Connect with us

editorial

ആശങ്കകളില്ലാതെ അവർ പ്ലസ് വണ്ണിലേക്ക് പ്രവേശിക്കട്ടെ

കേരളം കൈവരിച്ച വിദ്യാഭ്യാസ മികവുകളുടെ പ്രകാശനമാണ് എസ് എസ് എൽ സി റിസൾട്ടിൽ കണ്ടത്. അതിന്റെ ശോഭ കെടുത്തിക്കളയുന്ന വിവാദങ്ങൾക്ക് വഴിവെക്കാതിരിക്കുക സർക്കാറിന്റെ ബാധ്യതയാണ്.

Published

|

Last Updated

എസ് എസ് എൽ സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 4,27,153 വിദ്യാർഥികൾ പരീക്ഷയെഴുതി. 4,25,563 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.69. മുൻവർഷത്തേതിൽ നിന്ന് 0.01 ശതമാനം കുറവ്. 71831 വിദ്യാർഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. 2023 ലേതിനേക്കാൾ 3227 വിദ്യാർഥികളുടെ വർധനയുണ്ടായിരിക്കുന്നു ഫുൾ എ പ്ലസിൽ. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും പാസ്സായ സ്‌കൂളുകളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ കുറവുണ്ടായിരിക്കുന്നു. 2023ൽ 2581 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടിയിരുന്നു. ഇത്തവണ 2474 ആയി കുറഞ്ഞു. വ്യത്യാസം 107.

എസ് എസ് എൽ സി പരീക്ഷയെ കഠിന കടമ്പയായി കണ്ടിരുന്ന കാലമല്ലിത്. എങ്കിലും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആധികൾക്ക് കുറവുണ്ടാകാറില്ല. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുകയെന്ന തലച്ചുമടുമായാണ് ഇക്കാലത്തും വിദ്യാർഥികൾ പരീക്ഷയെ അഭിമുഖീകരിക്കേണ്ടി വരുന്നത്. മാതാപിതാക്കൾ തന്നെയാണ് ഈ ഭാരം മക്കളുടെ തലയിൽ കയറ്റിവെക്കുന്നത്. എസ് എസ് എൽ സിക്ക് ശേഷം എന്ത് എന്നതിനെ പ്രതിയുള്ള രക്ഷിതാക്കളുടെ സ്വപ്നങ്ങളാണ് പലപ്പോഴും ഇവിടെ വില്ലനായി മാറുന്നത്. രക്ഷിതാവിന്റെയോ മാതാപിതാക്കളുടെയോ എന്തിന്, സമൂഹത്തിന്റെ തന്നെയോ സ്വപ്‌നങ്ങൾ തലയിലേറ്റേണ്ടവരല്ല വിദ്യാർഥികൾ. മക്കളെ അവരുടെ സ്വപ്‌നങ്ങൾ എത്തിപ്പിടിക്കാൻ വിടുകയാണ് അഭികാമ്യം.

അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചും മികവുകളെ അഭിനന്ദിച്ചും സമൂഹം കൂടെ നിൽക്കട്ടെ.
തങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങൾ മക്കൾ എത്തിപ്പിടിക്കട്ടെ എന്ന് രക്ഷിതാക്കൾ ചിന്തിക്കുന്നത് അപരാധമല്ല. പക്ഷേ അതിനുള്ള മാനസികവും ബൗദ്ധികവുമായ നിലവാരം മക്കൾക്കുണ്ടോ എന്ന് ഉറപ്പുവരുത്താതെയുള്ള സമ്മർദങ്ങൾ അവർക്ക് താങ്ങാൻ കഴിയില്ല.

രക്ഷിതാക്കൾ ആഗ്രഹിച്ച എണ്ണം എ പ്ലസുകൾ നേടിയില്ല എന്നത് മക്കളുടെ കുറവല്ല, രക്ഷിതാക്കളുടെ ആഗ്രഹത്തിന്റെ കുഴപ്പമാണ്. ഹയർ സെക്കൻഡറിയിൽ മകന്/മകൾക്ക് സയൻസ് ഗ്രൂപ്പിൽ പ്രവേശനം കിട്ടണം, എങ്കിലേ “ഉന്നതങ്ങളിൽ’ എത്തിപ്പെടാനാകൂ എന്ന മിഥ്യാധാരണക്കടിപ്പെട്ട എത്രയോ മാതാപിതാക്കളുണ്ട്. അവരുടെ കണ്ണിൽ കൊമേഴ്‌സും ഹ്യുമാനിറ്റീസും കൊള്ളരുതാത്ത കോഴ്‌സുകളാണ്. ഇത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രശ്‌നമല്ല, മലയാളി രക്ഷിതാക്കളുടെ മനസ്സിന്റെ വിഭ്രമാവസ്ഥയാണ്. ഇതിനാണ് അടിയന്തരമായി ചികിത്സ വേണ്ടത്.

അടുത്ത വർഷം മുതൽ ഹയർ സെക്കൻഡറിയിലേതു പോലെ എസ് എസ് എൽ സിയിലും പേപ്പർ മിനിമം രീതി ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്. വിജയത്തിന് എഴുത്തു പരീക്ഷയിൽ പ്രത്യേകം മാർക്ക് നേടുന്നതാണ് പേപ്പർ മിനിമം രീതി. 40 മാർക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയിൽ 12 മാർക്ക് നേടണം. 80 മാർക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കിൽ മിനിമം 24 മാർക്ക് വേണം. ഇതാണ് പേപ്പർ മിനിമം രീതി. എസ് എസ് എൽ സി വിദ്യാഭ്യാസത്തിന്റെ മികവ് വർധിപ്പിക്കാൻ ഈ രീതി സഹായകമാകും.

പരീക്ഷ അറ്റൻഡ് ചെയ്യുന്നവരെല്ലാം വിജയിക്കുന്നു എന്ന അവസ്ഥക്ക് മാറ്റം വരാനും പുതിയ രീതി സഹായകമാകും. അങ്ങനെയൊരു മാറ്റത്തിലേക്ക് പോകുന്നതിന് മുമ്പ് അധ്യാപകരെ എന്നതുപോലെ വിദ്യാർഥികളെ കൂടി ആലോചനയുടെ ഭാഗമാക്കണം. അവരുടെ മാനസികനില കൂടി പരിഗണിച്ചുള്ള പരിഷ്‌കരണമാണ് ഉണ്ടാകേണ്ടത്.

കേരളം കൈവരിച്ച വിദ്യാഭ്യാസ മികവുകളുടെ പ്രകാശനമാണ് എസ് എസ് എൽ സി റിസൾട്ടിൽ കണ്ടത്. അതിന്റെ ശോഭ കെടുത്തിക്കളയുന്ന വിവാദങ്ങൾക്ക് വഴിവെക്കാതിരിക്കുക സർക്കാറിന്റെ ബാധ്യതയാണ്. മലബാറിലെ ഹയർ സെക്കൻഡറി സീറ്റുകളെ ചൊല്ലിയുള്ള വിവാദങ്ങൾ, സമരങ്ങൾ എല്ലാ വർഷങ്ങളിലുമുണ്ടാകാറുണ്ട്. ഇത്തവണ ഫലം വരുന്നതിന് മുമ്പ് തന്നെ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചിരുന്നു സർക്കാർ. സർക്കാർ സ്‌കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനവും സീറ്റുകളാണ് വർധിപ്പിച്ചത്. ഇത് മലബാറിന്റെ അപര്യാപ്തതക്ക് പരിഹാരമാകുന്ന തീരുമാനമല്ല.

ഒരു ക്ലാസ്സ് റൂമിൽ അറുപതും എഴുപതും കുട്ടികൾ പഠിക്കേണ്ടി വരുന്ന സാഹചര്യം ആശാവഹമല്ല. ബാച്ചുകളിൽ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നത് വിദ്യാഭ്യാസത്തിന്റെ മികവിനെ ദോഷകരമായി ബാധിക്കും. മലബാറിന്റെ ഹയർ സെക്കൻഡറി പരിദേവനങ്ങൾ അവസാനിക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടത്. പക്ഷേ സർക്കാർ ഇതിനോട് പുറംതിരിഞ്ഞു നിൽക്കുകയാണ്. മലബാർ ജില്ലകളിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കില്ലെന്നാണ് ഇന്നലെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.

പുതിയ ബാച്ച് അനുവദിക്കുമ്പോൾ പുതിയ ക്ലാസ്സ് റൂമുകൾ ആവശ്യമായി വരും. ഓരോ ക്ലാസ്സിലേക്കും ആവശ്യമായ അധ്യാപകരെ നിയമിക്കേണ്ടി വരും. ഇത് സർക്കാറിന് കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് ഭയന്നാണ് പുതിയ ബാച്ചുകൾ അനുവദിക്കാത്തത്. മറ്റ് മേഖലകളിലെ ചെലവുകൾ കുറച്ചുകൊണ്ടുവന്ന് വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. പല ലോകരാജ്യങ്ങളും വാർഷിക ബജറ്റിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തുന്നത് വിദ്യാഭ്യാസത്തിന് വേണ്ടിയാണ്.

മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി കഴിഞ്ഞ വർഷം വിദ്യാഭ്യാസ മന്ത്രി വെളിപ്പെടുത്തിയിരുന്നു. 150 അധിക പ്ലസ് വൺ ബാച്ചുകൾ മലബാർ ജില്ലകളിൽ അനുവദിക്കണമെന്ന് വി കാർത്തികേയൻ കമ്മിറ്റി ശിപാർശ നൽകിയെങ്കിലും സർക്കാർ അംഗീകരിച്ചില്ല. ആഗ്രഹിക്കുന്ന കോഴ്‌സുകളിൽ പ്രവേശനം നേടാൻ കഴിയാത്ത ആയിരക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും മലബാർ ജില്ലകളിൽ ബാക്കിയാകുന്നത്. എന്തിന് ഞങ്ങളോട് ഈ അവഗണന എന്ന ചോദ്യം അവർ എല്ലാ കാലത്തും ഉന്നയിച്ചിട്ടുണ്ട്.

മധ്യകേരളത്തിലും തെക്കൻ കേരളത്തിലും പ്രവേശനം നേടാൻ കുട്ടികളില്ലാതെയും മിനിമം എണ്ണം കുട്ടികൾ തികയാതെയും ബാച്ചുകൾ ഒഴിഞ്ഞുകിടപ്പുണ്ടെന്ന് റിപോർട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ആ ബാച്ചുകൾ അധ്യാപകസഹിതം മലബാറിലേക്ക് ഷിഫ്റ്റ് ചെയ്യാൻ കഴിയുമെങ്കിൽ സർക്കാറിന് അധിക സാമ്പത്തിക ബാധ്യത വരാതെ തന്നെ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ.

Latest