Connect with us

Malappuram

മലപ്പുറത്തെ ഉപരിപഠന പോരായ്മകൾ: മുസ്‌ലിം ജമാഅത്ത് നേതാക്കൾ മന്ത്രിയുമായി ചർച്ച നടത്തി

Published

|

Last Updated

മലപ്പുറം | ജില്ലയിലെ ഉപരിപഠന രംഗത്ത് നിലനില്‍ക്കുന്ന പോരായ്മകളിൽ സർക്കാറിൽ നിന്നും അടിയന്തിര പരിഹാരമാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത്  ഭാരവാഹികള്‍ ജില്ലയുടെ ചുമതലയുള്ള  കായിക, വഖഫ് , ഹജ്ജ് കാര്യ മന്ത്രി വി അബ്ദുർറഹ്മാനുമായി ചർച്ച നടത്തി. വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വിജയികളുള്ള ജില്ലയിൽ വിദ്യാർഥികളുടെ ആഗ്രഹത്തിനനുസരിച്ച് തുടർ പഠനത്തിനുള്ള സീറ്റുകളോ ബാച്ചുകളോ നിലവിൽ ലഭ്യമല്ല.

ജില്ലയിൽ  75,554 വിദ്യാർഥികളാണ് എസ് എസ് എൽ സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയത്. നിലവിൽ സർക്കാർ, എയ്ഡഡ് മേലകളിലായി 44,000 സീറ്റുകൾ മാത്രമാണുള്ളത്.  സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 11,000 സീറ്റുകൾ കൂട്ടിയാൽ തന്നെ 55,000 മാത്രമാണുണ്ടാകുക. അവസ്ഥ ഇതായിരിക്കെ കേവലം പത്തോ ഇരുപതോ ശതമാനം സീറ്റു വർധനയുണ്ടായാലും 22,329  കുട്ടികൾക്കും ഉപരിപഠന സാധ്യത ലഭിക്കില്ല.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ കുട്ടികളും മലപ്പുറത്താണ്. സ്വാഭാവികമായും കൂടുൽ സയൻസ് ബാച്ച് ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടും. സി ബി എസ് ഇ പത്താം ക്ലാസ് വിജയിച്ച കുട്ടികളും സ്റ്റേറ്റ് സിലബസിൽ അപേക്ഷിച്ചാൽ സീറ്റുകളുടെ കുറവ് ഇനിയും വർധിക്കും.

ഇതിനൊരു പരിഹാരമായി ജില്ലയിൽ ഹൈസ്കൂളുകളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ആർ എം എസ് എ സ്കൂളുകൾ ( 22 എണ്ണം) ഉൾപ്പെടെയുള്ള മുഴുവൻ ഗവൺമെന്റ് സ്കൂളുകളിലും സൗകര്യമുള്ള അംഗീകൃത അൺ എയ്ഡഡ് ഹൈസ്കൂളുകളിലും ഹയർ സെക്കണ്ടറി ബാച്ചുകൾ  ഏർപ്പെടുത്താനുള്ള സ്പെഷൽ പാക്കേജ് പ്രഖ്യാപിച്ചു നടപ്പിലാക്കണം. മറ്റു ജില്ലകളിൽ വർഷങ്ങളായി പൂർണമായും പ്രവേശനം നൽകപ്പെടാത്ത ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റിയാൽ സർക്കാറിന് അധിക ബാധ്യത ഇല്ലാതെ തന്നെ ഇക്കാര്യം നടപ്പാക്കാവുന്നതാണ്.

മേൽ ആവശ്യങ്ങൾ  വിദ്യാർഥികൾക്ക് പ്രയോജനപ്പെടണമെങ്കിൽ ഒന്നാം ഘട്ട അലോട്ട്മെന്റ് വരുന്നതിനു മുമ്പ് തന്നെ ഇക്കാര്യത്തിൽ ഉത്തരവുകൾ ഉണ്ടാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ല, സോൺ ഡിവിഷൻ നേതാക്കളായ സയ്യിദ് ജലാലുദ്ധീൻ ജീലാനി, അബ്ദുൽ കരീം ഹാജി താനൂർ, മുഹമ്മദ് കുട്ടി തിരൂർ, ഹമ്മാദ് അബ്ദുല്ല, സിറാജുദ്ധീൻ, അശ്റഫ് സഖാഫി, നൗഫൽ താനൂർ ചർച്ചയിൽ പങ്കെടുത്തു.