Connect with us

Kerala

ആഡംബര വീടിനു പുതിയ പങ്കാളികള്‍; കെ എം ഷാജി കൂടുതല്‍ കുരുക്കിലേക്ക്

Published

|

Last Updated

കോഴിക്കോട് | വരവില്‍ കവിഞ്ഞ സ്വന്ത് സമ്പാദന കേസില്‍ നിന്നു രക്ഷപ്പെടാന്‍ കോഴിക്കോട്ടെ ആഡംബര വീടിനു പങ്കാളികളെ ഉള്‍പ്പെടുത്തിയത് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ കൂടുതല്‍ കുരുക്കിലാക്കിയേക്കും. വിജിലന്‍സ് അന്വേഷിക്കുന്ന കേസില്‍ നിന്നു രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ വിജിലന്‍സ് നിരീക്ഷിച്ചു വരികയാണ്. ഇത്തരം നീക്കങ്ങളെക്കുറിച്ച് ആഴത്തില്‍ അന്വേഷിച്ചു വരികയാണെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുമുള്ള മുന്‍വിധികള്‍ ഇല്ലെന്നും വിജിലന്‍സ് അധികൃതര്‍ പറയുന്നു.

വിവാദ ആഡംബര വീടിന് പുതിയ അവകാശികളെത്തിയതു സംബന്ധിച്ചും പുതിയ അപേക്ഷകര്‍ ആരെന്നത് സംബന്ധിച്ചും വിജിലന്‍സ് അന്വേഷണ സംഘം കോര്‍പറേഷന്‍ അധികൃതരോട് വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയെ അടിസ്ഥാനമാക്കിയായിരിക്കും അന്വേഷണം പുരോഗമിക്കുക.

വിദേശത്ത് വന്‍ വരുമാന സ്രോതസ്സ് ഉള്ളവരെയാണ് പുതിയ പങ്കാളികളാക്കിയത്. അതുവഴി വരുമാന സ്രോതസ്സ് സുഗമമായി വെളിപ്പെടുത്താന്‍ കഴിയുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണു കരുതുന്നത്. നിര്‍മാണ അനുമതിക്കും പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ നല്‍കുമ്പോള്‍ ഇല്ലാത്ത രണ്ടുപേര്‍ പുതുതായി വന്നതോടെ ഇക്കാര്യത്തില്‍ കോര്‍പറേഷനും പ്രത്യേക നിയമോപദേശം തേടിയിരുന്നു.

ഭാര്യ ആശയുടെ പേരിലാണ് ഷാജി വീടുണ്ടാക്കിയത്. വീടുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളൂം ആശയുടെ പേരിലാണ്. അനുവദിച്ചതിലധികം വിസ്തീര്‍ണത്തില്‍ വീടുണ്ടാക്കിയതോടെയാണ് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് കോര്‍പറേഷന്‍ നിഷേധിച്ചത്. തുടര്‍ന്ന് അളവ് ക്രമീകരിച്ച് പുതുക്കിയ അപേക്ഷ നല്‍കി. ഇതിലാണ് അലിഅക്ബര്‍, അഫ്‌സ എന്നീ രണ്ട് പുതിയ പേരുകള്‍ ഉള്‍പ്പെട്ടത്.

കെ എം ആശ, അലി അക്ബര്‍, അഫ്‌സ എന്നിവരുടെ പേരിലുള്ള 88 സെന്റ് സ്ഥലം ഒരുമിച്ചുള്ളതാണ്. ഇതില്‍ ആദ്യ പ്ലോട്ടിലാണ് ഷാജി വീട് നിര്‍മിച്ചത്. നിര്‍മാണത്തിലെ നിയമ ലംഘനം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇവരെക്കൂടി ഉള്‍പ്പെടുത്തി അപേക്ഷ നല്‍കിയത്.

കെ എം ഷാജി ആഡംബര വീടിന്റെ നിര്‍മാണം ക്രമപ്പെടുത്താന്‍ രംഗത്തിറക്കിയ പങ്കാളികളില്‍ ഒരാള്‍ മുസ്ലിംലീഗ് വേങ്ങര മണ്ഡലം ലീഗ് ട്രഷററാണ്. പൊടുന്നനെ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നേടിയ ഇദ്ദേഹത്തിനെതിരെ പാര്‍ട്ടിയില്‍ മുറുമുറുപ്പുണ്ട്.

മാലൂര്‍കുന്നില്‍ 88 സെന്റ് സ്ഥലം ഷാജിയും എം കെ മുനീറൂം ചേര്‍ന്ന് പാറോപ്പടി പള്ളിവികാരിയില്‍ നിന്നാണു വാങ്ങിയത്. ഈ ഭൂമി ഇടപാടിന്റെ പഴയ കാര്യങ്ങളും അന്വേഷണത്തില്‍ വരാന്‍ പുതിയ സാഹചര്യം വഴിയൊരുക്കി.