Connect with us

Kerala

മദ്യനയം പഠിക്കാന്‍ യുഡിഎഫ് ഉപസമിതിയെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; കെ ശിവദാസന്‍ നായര്‍ കണ്‍വീനര്‍

വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

Published

|

Last Updated

തിരുവനന്തപുരം| യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപസമിതി രൂപീകരിച്ചു. മുന്‍ എം എല്‍ എ കെ ശിവദാസന്‍ നായര്‍ കണ്‍വീനറായാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ യുഡിഎഫ് ഉപസമിതിയെ പ്രഖ്യാപിച്ചത്. സമിതിയില്‍ അധ്യക്ഷന് പുറമേ അങ്കമാലി മുന്‍ എംഎല്‍എ പി ജെ ജോയ്, ജോയ് എബ്രഹാം, കെ. ജയന്ത് എംഎല്‍എ, വിഷ്ണു മോഹന്‍ എംഎല്‍എ, വാക്കനാട് രാധാകൃഷ്ണന്‍, സി എ അജീര്‍ എന്നിവരാണ് അംഗങ്ങള്‍. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ പുതിയ കരട് മദ്യനയം ഉപസമിതിയിലെ അംഗങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം നയപരമായ നിലപാട് യുഡിഎഫിനെ അറിയിക്കും. ശേഷമായിരിക്കും അന്തിമ തീരുമാനത്തിലേക്ക് കടക്കുക.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം, ഉപയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തുക എന്നതാണ് ഉപസമിതിയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. ബാര്‍ ലൈസന്‍സുകള്‍, ബാറുകളുടെ പ്രവര്‍ത്തന സമയം ക്രമീകരിക്കല്‍ എന്നീ കാര്യങ്ങളിലും സമിതി പരിശോധന നടത്തും. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഇനി ബാര്‍ ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം, ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയായി പുനഃക്രമീകരിക്കുക തുടങ്ങിയ ശിപാര്‍ശകളും നിയന്ത്രണങ്ങളുമാണ് എക്‌സൈസിന്റെ കരടിലുള്ളത്.

കോണ്‍ഗ്രസിന് പുറമെ കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, സിഎംപി തുടങ്ങിയ ഘടകകക്ഷികളുടെ പ്രതിനിധികളും സമിതിയിലുണ്ട്. എന്നാല്‍, സമിതിയില്‍ മുസ്ലീം ലീഗിന് പ്രതിനിധിയില്ല. മദ്യനയം ആയതിനാല്‍ ലീഗ് പ്രതിനിധി ഇല്ലെന്ന് അറിയിക്കുകയായിരുന്നു. എക്‌സൈസ് മന്ത്രി എം. ലിജു അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് മദ്യനയത്തിലെ നിര്‍ദേശങ്ങള്‍ ഉപസമിതി വിശദമായി പരിശോധിക്കും. മദ്യനയവുമായി ബന്ധപ്പെട്ട് യു.ഡി.എഫിലെ വിവിധ ഘടകകക്ഷികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമിതി ചര്‍ച്ച ചെയ്യും.

Content Highlights: Chief Minister V D Satheesan formed a UDF sub-committee led by K Sivadasan Nair to review Kerala’s draft liquor policy. The panel will examine low-alcohol drinks, three-star bar licenses, and revised bar timings from 11 am to 11 pm. The Muslim League opted out of representation in this policy committee.

Latest