Ongoing News
'അനാദരവിന്റെതായ യാതൊന്നുമില്ല'; ലോകകപ്പ് ട്രോഫിയില്‍ കാല്‍ കയറ്റിവച്ചതില്‍ പശ്ചാത്താപമില്ലാതെ മാര്‍ഷ്
അത് വീണ്ടും ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍, 'ഒരുപക്ഷേ ചെയ്‌തേക്കും' എന്നായിരുന്നു മാര്‍ഷിന്റെ മറുപടി.

മെല്‍ബണ്‍ | ലോകകപ്പ് ട്രോഫിയില്‍ കാല്‍ കയറ്റിവച്ച് ഇരുന്നതില്‍ തെല്ലും പശ്ചാത്താപമില്ലാതെ ആസ്‌ത്രേലിയന്‍ ഓള്‍റൗണ്ടര്‍ മിഷേല്‍ മാര്‍ഷ്. അതില്‍ അനാദരവിന്റെതായ ഒന്നുമില്ലെന്നും ആവര്‍ത്തിക്കാന്‍ മടിയില്ലെന്നും മാര്‍ഷ് വ്യക്തമാക്കി.
ഇത്തവണത്തെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി ആസ്‌ത്രേലിയന്‍ ടീം ആറാം ലോകകിരീടം നേടിയതിനു പിന്നാലെ മാര്‍ഷ് ട്രോഫിയില്‍ കാല്‍ കയറ്റി വച്ചിരിക്കുന്നതിന്റെ ഫോട്ടോ ടീം നായകന്‍ പാറ്റ് കമ്മിന്‍സ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.
‘അതില്‍ അനാദരവിന്റെതായ ഒന്നുമില്ല. അതേക്കുറിച്ച് കൂടുതലായൊന്നും ചിന്തിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ കൂടുതലൊന്നും സാമൂഹിക മാധ്യമങ്ങളില്‍ കണ്ടില്ല. അതിലൊരു കാര്യവുമില്ലെന്ന് സഹതാരങ്ങള്‍ പറയുകയും ചെയ്തു.’ – മാര്‍ഷ് പറഞ്ഞു.
ഡ്രസ്സിംഗ് റൂമില്‍ ലോകകപ്പ് കിരീടത്തിന് മുകളില്‍ ഇരു കാലുകളും കയറ്റിവെച്ച് ബിയര്‍ കുടിക്കുന്ന മാര്‍ഷിന്റെ ചിത്രമാണ് വിവാദമായത്. അത് വീണ്ടും ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍, ‘ഒരുപക്ഷേ ചെയ്‌തേക്കും’ എന്നായിരുന്നു മാര്‍ഷിന്റെ മറുപടി.
മാര്‍ഷ് നടത്തിയ അനാദരവിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി രംഗത്തെത്തിയിരുന്നു.
ഏതൊരു രാജ്യവും എടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്ന ആ കപ്പിനോട് മാര്‍ഷ് കാണിച്ച അനാദരവ് വേദനിപ്പിക്കുന്നതാണെന്ന് ഷമി മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. ‘ലോകകപ്പില്‍ കളിച്ച എല്ലാ രാജ്യങ്ങളും ആ കിരീടം എടുത്ത് തലക്ക് മുകളില്‍ ഉയര്‍ത്താന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ മാര്‍ഷ് ട്രോഫിക്കു മുകളില്‍ കാല്‍വെച്ചിരുന്നത് ഇഷ്ടമായില്ല. അദ്ദേഹം അത് ചെയ്യരുതായിരുന്നു.’ -ഷമി പറഞ്ഞു.