First Gear
പുതുമയോടെ ടിഗോര്‍ ഇവി; ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ, വില 10 ലക്ഷത്തിനു താഴെ

ന്യൂഡല്‍ഹി | പെട്രോള്‍-ഡീസല്‍ കാറുകളില്‍ നിന്ന് ഇലക്ട്രിക് മോഡലുകളിലേക്ക് മാറുകയാണ് വാഹനപ്രേമികള്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ നിരവധി ഇലക്ട്രിക് കാറുകള്‍ വിപണിയിലിറക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ ടാറ്റയുടെ നെക്‌സോണ്‍ ഇവിയാണ്. നെക്‌സോണിനുശേഷം ടാറ്റയുടെ പുതുക്കിയ ടിഗോറും ഇലക്ട്രിക് വാഹനവിപണിയിലേക്കെത്തുകയാണ്.
സിപ്‌ട്രോണ്‍ സാങ്കേതികവിദ്യയുമായാണ് ടിഗോര്‍ രംഗത്തെത്തുന്നത്. ടിഗോര്‍ ഇവിയുടെ ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ടിഗോര്‍ ഇവിയ്ക്ക് കൂടുതല്‍ വേഗത്തിലുള്ള ചാര്‍ജിങ്, കൂടുതല്‍ മൈലേജ്, സുരക്ഷയ്ക്കായി ഇരട്ട എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, പവര്‍ വിന്‍ഡോകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഫ്രണ്ട് സീറ്റ്‌ബെല്‍റ്റ് അലര്‍ട്ട്, സ്പീഡ് അലര്‍ട്ട് എന്നിവയുണ്ടായിരിക്കും. കൂടാതെ ഇലക്ട്രിക് അസന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും ടിഗോര്‍ ഇവിയുടെ സവിശേഷതകളാണ്.
ഫ്രണ്ട് ബമ്പറുമായി സംയോജിപ്പിച്ച എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, അലോയ് വീലുകളില്‍ ഇലക്ട്രിക് ബ്ലൂ ആക്‌സന്റുകള്‍ എന്നിവയുമുണ്ടാകും. ടിഗോര്‍ ഇവിയുടെ ഇലക്ട്രിക് മോട്ടോറിന് 120 ബി എച്ച് പി കരുത്തും 240 എന്‍ എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുമുണ്ടായിരിക്കും. ടാറ്റാ ടിഗോര്‍ ഇവി അടിസ്ഥാന മോഡലിന്റെ വില 10 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.