Connect with us

National

ഝാര്‍ഖണ്ഡ് ജഡ്ജിയുടെ സംശയാസ്പദ അപകട മരണം; പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Published

|

Last Updated

ആളൊഴിഞ്ഞ റോഡിന്റെ അരികിലൂടെ നടന്നുപോകുന്ന ജഡ്ജിക്ക് (വൃത്തത്തിൽ) നേരെ വാഹനം വരുന്നു. ജഡ്ജിയെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോകുന്നു

ധൻബാദ് | ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയും ജില്ലാ ജഡ്ജിയുമായ ഉത്തം ആനന്ദ് സംശയാസ്പദ നിലയിൽ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പ്രഭാത സവാരിക്കിടെയാണ് ആളൊഴിഞ്ഞ റോഡിൽ വാഹനമിടിച്ച് സാരമായി പരുക്കേറ്റ ഉത്തം ആനന്ദ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ജഡ്ജിയെ ഇടിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു. ഡ്രൈവറടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തതായി വിവരമുണ്ട്.

ദൃക്‌സാക്ഷികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ ഏഴോടെ ആനന്ദ് വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ കുടുംബം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലുള്ള മൃതദേഹം ജഡ്ജിയുടെ ഡ്രൈവര്‍ തിരിച്ചറിഞ്ഞു.

വിവാദമായ ചില കൊലപാതങ്ങളില്‍ ഉള്‍പ്പെട്ട ഉത്തര്‍ പ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിലുള്‍പ്പെട്ടവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഇദ്ദേഹം തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ കൊലപാതകമെന്ന് അന്വേഷിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വാഹനമിടിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ദുരൂഹത ഉയർത്തുന്നതാണ് ഈ ദൃശ്യങ്ങൾ.

ഈ സംഭവം മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ് സുപ്രീം കോടതി മുമ്പാകെ ഉന്നയിച്ചിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റേയും പിന്നീട് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ ബഞ്ചിന് മുന്നിലും അവതരിപ്പിച്ചു. താന്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചെന്നും അദ്ദേഹം കേസ്‌ ഏറ്റെടുക്കുമെന്നും എന്‍ വി രമണ അറിയിച്ചു. സംഭവത്തിന്റെ സി സി ടി വി ദൃശ്യം:

Latest