Connect with us

Kerala

പ്രമുഖരെ ഉള്‍പ്പെടുത്തി ഓണക്കിറ്റ് വിതരണോദ്ഘാടനം നടത്തണം; വിവാദമായി സര്‍ക്കുലര്‍

Published

|

Last Updated

തിരുവനന്തപുരം | ഓണക്കിറ്റ് വിതരണോദ്ഘാടനം പ്രമുഖരെ ഉള്‍പ്പെടുത്തി എല്ലാ റേഷന്‍ കടകളിലും നടത്തണമെന്ന ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം വിവാദമായി. നാളെ എട്ടരയ്ക്ക് എല്ലാ കടകളിലും ഉദ്ഘാടനം നടത്തണമെന്നും കിറ്റ് വിതരണത്തിന്റെ ഫോട്ടോ എടുക്കണമെന്നും പോസ്റ്റര്‍ പതിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നിര്‍ദേശം പാലിക്കില്ലെന്ന് ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കി. അതേസമയം ഉദ്ഘാടനം നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സുതാര്യത ഉറപ്പാക്കാനാണ് പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന് പറഞ്ഞതെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.

ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി നിര്‍വഹിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാദത്തിന് ഇടയാക്കിയ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും അയച്ചുകൊടുത്തത്. എം പി, എം എല്‍ എ അല്ലെങ്കില്‍ പഞ്ചായത്ത് അംഗം വരെയുള്ള പ്രമുഖര്‍ ആരെയെങ്കിലും ഉദ്ഘാടകനാക്കണമെന്നും പോസ്റ്റര്‍ ഒട്ടിച്ചതിന് മുന്നില്‍ കിറ്റ് നല്‍കുന്ന ഫോട്ടോ എടുത്ത് ഉദ്യോഗസ്ഥരുടെ വാട്‌സ് അപ്പ് ഗ്രൂപ്പിലിടണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിനു പുറമെ, തിരഞ്ഞെടുത്ത ഫോട്ടോക്ക് പാരിതോഷികവും പ്രഖ്യാപിച്ചു.