Connect with us

Kerala

ഡാറ്റാ എന്‍ട്രി ജോലിയുടെ പേരില്‍ 13.50 ലക്ഷം തട്ടി; രണ്ട് പേര്‍ അറസ്റ്റില്‍

മുംബൈയിലെ ഓശിവരാ എന്ന സ്ഥലത്ത് നിന്നാണ് ഇരുവരെയും സാഹസികമായി അറസ്റ്റ് ചെയ്തത്

Published

|

Last Updated

കല്‍പ്പറ്റ  | ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത് 13.50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ മുംബൈയില്‍ നിന്നും വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശികളായ ഹബീബുല്‍ ഇസ്്ലാം (25), അബ്ദുല്‍ ബാഷര്‍ (24) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഡോ അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസിന്റെ നിര്‍ദേശ പ്രകാരം വയനാട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിജീഷ് പി കെയുടെ നേതൃത്വത്തില്‍ എസ് സി പി ഒ സലാം കെ എ, സി പി ഒമാരായ ഷുക്കൂര്‍ പി എ, റിയാസ് എം എസ്, ജബലു റഹ്‌മാന്‍, വിനീഷ് സി എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്.

മുംബൈയിലെ ഓശിവരാ എന്ന സ്ഥലത്ത് നിന്നാണ് ഇരുവരെയും സാഹസികമായി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം സുല്‍ത്താന്‍ ബത്തേരി സ്വദേശിനിക്ക് ഓണ്‍ലൈന്‍ വഴി ഡാറ്റാ എന്‍ട്രി ജോലി നല്‍കി മാസം 35,000 രൂപ ശമ്പളം നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. മെയ്ക ്മൈട്രിപ്പ് എന്ന വ്യാജ കമ്പനിയുടെ പേരില്‍ ബന്ധപ്പെട്ട പ്രതികള്‍ യുവതിയെ കൊണ്ട് ഡാറ്റാ എന്‍ട്രി ജോലി ചെയ്യിപ്പിക്കുകയും തുടര്‍ന്ന് ശമ്പളം ലഭിക്കുന്നതിനായി രജിസ്ട്രേഷന്‍ ചാര്‍ജ്, വിവിധ നികുതികള്‍, പ്രോസസ്സിംഗ് ഫീ എന്നിവ അടക്കാന്‍ ആവശ്യപ്പെട്ട് തന്ത്രപൂര്‍വം 13.50 ലക്ഷത്തോളം രൂപയാണ് വിവിധ ബേങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ചത്. തട്ടിപ്പ് മനസ്സിലായതോടെ യുവതി സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബേങ്ക് അക്കൗണ്ടുകളും സംഘം ബന്ധപ്പെട്ട ഫോണുകളും മുംബൈയിലാണ് പ്രവൃത്തിക്കുന്നതെന്ന് മനസ്സിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ അന്വേഷണ സംഘം നവി മുംബൈയിലെത്തി ബേങ്ക് അക്കൗണ്ട് ഉടമകളായ രണ്ട് യുവാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് തട്ടിപ്പിന്റെ സൂത്രധരന്മാരെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചത്. ഇരുവരും സാമ്പത്തിക ഇടപാടുകളിലെ ഇടനിലക്കാര്‍ മാത്രമാണ്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിലാണ് പ്രതികളുടെ ആഡംബര കാര്‍ കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.

വിദ്യാസമ്പന്നരും മികച്ച ആശയവിനിമയ കഴിവും ഭാഷാപ്രാവീണ്യവുമുള്ള പ്രതികളുടെ ചതിയില്‍ പെടുന്നതും വിദ്യാസമ്പന്നരാണ്. മുഖ്യസൂത്രധാരനായ ഹബീബുല്‍ ഇസ്്ലാം നേരത്തെ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ എക്സികുട്ടീവായി പ്രവര്‍ത്തിച്ചിരുന്നു. അബ്ദുല്‍ ബാഷര്‍ ബിരുദാനന്തര ബിരുദമടക്കമുള്ള വിദ്യാസമ്പന്നനാണ്.
പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിവിധ ആളുകളെ സമാനമായ രീതിയില്‍ ഇവര്‍ വഞ്ചിച്ചതായി വ്യക്തമായിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിദേശത്ത് പോയി ആഡംബര ജീവിതം നയിക്കാനാണ് പ്രതികള്‍ ഉപയോഗിച്ചത്.
പ്രതികളില്‍ നിന്ന് ബി എം ഡബ്ല്യു കാര്‍, 5.35 ലക്ഷം രൂപ, ആറ് പവന്‍ സ്വര്‍ണാഭരണം, 13 മൊബൈല്‍ ഫോണുകള്‍, നിരവധി വ്യാജ സിം കാര്‍ഡുകള്‍, മൂന്ന് ലാപ്ടോപ്പ്, നിരവധി ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ്, ബേങ്ക് പാസ്സ് ബുക്ക്, ചെക്ക് ബുക്ക് എന്നിവയും പിടിച്ചെടുത്തു. കല്‍പ്പറ്റ സിജെഎം കോടതിയില്‍ ഹാജരാക്കി.
ജോലിക്കായി ഓണ്‍ലൈന്‍ വഴി ബന്ധപ്പെടുന്നവര്‍ ജാഗ്രത പാലിക്കേണ്ടതും പണം നല്‍കുന്നതില്‍ ശ്രദ്ധ ചെലുത്തേണ്ടതുമാണെന്ന് സൈബര്‍ പോലീസ് നിര്‍ദേശിച്ചു.

 

---- facebook comment plugin here -----

Latest