National
ഡിജെ ശബ്ദം താങ്ങാനാകാതെ നവജാതശിശു ഹൃദയസ്തംഭനം മൂലം മരിച്ചു
ഘോഷയാത്രയ്ക്കിടെ വീടിന് മുന്നില്‍ ഡിജെ വാഹനം നിര്‍ത്തി മണിക്കൂറുകളോളം ഉച്ചത്തില്‍ പാട്ട് വെച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് കുടുംബം പറയുന്നു.
മീററ്റ്| ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ ഘോഷയാത്രയ്ക്കിടെ ഉച്ചത്തില്‍ ഡിജെ പാട്ട് വെച്ചതിനെത്തുടര്‍ന്ന് 20 ദിവസം മാത്രം പ്രായമുള്ള നവജാതശിശു മരിച്ചതായി പരാതി. ഉച്ചത്തിലുള്ള ശബ്ദം കേട്ടുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഘോഷയാത്രയ്ക്കിടെ വീടിന് മുന്നില്‍ ഡിജെ വാഹനം നിര്‍ത്തി മണിക്കൂറുകളോളം ഉച്ചത്തില്‍ പാട്ട് വെച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് കുടുംബം പറയുന്നു. ശബ്ദം കാരണം കുഞ്ഞ് കരയാന്‍ തുടങ്ങിയതോടെ വാഹനം മാറ്റണമെന്ന് കുടുംബാംഗങ്ങള്‍ സംഘാടകരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. തുടര്‍ന്ന് കുഞ്ഞിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു.
ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിജെ സൗണ്ട് സിസ്റ്റം ഘടിപ്പിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചശേഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Content Highlights: A 20-day-old baby in Ballia, Uttar Pradesh, allegedly died of a heart attack caused by deafening DJ music during a procession. Despite repeated pleas from the family, organizers refused to move the sound vehicle parked outside their home. Police have seized the DJ vehicle and launched an investigation.




