Uae
അമുസ്ലിം ആരാധനാലയങ്ങള്‍ക്ക് പുതിയ പെരുമാറ്റച്ചട്ടങ്ങള്‍; നിയമലംഘനങ്ങള്‍ക്കും പിഴകള്‍ക്കും വ്യവസ്ഥ
ആദ്യഘട്ടങ്ങളില്‍ താക്കീതും ചെറിയ പിഴകളും നല്‍കുമെങ്കിലും നിയമലംഘനം ആവര്‍ത്തിക്കുന്ന പക്ഷം വലിയ തുക പിഴയും താത്കാലിക പ്രവര്‍ത്തന വിലക്കും നേരിടേണ്ടി വരും.
അബൂദബി | യു എ ഇയിലെ അമുസ്ലിം ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ പെരുമാറ്റച്ചട്ടങ്ങളും പിഴകളും പ്രഖ്യാപിച്ചു. 2023-ലെ ഫെഡറല്‍ നിയമം നമ്പര്‍ 9-ഉം അതിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളും ലംഘിക്കുന്ന ആരാധനാലയങ്ങള്ക്കെതിരെയാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്. ആദ്യഘട്ടങ്ങളില്‍ താക്കീതും ചെറിയ പിഴകളും നല്‍കുമെങ്കിലും നിയമലംഘനം ആവര്‍ത്തിക്കുന്ന പക്ഷം വലിയ തുക പിഴയും താത്കാലിക പ്രവര്‍ത്തന വിലക്കും നേരിടേണ്ടി വരും. ചില കുറ്റങ്ങള്‍ക്ക് മൂന്നാം തവണത്തെ ലംഘനത്തിന് 750,000 ദിര്‍ഹം വരെ പിഴ ചുമത്താം.
പ്രധാന നിയമലംഘനങ്ങളും പിഴയും
ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തിക്കുക: ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തനം തുടരുന്ന ആരാധനാലയങ്ങള്‍ക്ക് ആദ്യ തവണ താക്കീതും രണ്ടാം തവണ 25,000 ദിര്‍ഹവും, മൂന്നാം തവണ 50,000 ദിര്‍ഹവും പിഴ ഈടാക്കും. നാലാം തവണയും ലംഘിച്ചാല്‍ മൂന്ന് മാസം വരെ പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്താം.
അംഗീകൃത സൂപ്പര്‍വൈസര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുക: കൗണ്‍സില്‍ നിര്‍ദേശിച്ച സൂപ്പര്‍വൈസര്‍ ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ ആദ്യ തവണ താക്കീതും തുടര്‍ന്ന് 5,000 ദിര്‍ഹം, 10,000 ദിര്‍ഹം എന്നിങ്ങനെ പിഴയും ലഭിക്കും.
യു എ ഇക്ക് പുറത്തുനിന്ന് സംഭാവനകള്‍ സ്വീകരിക്കുക: യു എ ഇക്ക് പുറത്തുള്ള വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ സംഭാവനകള്‍, സമ്മാനങ്ങള്‍, ധനസഹായം എന്നിവ സ്വീകരിക്കുന്നത് കുറ്റകരമാണ്. ഇതിന് ആദ്യ തവണ 1,00,000 ദിര്‍ഹവും രണ്ടാം തവണ 2,50,000 ദിര്‍ഹവും മൂന്നാം തവണ 5,00,000 ദിര്‍ഹവും പിഴ ചുമത്തും.
അനുമതിയില്ലാതെ വിദേശത്തേക്ക് ഫണ്ട് അയക്കുക: മുന്‍കൂര്‍ അനുമതിയില്ലാതെ സംഭാവനകളോ മറ്റ് ഫണ്ടുകളോ യു എ ഇക്ക് പുറത്തേക്ക് അയക്കുന്നവര്‍ക്ക് ആദ്യ മൂന്ന് തവണകളില്‍ യഥാക്രമം 50,000 ദിര്‍ഹം, 100,000 ദിര്‍ഹം, 250,000 ദിര്‍ഹം എന്നിങ്ങനെ പിഴ ലഭിക്കും.
വിദേശ മത സംഘടനകളുമായി ബന്ധം സ്ഥാപിക്കുക: വിദേശ രാജ്യങ്ങളിലെ മത സംഘടനകളുമായോ സ്ഥാപനങ്ങളുമായോ കൂട്ടായ്മകളുമായോ ബന്ധം സ്ഥാപിക്കുകയോ മീറ്റിംഗുകള്‍ നടത്തുകയോ ചെയ്താല്‍ ആദ്യ തവണ 250,000 ദിര്‍ഹം, രണ്ടാം തവണ 500,000 ദിര്‍ഹം, മൂന്നാം തവണ 750,000 ദിര്‍ഹം എന്നിങ്ങനെയാണ് പിഴ.
വിദേശ നയതന്ത്ര സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുക: ഏതെങ്കിലും രാജ്യത്തിന്റെ ഔദ്യോഗിക നയതന്ത്ര സ്ഥാപനങ്ങളുമായി ഔദ്യോഗികമായോ അനൗദ്യോഗികമായോ ബന്ധം സ്ഥാപിക്കുന്നതിന് ആദ്യ തവണ 250,000 ദിര്‍ഹം മുതല്‍ മൂന്നാം തവണ 750,000 ദിര്‍ഹം വരെ പിഴ ചുമത്തും.
അനുമതിയില്ലാതെ പുറത്ത് മതപരമായ ചടങ്ങുകള്‍ നടത്തുക: ആരാധനാലയത്തിന്റെ പരിധിക്കു വെളിയില്‍ പ്രാര്‍ഥനകളോ ചടങ്ങുകളോ സംഘടിപ്പിക്കുന്നതിന് ആദ്യ തവണ 100,000 ദിര്‍ഹം, രണ്ടാം തവണ 200,000 ദിര്‍ഹം, മൂന്നാം തവണ 400,000 ദിര്‍ഹം എന്നിങ്ങനെയാണ് പിഴ ഈടാക്കുക.
സംഭാവനകള്‍ ശേഖരിക്കുകയോ പരസ്യം ചെയ്യുകയോ ചെയ്യുക: ഓഡിയോ, പ്രിന്റ്, വിഷ്വല്‍, സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴിയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ സംഭാവനകള്‍ ശേഖരിക്കുന്നതും ഫണ്ടിംഗിനായി പരസ്യം ചെയ്യുന്നതും കുറ്റകരമാണ്. ഇതിന് ആദ്യ തവണ 100,000 ദിര്‍ഹം, രണ്ടാം തവണ 2,50,000 ദിര്‍ഹം, മൂന്നാം തവണ 5,00,000 ദിര്‍ഹം എന്നിങ്ങനെ പിഴ ചുമത്തും.
അനുമതിയില്ലാതെ പരിപാടികള്‍ സംഘടിപ്പിക്കുക: ആരാധനാലയത്തിനകത്ത് കോണ്‍ഫറന്‍സുകളോ സെമിനാറുകളോ മറ്റ് ഒത്തുകൂടലുകളോ അനുമതിയില്ലാതെയോ അനുവദനീയമായ പരിധികളില്‍ കവിഞ്ഞോ നടത്തിയാല്‍ ആദ്യ തവണ താക്കീതും തുടര്‍ന്ന് 15,000 ദിര്‍ഹം, 30,000 ദിര്‍ഹം എന്നിങ്ങനെയും പിഴ ലഭിക്കും.
മറ്റ് പ്രധാന വ്യവസ്ഥകള്‍: നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികാരികള്‍ നോട്ടീസ് നല്‍കും. ആരാധനാലയങ്ങള്‍ക്ക് മറുപടി നല്കാന് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ കുറ്റം ചെയ്തതായി കണക്കാക്കും. ചുമത്തപ്പെടുന്ന പിഴകള്‍ അന്തിമാനുമതി ലഭിച്ച് 30 ദിവസത്തിനകം അടയ്ക്കേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള പിഴ നടപടികളില്‍ പരാതിയുള്ള പക്ഷം തീരുമാനം ലഭിച്ച് 15 ദിവസത്തിനകം അധികാരികള്‍ക്ക് പരാതി സമര്‍പ്പിക്കാവുന്നതാണ്.
Content Highlights:The UAE government has enforced strict new regulations governing non-Muslim places of worship across the country. The cabinet resolution outlines 24 specific violations, including unauthorized foreign funding and unapproved external events. Offenders face heavy fines reaching up to 750,000 dirhams and temporary suspension.



