Connect with us

Editorial

ബേങ്ക് തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കുന്നത് രാഷ്ട്രീയ സ്വാധീനം

Published

|

Last Updated

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസില്‍ കടുത്ത നടപടിയിലേക്ക് നീങ്ങിയിരിക്കുന്നു സി പി എം. തട്ടിപ്പുമായി ബന്ധപ്പെട്ട് ബേങ്ക് ഭരണ സമിതി പ്രസിഡന്റടക്കം നാല് പാര്‍ട്ടി നേതാക്കളെ തിങ്കളാഴ്ച ചേര്‍ന്ന സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗം പുറത്താക്കി. രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. മുതിര്‍ന്ന നേതാക്കളായ മുന്‍ സഹകരണ മന്ത്രി എ സി മൊയ്തീന്‍, ജില്ലാ സെക്രട്ടറി ബേബി ജോണ്‍, പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗം പി കെ ബിജു എന്നിവര്‍ക്കെതിരെയും താമസിയാതെ നടപടിയുണ്ടാകുമെന്നാണ് സൂചന. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര ക്രമക്കേട് ചൂണ്ടിക്കാണിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നത് ഉള്‍പ്പെടെ കടുത്ത വിമര്‍ശമാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നത്.
104.37 കോടിയുടെ ക്രമക്കേടാണ് ബേങ്കില്‍ നടന്നതെന്നാണ് സഹകരണ മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചത്. എന്നാല്‍ 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. വായ്പ നല്‍കിയ വസ്തുക്കളില്‍ തന്നെ വീണ്ടും വായ്പ, ക്രമം തെറ്റിച്ച് മറ്റു അക്കൗണ്ടുകളിലേക്ക് പണം മാറ്റല്‍, ബിനാമി ഇടപാടുകള്‍, നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുക്കല്‍, ഇല്ലാത്ത ഭൂമി ഈടുവെപ്പ് തുടങ്ങി വിവിധ മാര്‍ഗേണയാണ് തട്ടിപ്പ് നടന്നത്. 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി വരെ കണ്ടെത്തിയിട്ടുണ്ട്. ബേങ്ക് സെക്രട്ടറി ഉള്‍പ്പെടെ ആറ് പേരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ക്ക് വിവിധ ബേങ്കുകളിലായി ഏഴിലധികം അക്കൗണ്ടുകള്‍ ഉള്ളതായും വ്യാജ വായ്പാ രേഖകള്‍ സൂക്ഷിക്കുന്നതിന് ബേങ്കില്‍ പ്രത്യേക ലോക്കറുകള്‍ സംവിധാനിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. സി പി എം നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ബേങ്കിന്റെ തലപ്പത്ത്. ഭരണ സമിതിക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് സമിതി പിരിച്ചുവിട്ടിരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും രംഗത്തു വന്നിട്ടുണ്ട്. ബേങ്കില്‍ വിദേശത്ത് നിന്ന് പണമെത്തിയതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇ ഡിയുടെ ഇടപെടല്‍.

ബേങ്കിനെതിരായ പാര്‍ട്ടി നടപടി വല്ലാതെ വൈകിപ്പോയെന്ന് ആരോപണമുണ്ട്. ക്രമക്കേട് നടക്കുന്നതായുള്ള നിക്ഷേപകരുടെ പരാതി 2019ല്‍ പുറത്തു വന്നിട്ടുണ്ട്. രജിസ്ട്രാര്‍തല അന്വേഷണത്തില്‍ കോടികളുടെ തട്ടിപ്പ് കണ്ടെത്തുകയും ചെയ്തു. സഹകരണ വകുപ്പ് 2019ലും 2020ലും ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് 121 സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തതായി 2019 നവംബറില്‍ അന്നത്തെ സഹകരണ മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആ സ്ഥാപനങ്ങളുടെ പട്ടികയില്‍ കരുവന്നൂര്‍ ബേങ്കും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പേരിനൊരു കേസെടുത്തതല്ലാതെ ബേങ്ക് ഭരണ സമിതിക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. അസി. രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു അസി. മാനേജറെ സസ്‌പെന്‍ഡ് ചെയ്തു. മറ്റുള്ള ഉദ്യോഗസ്ഥരെയും ഭരണ സമിതിയെയും അതേപടി തുടരാന്‍ അനുവദിക്കുകയും ചെയ്തു. സഹകരണ മേഖലയില്‍ പിടിമുറുക്കാന്‍ കേന്ദ്രം നീക്കം നടത്തിക്കൊണ്ടിരിക്കെ, സി പി എം ശക്തികേന്ദ്രങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകരുന്നത് കേന്ദ്ര നടപടിക്ക് ആക്കം കൂട്ടുമെന്ന ആശങ്ക മൂലമാണ് ഇപ്പോഴെങ്കിലും കര്‍ശന നടപടികള്‍ക്ക് തയ്യാറായതെന്നാണ് വിലയിരുത്തപ്പെടുന്നത്. അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്രം പുതിയ സഹകരണ വകുപ്പ് ഉണ്ടാക്കിയതു തന്നെ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനാണെന്നാണ് സി പി എം കേരള ഘടകം പറയുന്നത്.

അതിനിടെ തൃശൂര്‍ ജില്ലയിലെ തന്നെ മറ്റു ചില സഹകരണ ബേങ്കുകളുടെ തട്ടിപ്പ് വിവരവും കഴിഞ്ഞ ദിവസം പുറത്തു വന്നു. മൂസ്‌പെറ്റ്, കാരമുക്ക് സഹകരണ ബേങ്കുകളിലാണ് ക്രമക്കേട് നടന്നത്. ഭരണ സമിതി അംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് വന്‍ തട്ടിപ്പ് നടത്തിയതായാണ് അസി. രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. പത്തനംതിട്ട കടമ്പനാട് സര്‍വീസ് സഹകരണ ബേങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ മുന്‍ ബേങ്ക് സെക്രട്ടറിയും അസി. സെക്രട്ടറിയും പോലീസ് പിടിയിലായത് ഒരാഴ്ച മുമ്പാണ്. നാല് വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള ഈ ബേങ്കിലെ ക്രമക്കേട് പുറത്തുവന്നത്. വിവിധ രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിലാണ് സംസ്ഥാനത്തെ സഹകരണ ബേങ്കുകളത്രയും. പ്രാദേശിക പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമായിരിക്കും ഭരണ സമിതിയിലും ജീവനക്കാരിലും ബഹുഭൂരിഭാഗവും. സഹകരണ സംഘങ്ങളില്‍ നിയമനം സഹകരണ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാക്കിയിട്ടുണ്ടെങ്കിലും അവിടെയും പാര്‍ട്ടികളുടെ സ്വാധീനം ശക്തമാണ്. ഇങ്ങനെ എല്ലാം ഒരു പാര്‍ട്ടിയുടെ നിയന്ത്രണത്തിലാകുമ്പോള്‍, മതിയായ ഈടോ രേഖകളോ ഇല്ലാത്ത വായ്പാ അപേക്ഷകള്‍ അനുവദിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് സമ്മര്‍ദമുണ്ടാകുന്നു. ഇതാണ് പലപ്പോഴും ക്രമക്കേടുകള്‍ക്ക് വഴിയൊരുക്കുന്നത്.
മിക്കവാറും ഇത്തരം തട്ടിപ്പു കേസുകളിലെ പ്രതികള്‍ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്താല്‍ രക്ഷപ്പെടും. ബേങ്കിലെ നിക്ഷേപകരാണ് പ്രയാസത്തിലാകുന്നത്. വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമാണ്, സുരക്ഷിതമായി സൂക്ഷിക്കാവുന്ന ഇടമെന്ന വിശ്വാസത്തില്‍ ബേങ്കില്‍ നിക്ഷേപിക്കുന്നത്. കരുവന്നൂര്‍ ബേങ്ക് തട്ടിപ്പുകാരായ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നുണ്ടെങ്കിലും അത് നിക്ഷേപകരുടെ വിഹിതം തിരിച്ചു കൊടുക്കാന്‍ ഒട്ടും തികയില്ല. പ്രതികള്‍ സ്വന്തം പേരിലല്ല മറ്റുള്ളവരുടെ പേരിലാണ് അടിച്ചെടുത്ത പണം കൊണ്ട് സ്വത്ത് വാങ്ങിക്കൂട്ടിയതും ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചതും. തകര്‍ന്നടിഞ്ഞ ഈ ബേങ്കിനെ ഇനി രക്ഷപ്പെടുത്താനുള്ള മാര്‍ഗം ബേങ്കിന് ആവശ്യമായ തുകയുടെ ഒരു ഭാഗം കേരള ബേങ്കില്‍ നിന്ന് വായ്പയെടുക്കുകയും ബേങ്കിന്റെ സാമ്പത്തിക നിയന്ത്രണം കേരള ബേങ്കിന് കൈമാറുകയും ചെയ്യുകയെന്നതാണ്. തിരുവനന്തപുരം, കാസര്‍കോട്, മാവേലിക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ചില സഹകരണ സംഘങ്ങള്‍ക്ക് കേരള ബേങ്ക് പണം നല്‍കി സാമ്പത്തിക നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. സമാന നടപടി പ്രതീക്ഷിച്ചിരിക്കുകയാണ് കരുവന്നൂര്‍ ബേങ്കിലെ നിക്ഷേപകര്‍.

Latest