Connect with us

omicron varient

'ഷി' ഒഴിവാക്കിയത് തന്നെ; ഒമിക്രോണ്‍ പേരിടല്‍ വിവാദത്തില്‍ വിശദീകരണവുമായി ലോകാരോഗ്യ സംഘടന

ചൈനീസ് പ്രസിഡന്റിന്റെ പേരിനോട് സാമ്യം വരുന്ന ഷി ഒഴിവാക്കിയത് ചൈനയുമായുള്ള ലോകാരോഗ്യ സംഘടനയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു

Published

|

Last Updated

ജനീവ | ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദത്തിന് ഒമിക്രോണ്‍ എന്ന് പേര് നല്‍കിയതിന് പിന്നാലെ ഉടലെടുത്ത വിവാദങ്ങള്‍ക്ക് വിശദീകരണവുമായി ലോകാരോഗ്യ സംഘടന. നിലവില്‍ കൊവിഡ് വകഭേദങ്ങള്‍ക്ക് പേരിടുന്നത് ഗ്രീക്ക് അക്ഷരമാലയില്‍ നിന്നാണ്. ഇതുവരെ കണ്ടെത്തിയ 12 വകഭേദങ്ങള്‍ക്കും ഇങ്ങനെ പേര് നല്‍കി പുതുതയായി കണ്ടെത്തിയ വകഭേദത്തെ അക്ഷരമാലയില്‍ നിന്നുള്ള രണ്ട് അക്ഷരങ്ങള്‍ ഒഴിവാക്കിയായിരുന്നു ഒമിക്രോണ്‍ എന്ന് പേര് നല്‍കിയത്. അക്ഷരമാലാ ക്രമത്തില്‍ പതിനഞ്ചാമതാണ് ഒമിക്രോണ്‍. നു എന്ന് ഉച്ചാരണം വരുന്ന 13ാം അക്ഷരവും ഷി എന്ന് ഉച്ചാരണം വരുന്ന 14ാം അക്ഷരവും ഒഴിവാക്കിയാണ് പുതിയ പേര് നല്‍കിയത്. ഇതില്‍ ചൈനീസ് പ്രസിഡന്റിന്റെ പേരിനോട് സാമ്യം വരുന്ന ഷി ഒഴിവാക്കിയത് ചൈനയുമായുള്ള ലോകാരോഗ്യ സംഘടനയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.

പുതിയത് എന്ന് അര്‍ഥം വരുന്ന ന്യൂ എന്ന ഇംഗ്ലീഷ് വാക്കുമായി സാമ്യമുള്ളതിനാല്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്നതിനാലാണ് നു എന്ന അക്ഷരം ഒഴിവാക്കിയത് എന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് ന്യൂ യോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ലോകത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു പേരായതിനാലാണ് ഷി എന്നത് ഒഴിവാക്കിയത് എന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും സംസ്‌കാരത്തിനോ, സമൂഹത്തിനോ, രാജ്യത്തിനോ, പ്രദേശത്തിനോ, വിഭാഗങ്ങള്‍ക്കോ ബുദ്ധിമുട്ടാവുന്ന തരത്തില്‍ വകഭേദങ്ങള്‍ക്ക് പേര് നല്‍കാകതിരിക്കുക എന്നതാണ് സംഘടനയുടെ നയം എന്ന് ഇതിന് അനുബന്ധമായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡുമായി ബന്ധപ്പെട്ട് വകഭേദങ്ങള്‍ക്ക് പേരിടുമ്പോള്‍ പ്രദേശങ്ങളുടേയോ രാജ്യങ്ങളുടേയോ പേരുമായി ബന്ധപ്പിക്കരുതെന്ന് നേരത്തെ തീരുമാനം ലോകാരോഗ്യ സംഘടന എടുത്തിരുന്നു.

Latest