Connect with us

Kerala

'വേദിയില്‍ അടുത്തതായി അരങ്ങേറുന്നത്...മുഴങ്ങുന്ന ശബ്ദം വിളിച്ചോതുന്നു സംഘാടന മികവ്

ഏറ്റവും അത്യാധുനിക സംവിധാനത്തോടെ സജ്ജമാക്കിയ ശബ്ദ സംവിധാനത്തിന്റെയും അനൗണ്‍സര്‍മാരുടെയും മികവാണ് ഇവിടെ ആസ്വാദകരെ കോരിത്തരിപ്പിക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | പതര്‍ച്ചയോ അനാവശ്യ ബഹളങ്ങളോ ഇല്ലാതെ ഉച്ചത്തില്‍ വേദിയില്‍ മുഴങ്ങുന്ന ശബ്ദം സംഘാടനത്തിന്റെ മികവ് വിളിച്ചോതുകയാണ്. അറിയിപ്പുകള്‍, ഗാനങ്ങള്‍, നൃത്ത ചുവടുകള്‍, സംഗീതം തുടങ്ങിയവയെല്ലാം കലോത്സവ വേദികളെ ആവേശം കൊള്ളിക്കുന്ന രീതിയില്‍ ഒഴുകിപ്പരക്കുകയാണ്. ഏറ്റവും അത്യാധുനിക സംവിധാനത്തോടെ സജ്ജമാക്കിയ ശബ്ദ സംവിധാനത്തിന്റെയും അനൗണ്‍സര്‍മാരുടെയും മികവാണ് ഇവിടെ ആസ്വാദകരെ കോരിത്തരിപ്പിക്കുന്നത്.

പരാതികള്‍ക്ക് ഇടനല്‍കാതെ മികച്ചതും സൂക്ഷ്മവുമായ ശബ്ദ വെളിച്ച ക്രമീകരണമാണ് 24 വേദികളിലും ലൈറ്റ് ആന്‍ഡ് സൗണ്ട് കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. തത്സമയ ശബ്ദം ഉപയോഗിക്കുന്ന നാടകം, മോണോ ആക്ട്, മിമിക്രി, ഗാനാലാപന പടിപാടികള്‍ എന്നിവക്കും തബല, ചെണ്ട, പുല്ലാങ്കുഴല്‍ തുടങ്ങിയ വിവിധ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മത്സരങ്ങള്‍ക്കും ആധുനിക ശബ്ദ ക്രമീകരണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

രാവും പകലും ഒരുപോലെ പ്രകാശപൂരിതമാക്കുന്ന ലൈറ്റുകള്‍ കൊണ്ടൊരു വര്‍ണപൂരമാണ് കേരള കലോത്സവം. 24 വേദികള്‍, ഭക്ഷണശാല, കുട്ടികള്‍ക്കുള്ള 30 താമസസൗകര്യ സ്ഥലങ്ങള്‍,10 റിസര്‍വേഷന്‍ സെന്ററുകള്‍ എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട്. പ്രധാന വേദിയും ഭക്ഷണശാലയും വര്‍ണ ലൈറ്റുകള്‍ കൊണ്ട് ദീപാലംകൃതമാക്കി മനോഹര കാഴ്ചയാണ് ഒരുക്കിയിട്ടുള്ളത്.

കുട്ടികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി അവരുടെ കലകള്‍ അവതരിപ്പിക്കാനുള്ള സജ്ജീകരണങ്ങളാണ് വേദികളില്‍ ഒരുക്കിയിട്ടുള്ളതെന്നും പരാതികള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ഇടനല്‍കാതെ കേരള കലോത്സവം മികച്ച രീതിയില്‍ നടത്തുന്നതിനുള്ള എല്ലാവിധ സംവിധാനവും തയാറാക്കിയിട്ടുണ്ടെന്നും ലൈറ്റ് ആന്‍ഡ് സൗണ്ട് കമ്മിറ്റി കണ്‍വീനര്‍ ഹരീഷ് കടവത്തൂര്‍ പറഞ്ഞു.

പവലിയനുകള്‍, മീഡിയ സെന്ററുകള്‍, വിവിധ വേദികളിലെ പ്രദര്‍ശനങ്ങള്‍, ട്രോഫി പ്രദര്‍ശനം, വേദികളിലേക്കുള്ള വഴികള്‍, പാര്‍ക്കിങ്, മറ്റു സ്റ്റാളുകള്‍ എന്നിവിടങ്ങളിലെല്ലാം വെളിച്ചവും ശബ്ദ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

 

Latest