National
കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലായി 21 കൊലപാതകങ്ങള്‍; കുപ്രസിദ്ധ ക്രിമിനല്‍ തിരുപ്പതിയില്‍ പിടിയില്‍
ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കേരള പോലീസ് രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു
തിരുപ്പതി | കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലായി 21 കൊലക്കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ തിരുപ്പതിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശിയായ അബ്ദുല്‍ അസീസ് (പി വിശ്വനാഥ്) ആന്ധ്രാപ്രദേശ് പോലീസിന്റെ പിടിയിലായത്.ഇയാളുടെ സഹായിയായ രാജമ്മ എന്ന സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി 21 കോലപാതക കേസുകളില്‍ പ്രതിയായ ഇയാള്‍ വര്‍ഷങ്ങളായി ഒളിവിലായിരുന്നു.ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്തശേഷം കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളുമായി കടന്നുകളയുകയുകയായിരുന്നു ഇയാളുടെ രീതി.
ആന്ധ്രാപ്രദേശില്‍ 11 കേസുകളിലും കര്‍ണാടകയില്‍ നാല് കേസുകളിലും കേരളത്തില്‍ ആറ് കേസുകളിലും അസീസ് പ്രതിയാണ്. 2018ല്‍ കേരളത്തില്‍ നടന്ന ഒരു കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ പോലീസുകാരെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
അന്നുമുതല്‍ കേരള പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ അസീസുണ്ട്. ഇതേത്തുടര്‍ന്ന് ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കേരള പോലീസ് രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.




