Kerala
നിതിന്‍ രാജിന്റെ മരണം: സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷന്‍
ആരോപണ വിധേയനായ അധ്യാപകന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍.
തിരുവനന്തപുരം | അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷന്‍. ആരോപണ വിധേയനായ അധ്യാപകന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി കോളജിലെ വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ പറഞ്ഞു.
ക്ലാസില്‍ ശാരീരിക അധിക്ഷേപവും കളിയാക്കലും മറ്റും പതിവാണ്. ഇതിനു പുറമെ, വിചിത്രമായ ശിക്ഷാരീതികളും നടപ്പിലാക്കിയിരുന്നുവെന്ന് വ്യക്തമായി. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തുമെന്നും ഷാജര്‍ അറിയിച്ചു.
നിതിന്‍ രാജിന്റെ മരണത്തില്‍ നേരത്തെ, ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപോര്‍ട്ട് കൈമാറണമെന്ന് ഡി ജി പിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. നിതിന്‍ രാജിന്റെ അസ്വാഭാവിക മരണം, വിദ്യാര്‍ഥി വായ്പയെടുത്തതായി പറയുന്ന ലോണ്‍ ആപ്പ് എന്നിവക്കെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
അതിനിടെ, കോളജിന് ഈ മാസം 15 വരെ അധികൃതര്‍ അവധി പ്രഖ്യാപിച്ചു. വിഷു അവധി എന്ന പേരിലാണ് പ്രഖ്യാപനം.




