National
വാഹനം ഇടിച്ചു നിര്‍ത്താതെ പോകുന്ന കേസുകളില്‍ മരണപ്പെട്ടാല്‍ ഇനി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം

ന്യൂഡല്‍ഹി | റോഡ് അപകടങ്ങളില്‍ വാഹനം ഇടിച്ച് നിര്‍ത്താതെപോകുന്ന കേസുകളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിച്ച് കേന്ദ്രം. നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ നല്‍കണമെന്നാണ് സര്‍ക്കാറിന്റെ തീരുമാനം. നിലവില്‍ 25,000 രൂപയാണ് മരിച്ചയാള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുക. ഗുരുതര പരിക്കുപറ്റിയ കേസുകളില്‍ 50,000 രൂപ നഷ്ടപരിഹാരത്തുകയായി കൊടുക്കണമെന്നുമാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചട്ടം തയ്യാറായിട്ടുണ്ടെന്നും അധികം വൈകാതെ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറക്കുമെന്നും ഗതാഗതമന്ത്രാലയം അറിയിച്ചു.
കൂടാതെ ഇടിച്ച വാഹനവും വാഹന ഉടമയേയും തിരിച്ചറിഞ്ഞാല്‍ നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷമായി ഉയരുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ടരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും വേണം. ഇന്‍ഷുറന്‍സ് കമ്പനികളാണ് പണം നല്‍കേണ്ടത്. 2019ല്‍ രാജ്യത്ത് വാഹനം ഇടിച്ച് നിര്‍ത്താതെ പോകുന്ന അപകടങ്ങളില്‍ 29,354 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് കണക്കുകള്‍.