Connect with us

National

അര്‍ധസൈനിക വിഭാഗത്തിലെ വനിതാ ഉദ്യോഗസ്ഥരെ പീഡിപ്പിച്ചെന്ന കേസ്; സിആര്‍പിഎഫ് ഉന്നത ഉദ്യോഗസ്ഥനെ പിരിച്ചുവിടാനുള്ള നടപടിയെടുത്ത് കേന്ദ്രം

സിആര്‍പിഎഫ് നടത്തിയ അന്വേഷണത്തില്‍ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ ഖജന്‍ സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| അര്‍ധസൈനിക വിഭാഗത്തിലെ വനിതാ ഉദ്യോഗസ്ഥരെ പീഡിപ്പിച്ചെന്ന കേസില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിലെ (സിആര്‍പിഎഫ്) ഉന്നത ഉദ്യോഗസ്ഥനെ പിരിച്ചുവിടാനുള്ള നടപടിയെടുത്ത് കേന്ദ്ര സര്‍ക്കാര്‍. ഡിഐജി റാങ്കിലുള്ള മുന്‍ ചീഫ് സ്പോര്‍ട്സ് ഓഫീസറും അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഖജന്‍ സിങ്ങിനെതിരെയാണ് നടപടി. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ (യുപിഎസ്സി)ശിപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതിനു പിന്നാലെ ഖജന്‍ സിങിന് സിആര്‍പിഎഫ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. നിലവില്‍ മുംബൈയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.

സിആര്‍പിഎഫ് നടത്തിയ അന്വേഷണത്തില്‍ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ ഖജന്‍ സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഭ്യന്തര കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് സിആര്‍പിഎഫ് ആസ്ഥാനം സ്വീകരിച്ച് ആവശ്യമായ അച്ചടക്ക നടപടിക്കായി യുപിഎസ്സിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കൈമാറി. അതുപ്രകാരം യുപിഎസ്സിയും ആഭ്യന്തര മന്ത്രാലയവും ഖജന്‍ സിങ്ങിനെതിരെ പിരിച്ചുവിടല്‍ ഉത്തരവിറക്കിയതായി വൃത്തങ്ങള്‍ അറിയിച്ചു.

നോട്ടീസിന് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ ഖജന്‍ സിങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി ലഭിച്ച ശേഷം അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. രണ്ട് ആരോപണങ്ങളാണ് ഉദ്യോഗസ്ഥന്‍ നേരിടുന്നത്. ഒരു കേസിലാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. രണ്ടാമത്തേത് പുരോഗമിക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.