Connect with us

National

ഇന്ത്യ ഉള്‍പ്പെടെ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഉഷ്ണതരംഗങ്ങളും ചുഴലിക്കാറ്റും വര്‍ധിക്കും: ഐ പി സി സി റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | ഇനി വരുന്ന പതിറ്റാണ്ടുകളില്‍ ഇന്ത്യ ഉള്‍പ്പെടെ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്ന് ഐ പി സി സി റിപ്പോര്‍ട്ട്. ഇന്ത്യയിലും ഉപഭൂഖണ്ഡത്തിലും ഉഷ്ണതരംഗങ്ങളും വരള്‍ച്ചയും കൂടുതല്‍ മഴയും ചുഴലിക്കാറ്റുകളുമുണ്ടാകുവാനും സാധ്യതയുണ്ടെന്നാണ് അന്തര്‍ സര്‍ക്കാര്‍ സമിതിയുടെ (ഐ പി സി സി) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഐ പി സി സി വര്‍ക്കിംഗ് ഗ്രൂപ്പ് 1 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ലോകനേതാക്കള്‍ക്ക് അവരുടെ നയങ്ങള്‍ അറിയിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുന്നതിനും രൂപവത്കരിച്ചിട്ടുള്ളതാണ് ഐ പി സി സി. 60ലധികം രാജ്യങ്ങളില്‍ നിന്നുള്ള 234  ശാസ്ത്രജ്ഞരില്‍ നിന്നുള്ള അഞ്ച് വര്‍ഷത്തെ വിലയിരുത്തലും എഴുത്ത്, അവലോകനം എന്നിവയും അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 195 സര്‍ക്കാറുകളുമായി സഹകരിച്ച് ശാസ്ത്രജ്ഞര്‍ അന്തിമരൂപം നല്‍കിയ പഠനമാണിത്.

ആറാം വിശകലന റിപ്പോര്‍ട്ടിലെ “ക്ലൈമറ്റ് ചെയ്ഞ്ച് 2021: ഫിസിക്കല്‍ സയന്‍സ് ബേസിസ്,” എന്ന പേരിലുള്ള ആദ്യ ഭാഗത്താണ് ഇന്ത്യയടക്കമുള്ള മേഖലകളിലുണ്ടാകാന്‍ സാധ്യതയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. വേനല്‍ക്കാല മഴയും വര്‍ധിക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു പഠിക്കുന്ന ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് എന്ന കോണ്‍ഗ്ലേവിന്റേതാണ് ഈ റിപ്പോര്‍ട്ട്.

Latest