International
അമേരിക്കന്‍ ഉപരോധം അന്താരാഷ്ട്രാ സമ്പദ് വ്യവസ്ഥയെ മാത്രമേ ദോഷകരമായി ബാധിക്കൂ എന്ന് ഇറാന്‍
നിയമവിരുദ്ധമായ യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയോടുള്ള പ്രതികാരം വഴി ജയിക്കാനാകുമോ എന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഈ ചോദിച്ചു.
തെഹ്‌റാന്‍ | യുഎസ് ഉപരോധം ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന് ഇറാന്‍
തെഹ്‌റാന്‍ തങ്ങളുടെ തുറമുഖങ്ങളില്‍ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ ഉപരോധം അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥയെ മാത്രമേ ദോഷകരമായി ബാധിക്കൂ എന്ന് ഇറാന്‍ . യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തിനെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
നിയമവിരുദ്ധമായ യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയോടുള്ള പ്രതികാരം വഴി ജയിക്കാനാകുമോ എന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഈ ചോദിച്ചു. മൂക്ക് മുറിച്ച് മുഖം നശിപ്പിക്കുന്നത് എപ്പോഴെങ്കിലും പ്രയോജനകരമാകുമോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം, ഉപരോധ മേഖലയിലേക്ക് അടുക്കുന്ന ഇറാനിയന്‍ സൈനിക കപ്പലുകള്‍ക്കെതിരെയും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ നാവികസേന കടലിന്റെ അടിത്തട്ടിലാണ്, 158 കപ്പലുകള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. അവരുടെ കുറഞ്ഞ എണ്ണം ‘ഫാസ്റ്റ് അറ്റാക്ക് ഷിപ്പുകളെ’ മാത്രമാണ് ഞങ്ങള്‍ ആക്രമിക്കാത്തത്, കാരണം അവയെ വലിയ ഭീഷണിയായി ഞങ്ങള്‍ കണക്കാക്കുന്നില്ല,- ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
പാകിസ്ഥാനില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച ഈ ഉപരോധം തിങ്കളാഴ്ച രാവിലെ 10 ഓടെ നിലവില്‍ വന്നു.
ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ സമുദ്ര ഗതാഗതവും തടയുമെന്ന് യുഎസ് നാവിക സേന അറിയിച്ചു
ഇറാനിയന്‍ തീരപ്രദേശം മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ഉപരോധമെന്നും ഇറാനിയന്‍ തുറമുഖങ്ങളുമായും എണ്ണ ടെര്‍മിനലുകളുമായും ബന്ധപ്പെടുന്ന എല്ലാ കപ്പലുകള്‍ക്കും ഇത് ബാധകമാകുമെന്നും ബ്രിട്ടീഷ് റോയല്‍ നേവിയുമായി ബന്ധപ്പെട്ട യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാര്‍ തകരാനും വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ക്കും ഈ നീക്കം കാരണമായേക്കാമെന്നാണ് വിലയിരുത്തല്‍



