Connect with us

From the print

103.86 ദശലക്ഷം യൂനിറ്റ്: വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

ഉപഭോഗം കൂടുതലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കരുത്

Published

|

Last Updated

തിരുവനന്തപുരം | ചൂടിനൊപ്പം കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും. ചരിത്രത്തിലെ റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 103.86 ദശലക്ഷം യൂനിറ്റാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണ്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19 ന് രേഖപ്പെടുത്തിയ 102.99 ദശലക്ഷം യൂനിറ്റായിരുന്നു മുന്‍ റെക്കോര്‍ഡ്.

പീക്ക് സമയ ആവശ്യകതയും ഇന്നലെ സര്‍വകാല റെക്കോര്‍ഡിട്ടു. ഇന്നലെ വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെയുള്ള പീക്ക് സമയത്ത് എറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 5,301 മെഗാവാട്ട് ആയിരുന്നു. ഈ മാസം 21 ന് രേഖപ്പെടുത്തിയ 5,150 മെഗാവാട്ട് ആയിരുന്നു മുമ്പ് രേഖപ്പെടുത്തിയ ഉയര്‍ന്ന വൈദ്യുതി ആവശ്യകത. ഒരാഴ്ചയിലേറെയായി മിക്ക ദിവസങ്ങളിലും വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂനിറ്റിന് മുകളിലാണ്.

ഉപഭോഗം കൂടുമ്പോള്‍ അമിത വിലക്ക് വൈദ്യുതി പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വാങ്ങിയാണ് വിതരണം. 300 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്ക ദിവസങ്ങളിലും ഉയര്‍ന്ന വിലക്ക് വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്.

ഉപഭോഗം കൂടുതല്‍ വരുന്ന വൈകിട്ട് ആറ് മുതല്‍ 11 വരെയുള്ള സമയം എ സി, പമ്പ് സെറ്റ്, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി മുതലായ വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് വൈദ്യുതി മന്ത്രി അഭ്യര്‍ഥിച്ചു.

 

 

Latest