗോള സംഗമത്തിന് ദുബൈ ഒരുങ്ങുന്നു. 46-ാമത് ജിറ്റെക്‌സ് ഗ്ലോബൽ ഡിസംബർ 7 മുതൽ 11 വരെ നടക്കും. ആദ്യമായി പ്രദർശനത്തിന്റെ പ്രധാന വേദി ദുബൈ വേൾഡ് ട്രേഡ് സെന്ററിൽനിന്ന് എക്‌സ്‌പോ സിറ്റിയിലെ ദുബൈ എക്‌സിബിഷൻ സെന്ററിലേക്ക് മാറുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ഡിസംബർ ഏഴിന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ഉച്ചകോടിയോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. ഡിസംബർ എട്ട് മുതൽ 11 വരെ എക്‌സ്‌പോ സിറ്റിയിൽ പ്രധാന പ്രദർശനവും സമ്മേളനങ്ങളും നടക്കും. 180-ലേറെ രാജ്യങ്ങളിൽനിന്ന് രണ്ട് ലക്ഷത്തിലധികം സന്ദർശകരും 6,800 പ്രദർശക കമ്പനികളും 400-ലേറെ സർക്കാർ സ്ഥാപനങ്ങളും പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള സാങ്കേതികവിദ്യാ കമ്പനികൾ, നിക്ഷേപകർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, നയരൂപീകരണ വിദഗ്ധർ എന്നിവരെ ഒരേ വേദിയിൽ എത്തിക്കുന്ന പരിപാടി ആഗോള സാങ്കേതിക നിക്ഷേപത്തിന്റെയും ബിസിനസ് പങ്കാളിത്തത്തിന്റെയും നിർണായക വേദിയായി മാറും. നിർമിതബുദ്ധിയുടെ വളർച്ച, രാജ്യങ്ങളുടെ സാങ്കേതിക പരമാധികാരം, ഡാറ്റാ സെന്ററുകൾ, ചിപ്പ് നിർമാണം, ഊർജ ആവശ്യകത, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ഇത്തവണത്തെ പ്രധാന ചർച്ചാവിഷയങ്ങൾ. ജിറ്റെക്‌സ് ഗ്ലോബലിനൊപ്പം എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ ഉൾപ്പെടെയുള്ള സ്റ്റാർട്ടപ്പ്-നിക്ഷേപക സംഗമങ്ങളും നടക്കും.

നിർമിതബുദ്ധി ഏജന്റുകൾ പ്രധാന ആകർഷണം

മനുഷ്യന്റെ നേരിട്ടുള്ള നിയന്ത്രണമില്ലാതെ പ്രവർത്തിക്കാൻ ശേഷിയുള്ള നിർമിതബുദ്ധി ഏജന്റുകളും അവയുടെ സുരക്ഷയുമാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. ബേങ്കിംഗ് ഇടപാടുകൾ, സ്ഥാപനങ്ങളുടെ പ്രവർത്തനം, വിവരശേഖരണം, ഉപഭോക്തൃ സേവനം തുടങ്ങിയ മേഖലകളിൽ സ്വയം തീരുമാനമെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നിർമിതബുദ്ധി സംവിധാനങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ ജിറ്റെക്‌സ് സൈബർ വാലിയിൽ ചർച്ചയാകും.

റോബോട്ടുകൾ, ഡ്രൈവറില്ലാ വാഹനങ്ങൾ, ഭാവിയിലെ വ്യവസായ സംവിധാനങ്ങൾ, ക്വാണ്ടം സാങ്കേതികവിദ്യ, ഡിജിറ്റൽ ധനകാര്യ ഇടപാടുകൾ, ദീർഘായുസ്സും ആരോഗ്യസാങ്കേതികവിദ്യയും ഉൾപ്പെടുന്ന പുതിയ മേഖലകൾക്കും പ്രത്യേക വേദികളുണ്ടാകും.

ടെക്‌ചേഷൻ പരിപാടി

സാങ്കേതികവിദ്യയും വിനോദസഞ്ചാരവും സംയോജിപ്പിക്കുന്ന ടെക്‌ചേഷൻ പരിപാടിയും ഡിസംബർ നാല് മുതൽ 14 വരെ ദുബൈയിൽ നടക്കും. ലോകത്തെ സാങ്കേതികവിദ്യാ മത്സരത്തിൽ യു എ ഇയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിനും പുതിയ നിക്ഷേപങ്ങളും തൊഴിൽ-സംരംഭക അവസരങ്ങളും സൃഷ്ടിക്കുന്നതിനും ജിറ്റെക്‌സ് ഗ്ലോബൽ 2026 നിർണായക വേദിയാകുമെന്നാണ് പ്രതീക്ഷ.

Content Highlights: The 46th GITEX Global takes place from December 7 to 11 in Dubai, moving its main exhibition to Expo City. Discussions will cover AI agents, cybersecurity, data centers, chip manufacturing, and digital infrastructure. The event also features Expand North Star and TechCation programs.

---- facebook comment plugin here -----

Latest