Connect with us

Kerala

'കേരള സ്റ്റോറി' സംഘ്പരിവാറിന്റെ അജണ്ട; ബഹിഷ്‌കരിക്കണം: മന്ത്രി സജി ചെറിയാന്‍

32,000 യുവതികളെ മതപരിവര്‍ത്തനം നടത്തി ഭീകരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു എന്നത് പച്ചക്കള്ളമാണ്. ഇത്തരം പ്രചാരണങ്ങള്‍ മതേതര വാദികളായ ജനങ്ങള്‍ തള്ളിക്കളയും.

Published

|

Last Updated

അമ്പലപ്പുഴ | ‘കേരള സ്റ്റോറി’ എന്ന സിനിമ സംഘ്പരിവാറിന്റെ അജണ്ടയാണന്നും നാട്ടില്‍ ഐക്യവും സമാധാനവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സിനിമ ബഹിഷ്‌കരിക്കണമെന്നാണ് സാംസ്‌കാരിക വകുപ്പിന് പറയാനുള്ളതെന്നും മന്ത്രി സജി ചെറിയാന്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ ഐക്യവും യോജിപ്പും തകര്‍ക്കുന്നതിനു വേണ്ടി കള്ളം പറയുകയാണ്. 32,000 യുവതികളെ മതപരിവര്‍ത്തനം നടത്തി ഭീകരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു എന്നത് പച്ചക്കള്ളമാണ്. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ മതേതര വാദികളായ, ചിന്തിക്കുന്ന ജനങ്ങള്‍ തള്ളിക്കളയും. ഒരു വര്‍ഗീയ കലാപം പോലും ഉണ്ടാകാത്ത കേരളത്തെ കലാപ കലുഷിതമാക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.

ചിത്രം കാണാതെ ജനം ബഹിഷ്‌ക്കരിക്കണം. ഏതെങ്കിലും ഒരു സമുദായത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഈ സര്‍ക്കാര്‍ അംഗീകരിക്കില്ല. ലൗ ജിഹാദ് നടക്കുന്നുണ്ടെന്നു പ്രചരിപ്പിക്കുന്നതും തെറ്റാണ്. മനുഷ്യനന്മക്കു വേണ്ടിയുള്ള ആശയങ്ങളാണ് പ്രചരിപ്പിക്കേണ്ടത്. സര്‍ക്കാര്‍ നിയമത്തിന്റെ വഴി നോക്കുന്നുണ്ട്. ഇവിടെ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇത്തരം നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.