Uae
നിർമിതബുദ്ധി നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി; മീറ മാർച്ചിൽ പുറത്തിറക്കും
ഫെഡ് എ ഐ ദേശീയ പ്ലാറ്റ്ഫോമിന് അനുമതി
ദുബൈ|നിർമിതബുദ്ധി സഹായികൾക്കായുള്ള സമഗ്ര സർക്കാർ നയത്തിന് യു എ ഇ മന്ത്രിസഭ അംഗീകാരം നൽകി. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന വ്യക്തിഗത സർക്കാർ സഹായിയായ മീറ 2027 മാർച്ച് മുതൽ എല്ലാ സർക്കാർ ഉപഭോക്താക്കൾക്കും ലഭ്യമാക്കാനുള്ള പദ്ധതികൾ യോഗം വിലയിരുത്തി.
നിർമിതബുദ്ധി സഹായികളുടെ വികസനത്തിനും പ്രവർത്തനത്തിനുമായി ഏകീകൃതവും സുരക്ഷിതവുമായ ദേശീയ സാങ്കേതിക അടിസ്ഥാന സൗകര്യമായ ഫെഡ് എ ഐ പ്ലാറ്റ്ഫോമിനും മന്ത്രിസഭ അംഗീകാരം നൽകി. ഭാവി സാങ്കേതികവിദ്യകൾക്ക് ഏറ്റവും സജ്ജവും വേഗതയേറിയതും കാര്യക്ഷമവുമായ സർക്കാരായി യു എ ഇയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
മീറയുടെ വികസനവും നിർവഹണവും വേഗത്തിലാക്കുന്നതിനായി എക്സിക്യൂട്ടീവ് സംഘങ്ങളെ രൂപീകരിക്കാൻ അദ്ദേഹം നിർദേശം നൽകി. മന്ത്രിസഭ അംഗീകരിച്ച സമയപരിധിക്കുള്ളിൽ എല്ലാ ഫെഡറൽ സ്ഥാപനങ്ങളും തങ്ങളുടെ സേവനങ്ങൾ ഈ വ്യക്തിഗത സഹായിയുമായി സംയോജിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സ്വന്തം ഭാഷയിൽ സർക്കാർ സേവനങ്ങൾ
വ്യക്തികൾ സർക്കാർ സേവനങ്ങളുമായി ഇടപഴകുന്ന രീതിയിൽ വലിയ മാറ്റം കൊണ്ടുവരാനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം ഭാഷയിൽ സർക്കാർ സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്താനും സ്വാഭാവിക സംഭാഷണത്തിലൂടെ സേവനങ്ങൾ നേടാനും ഇതിലൂടെ സാധിക്കും.
ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം ഭാഷയിലും വാക്കുകളിലും സർക്കാരുമായി സംസാരിച്ച് സേവനങ്ങൾ നേടാനും ഭരണപരമായ നടപടിക്രമങ്ങൾക്ക് പകരം തങ്ങളുടെ ജോലികളിൽ കൂടുതൽ സമയം ചെലവഴിക്കാനും കഴിയുന്ന സർക്കാർ സേവന വിതരണത്തിന്റെ പുതിയൊരു ഘട്ടത്തിലേക്കാണ് നാം പ്രവേശിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. പൊതുസേവനങ്ങൾ ലളിതമാക്കുന്നതിനും ഭരണപരമായ നടപടിക്രമങ്ങൾ കുറയ്ക്കുന്നതിനും സർക്കാർ സ്ഥാപനങ്ങളിലുടനീളം കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി നിർമിതബുദ്ധി ഉപയോഗിക്കാനുള്ള യു എ ഇയുടെ വിപുലമായ ശ്രമങ്ങളുടെ തുടർച്ചയാണിത്.
Content Highlights: The UAE Cabinet chaired by Sheikh Mohammed bin Rashid approved a policy for AI assistants and the FedAI national infrastructure platform. Personal AI government assistant Meera is set to launch for users from March 2027 across federal entities. The initiative enables conversational public services in users’ own languages.



