Oddnews
കൊക്കകോള തടാകം; വെള്ളത്തിന് ഇരുണ്ട നിറം, നീന്തിത്തുടിക്കാന്‍ സഞ്ചാരികളുടെ ഒഴുക്ക്

ബ്രസീലിയ | ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡെല്‍ നോര്‍ട്ടെയില്‍ സ്ഥിതിചെയ്യുന്ന ഒരു തടാകത്തിന് ഏറെ പ്രത്യേകതയുണ്ട്. തടാകത്തിന്റെ പേരും വെള്ളവും പോലും വളരെയധികം വ്യത്യസ്തമാണ്. കൊക്കകോള തടാകമെന്നാണ് ഇത് അറിയപ്പെടുന്നത്. തടാകത്തിലെ വെള്ളത്തിന് കൊക്കോകോളയുടെ അതേ നിറമാണുള്ളത്. ഇത് കൊക്കകോള ലഗൂണ്‍ എന്നും അറിയപ്പെടുന്നു. തടാകത്തില്‍ നീന്തിത്തുടിക്കുമ്പോള്‍ വെള്ളത്തിന് പകരം കൊക്കകോളയില്‍ നീന്തുന്ന അനുഭവമാണെന്ന് യാത്രികര്‍ പറയുന്നു. സാധാരണയായി വേനല്‍ക്കാലത്ത് നിരവധി ആളുകള്‍ ചൂടില്‍ നിന്ന് മോചനം തേടിയാണ് ഇവിടെയെത്തുന്നത്.
വെള്ളത്തിന് പച്ചയും, നീലയും നിറങ്ങള്‍ കാണുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ തടാകത്തിലെ വെള്ളത്തിന് ഇരുണ്ട നിറം എങ്ങനെ ലഭിക്കുന്നു എന്നതിനെക്കുറിച്ച് ആളുകള്‍ക്ക് സംശയമായിരുന്നു. അതിനുള്ള ഉത്തരവും ഇപ്പോള്‍ ലഭിച്ചു. അയഡിന്റെയും ഇരുമ്പിന്റെയും സാന്ദ്രതയും തീരത്തിനടുത്തുള്ള റീഡുകളുടെ പിഗ്മെന്റേഷനും ചേര്‍ന്നാണ് വെള്ളത്തിന് ഈ നിറം ലഭിച്ചതെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ആഴം കുറഞ്ഞ തടാകമാണിതെന്ന പ്രത്യേകതയുമുണ്ട്. വെള്ളത്തിന് ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്നും ആളുകള്‍ വിശ്വസിക്കുന്നതുകൊണ്ട് വേനല്‍ക്കാലത്ത് ഇവിടേയ്ക്ക്
സഞ്ചാരികളുടെ ഒഴുക്കാണ്.