Connect with us

Kerala

സംസ്ഥാനത്ത് ആന്റി നാറ്റല്‍ ട്രൈബല്‍ ഹോമുകള്‍ തുടങ്ങും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവല്ല | വയനാട്ടിലെ ആദിവാസി സമൂഹത്തിന് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് ബത്തേരിയിലും വൈത്തിരിയിലും ആന്റി നാറ്റല്‍ ട്രൈബല്‍ ഹോമുകള്‍ തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടൂര്‍ ജനറല്‍ ആശുപത്രിയിലെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗം ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

6,14,000 രൂപ ചെലവഴിച്ചാണ് ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ക്ക് കുടുംബസമേതം താമസിച്ച് പ്രസവ ശുശ്രൂഷ ലഭിക്കുന്ന കേന്ദ്രങ്ങള്‍ തയ്യാറാക്കിയത്. ഇതിനോടൊപ്പം 20 ലക്ഷം രൂപ ചെലവഴിച്ച് മാനന്തവാടിയില്‍ ടി ബി കേന്ദ്രവും ആരംഭിക്കുകയാണ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയതിന്റെ ഗുണം നാട് അറിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിച്ചു. വൈകുന്നേരം വരെ ഒ പി സംവിധാനം നിലവില്‍ വന്നു. ലാബുള്‍പ്പെടെ മികച്ച പരിശോധനാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി. ഇതോടെ ഇവിടങ്ങളില്‍ നല്ല തോതില്‍ ആളുകള്‍ ചികിത്സയ്‌ക്കെത്തുന്നു. വിദഗ്ധ ചികിത്സ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നല്‍കാന്‍ കഴിയുന്നു എന്നതാണ് വലിയ പ്രത്യേകത. അപ്രതീക്ഷിതമായി നാട്ടില്‍ ആഞ്ഞടിച്ച നിപ, കൊവിഡ് തുടങ്ങി ആരോഗ്യ മേഖലയിലെ പ്രതിസന്ധികളെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ നേരിടാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.