Connect with us

transplant to human

പത്ത് വർഷത്തിനിടെ 1,402 അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ

മുന്നിൽ കോഴിക്കോട് മെഡിക്കൽ കോളജ്

Published

|

Last Updated

മലപ്പുറം | സർക്കാർ കണക്ക് പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർ 1,402 പേരെന്ന് വിവരാവകാശ രേഖ. വിവരാവകാശ നിയമ പ്രകാരം ആരോഗ്യ വകുപ്പിൽ നിന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മൃതസഞ്ജീവനി പദ്ധതി പ്രകാരം 687 പേരും വിവിധ മെഡിക്കൽ കോളജുകൾ വഴി 715 പേരുമാണ് അവയവങ്ങൾ നൽകിയത്. മൃതസഞ്ജീവനി പദ്ധതിയിലൂടെ 58 പേർക്ക് ഹൃദയവും 261 പേർക്ക് കരളും 368 പേർക്ക് വൃക്കയും മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ പുതു ജീവൻ ലഭിച്ചു.

സംസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രികൾ വഴി ശസ്ത്രക്രിയക്ക് വിധേയരായ 715 പേരിൽ 707 പേർക്ക് വൃക്കയും ഏഴ് പേർക്ക് ഹൃദയവും ഒരാൾക്ക് കരളും പകുത്തു നൽകി
. 455 പേരെ വൃക്ക മാറ്റത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നതിൽ കോഴിക്കോട് മെഡിക്കൽ കോളജാണ് മുന്നിൽ. 139 പേർ കോട്ടയം, 98 തിരുവനന്തപുരം, 15 പേർ ആലപ്പുഴ മെഡിക്കൽ കോളജ് വഴിയും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരാൾക്ക് കരൾ മാറ്റ ശസ്ത്രക്രിയയും കോട്ടയം മെഡിക്കൽ കോളജിൽ ഏഴ് പേർക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തി. 2012 ആഗസ്റ്റിലാണ് മൃത സഞ്ജീവനി പദ്ധതി നിലവിൽ വന്നത്.

സ്വകാര്യ ആശുപത്രികളിലെ അവയവമാറ്റ ശസ്ത്രക്രിയകളുടെ കണക്കുകളും സർക്കാർ തലത്തിൽ സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയകൾക്ക് നിശ്ചയിച്ച് നൽകിയിട്ടുള്ള ഫീസ് എത്രയാണെന്നുമുള്ള ചോദ്യങ്ങൾക്ക് സംസ്ഥാന ആരോഗ്യവകുപ്പിൽ നിന്നും വിവരം ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചത്.

Latest