Connect with us

National

ഏകീകൃത സിവില്‍ കോഡ്; രാജ്യസഭയില്‍ പ്രതിരോധമുയര്‍ത്തുന്നത് കേരളം

Published

|

Last Updated

കോഴിക്കോട് | രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ വീണ്ടും സ്വകാര്യ ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിരോധമുയര്‍ത്തുന്നത് കേരളം. ബി ജെ പി അംഗം കിരോദിലാല്‍ മീണ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നതിനെതിരെ ചട്ടം 67 പ്രകാരം നോട്ടീസ് നല്‍കി കേരളത്തില്‍ നിന്നുള്ള എം പിമാരായ എളമരം കരീം, വി ശിവദാസന്‍, ബിനോയ് വിശ്വം എന്നിവര്‍ പോരാട്ടത്തിനു നേതൃത്വം നല്‍കിയതോടെ സംഘപരിവാര്‍ ദുഷ്ടലാക്ക് വീണ്ടും രാഷ്ട്രീയ ചര്‍ച്ചയാവുന്നു.

മതസൗഹാര്‍ദം തകര്‍ക്കാന്‍ ഇടയാക്കുന്ന ബില്ലിന് അവതരണാനുമതി നല്‍കരുതെന്ന് എളമരം കരീം ആവശ്യപ്പെട്ടു. ഇത്തരം നിയമനിര്‍മാണത്തിനുമുമ്പ് വിപുലമായ കൂടിയാലോചന ആവശ്യമാണെന്നാണ് കേരളത്തില്‍ നിന്നുള്ള ഇടത് എം പി മാര്‍ ആവശ്യപ്പെടുന്നത്. ഭരണഘടനയെയും സുപ്രീംകോടതി നിരീക്ഷണങ്ങളെയും തെറ്റായി ഉദ്ധരിച്ചാണ് ബില്‍ കൊണ്ടുവരുന്നതെന്നും ഭരണഘടനാ നിര്‍മാണസഭയില്‍ നടന്ന സംവാദങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും എളമരം കരിം പറഞ്ഞു.

രാജസ്ഥാനില്‍ നിന്നുള്ള ഈ ബി ജെ പി അംഗം കഴിഞ്ഞ വര്‍ഷവും ഇതേ വിഷയത്തില്‍ കൊണ്ടുവന്ന സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ നടത്തിയ ശ്രമം ഇടതുപക്ഷം മറ്റുകക്ഷികളുടെ സഹായത്തോടെ തകര്‍ത്തിരുന്നു. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന സ്വകാര്യ ബില്ലിനെതിരെ അന്നു ഡി എം കെ, എം ഡി എം കെ, ആര്‍ ജെ ഡി തുടങ്ങിയ കക്ഷികളേയും കോണ്‍ഗ്രസിലെ ചില എം പിമാരെയും അണിനിരത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് വിവാദ ബില്ലിന് പകരം കിരോദി ലാല്‍ രാജസ്ഥാന് പ്രത്യേക സാമ്പത്തിക സഹായത്തിനുള്ള മറ്റൊരു ബില്ല് അവതരിപ്പിച്ച് പിന്മാറുകയായിരുന്നു.

അതോടെ ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തെ തടസ്സപ്പെടുത്താന്‍ നേതൃത്വം നല്‍കിയ ഇടതുപക്ഷത്തിനെതിരെ ബി ജെ പി ശക്തമായി രംഗത്തുവന്നിരുന്നു. ജാതിമതവര്‍ഗ വ്യത്യാസമില്ലാതെ രാജ്യത്തെ ഏത് പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ജീവനാംശം എന്നിവയെ സംബന്ധിക്കുന്ന പൊതുവായ നിയമനിര്‍മാണമാണ് ഏകീകൃത വ്യക്തിനിയമം കൊണ്ടുദ്ദേശിക്കുന്നതെന്നും അതിനെയാണ് ഇടതുപക്ഷം അട്ടിമറിച്ചതെന്നുമായിരുന്നു പ്രചാരണം.

2019 ആഗസ്ത് അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യുകയും തൊട്ടടുത്ത വര്‍ഷം 2020ല്‍ ഇതേ ആഗസ്ത് അഞ്ചിന് അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തിടത്ത് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. ബി ജെ പി ഭരണകൂടം സ്വപ്‌നപദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍ച്ചയായി ഏക സിവില്‍കോഡും രാജ്യത്ത് നടപ്പാക്കാനുള്ള നീക്കമാണ് ബി ജെ പി ഉപശാലകളില്‍ നടക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും മൂന്ന് പ്രധാന ലക്ഷ്യങ്ങളായിരുന്നു കശ്മീരിന്റെ പദവി റദ്ദാക്കലും രാമക്ഷേത്രനിര്‍മാണവും ഏകസിവില്‍കോഡ് നടപ്പാക്കലും. ഇതില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഏക സിവില്‍കോഡ് മാത്രമാണ്.

ഓരോ മതസമൂഹങ്ങള്‍ക്കും വിവാഹം, സ്വത്തവകാശം, ദത്തെടുക്കല്‍, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ അതാത് സമൂഹങ്ങളുടെ സവിശേഷതകള്‍ക്കനുസരിച്ചുള്ള വ്യത്യസ്തമായ നിയമങ്ങളാണ് നിലവിലുള്ളത്. മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു മതവിഭാഗങ്ങള്‍ക്കുള്ള വ്യക്തിനിയമങ്ങളാണ് ഇതില്‍ പ്രധാനം. സിഖ്, ജൈന, ബുദ്ധ സമൂഹങ്ങള്‍ ഹിന്ദു വ്യക്തിനിയമങ്ങളുടെ കീഴിലാണ് വരുന്നത്. ഇതുകൂടാതെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇരുന്നൂറോളം ഗോത്രവിഭാഗങ്ങള്‍ക്കും അവരുടേതായ വ്യക്തിനിയമങ്ങളുണ്ട്. എന്നാല്‍ വ്യത്യസ്ത സമൂഹങ്ങള്‍ക്കുള്ള നിയമങ്ങളിലെ വൈവിധ്യങ്ങള്‍ ഇല്ലാതാക്കി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ബാധകമായ ഒരു ഏക നിയമം നടപ്പിലാക്കുക എന്നതാണ് ഏക സിവില്‍ കോഡ് കൊണ്ട് ബി ജെ പി ലക്ഷ്യമിടുന്നത്.

സിവില്‍ വിഷയങ്ങളില്‍ മാത്രമാണ് ഇന്ത്യയില്‍ വ്യത്യസ്തമായ വ്യക്തിനിയമങ്ങള്‍ നിലനില്‍ക്കുന്നത്. ക്രിമിനല്‍ കേസുകള്‍, ബിസിനസ്സ് ഇടപാടുകളടക്കമുള്ള സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ തുടങ്ങി മറ്റെല്ലാ വിഷയങ്ങളിലും എല്ലാ പൗരന്മാര്‍ക്കും സമാന നിയമങ്ങളാണ് നിലവിലുള്ളത്. ഇവിടെ പൗരന്റെ ജാതിയോ മതമോ വിശ്വാസമോ സമൂഹമോ മറ്റു ജീവിതപശ്ചാത്തലങ്ങളോ ഒന്നും പരിഗണനാ വിഷയങ്ങളല്ല.

ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്ന മതേതരത്വവും മൗലികവകാശങ്ങളുമാണ് ഓരോ മതസമൂഹങ്ങള്‍ക്കും വ്യത്യസ്തമായ വ്യക്തിനിയമങ്ങള്‍ രൂപീകരിച്ചിരിക്കുന്നതിന്റെ അടിസ്ഥാനം. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സങ്കല്‍പം എന്നുപറയുന്നത് എല്ലാ മതങ്ങള്‍ക്കും തുല്യമായ സ്ഥാനം ഉറപ്പുവരുത്തുക എന്നതാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട, മൗലികവകാശങ്ങളില്‍ ഉള്‍പ്പെടുന്ന ആര്‍ട്ടിക്കിള്‍ 25ലും 26ലും ഏതൊരു പൗരനും തനിക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും മതവിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുമുള്ള അവകാശം ഉറപ്പുവരുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിവാഹം, സ്വത്തവകാശം, ദത്തെടുക്കല്‍, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക വ്യക്തിനിയമങ്ങള്‍ രൂപപ്പെടുത്തിയത്.

ഈ വ്യത്യസ്ത നിയമങ്ങള്‍ റദ്ദ് ചെയ്ത് ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരുത്തണമെന്നാവശ്യപ്പെട്ടു രംഗത്തുവരുന്ന ബി ജെ പി ഭരണഘടനയിലെ നിര്‍ദേശകതത്വങ്ങളിലെ ആര്‍ട്ടിക്കിള്‍ 44ല്‍ എല്ലാ പൗരന്മാര്‍ക്കും ബാധകമായ സിവില്‍ കോഡ് നടപ്പാക്കണമെന്ന് നിര്‍ദേശമുണ്ടെന്ന വാദം ഉയര്‍ത്തിയാണ് നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തെ ചോദ്യം ചെയ്യുന്നത്. നിര്‍ദേശക തത്വങ്ങളേക്കാള്‍ ഭരണഘടന പ്രാധാന്യം നല്‍കുന്നത് പൗരന്റെ മൗലീകവകാശങ്ങള്‍ക്കായതിനാലാണ് ഇതുവരെയും രാജ്യം ഏകീകൃത സിവില്‍ കോഡിനെ പിന്‍തുണക്കാത്തത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

നിലവില്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യമില്ലെന്നും ഈയൊരു ഘട്ടത്തില്‍ ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഉചിതമാകില്ലെന്നും 2018 ആഗസ്ത് 31 ന് നിയമ കമ്മിഷന്‍ പ്രസ്താവിച്ചിരുന്നു.

സംഘപരിവാറിന്റെ പ്രധാന അജണ്ടകളിലൊന്നായ ഏകീകൃത സിവില്‍ കോഡ് 1998ല്‍ ബി ജെ പി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി. ബി ജെ പി അധികാരത്തില്‍ വന്ന സമയത്തെല്ലാം ഈ നിയമം നടപ്പാക്കാനുള്ള ശ്രമങ്ങളും നടത്തി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നടപടി ഏകീകൃത സിവില്‍ കോഡിലേക്കുള്ള ബി ജെ പിയുടെ ചവിട്ടുപടിയാണെന്നു വിലയിരുത്തപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം രാജ്യസഭയില്‍ സ്വകാര്യ ബില്‍ നീക്കം പരാജയപ്പെട്ടെങ്കിലും ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്നു പിന്നോട്ടില്ലെന്നു ബി ജെ പി പ്രഖ്യാപിച്ചിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പില്‍ വരുന്നതോടെ രാജ്യത്തെ മത സ്വാതന്ത്ര്യം റദ്ദ് ചെയ്യപ്പെടുമെന്നും തങ്ങളുടെ വിശ്വാസങ്ങളും രീതികളും അടിച്ചമര്‍ത്തപ്പെടുമെന്നുമുള്ള ഭയമാണ് ന്യൂനപക്ഷ മത വിഭാഗങ്ങള്‍ ഉയര്‍ത്തുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest