Connect with us

Editorial

പഞ്ചാബിലെ വടംവലി: കോണ്‍ഗ്രസ്സ് ഇനിയെന്ന് പഠിക്കാനാണ്!

Published

|

Last Updated

പഞ്ചാബ് കോണ്‍ഗ്രസ്സിലെ തര്‍ക്കങ്ങള്‍ മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണ്. നവജ്യോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി ഹൈക്കമാന്‍ഡ് നിയോഗിച്ചെങ്കിലും വടം വലിക്ക് അറുതിയായിട്ടില്ലെന്ന് മാത്രമല്ല രൂക്ഷമാകുകയാണ് ചെയ്യുന്നത്. സിദ്ദുവിനെ അംഗീകരിക്കുന്ന കാര്യത്തില്‍ അമരീന്ദര്‍ മയപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നതെങ്കില്‍ പുതിയ സംഭവവികാസങ്ങള്‍ നേര്‍ വിപരീത ദിശയിലാണ്. ഇരുവരും തമ്മിലുള്ള ഭിന്നത എം പിമാരിലേക്കും എം എല്‍ എമാരിലേക്കും പടരുകയാണ്. ഇരു പക്ഷവും ജനപ്രതിനിധികളെയും നേതാക്കളെയും സ്വന്തം പക്ഷത്താക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയിരിക്കുന്നു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ദു വരുന്നതിനെ എതിര്‍ത്ത് അമരീന്ദര്‍ സിംഗിന് ഒരു വിഭാഗം എം എല്‍ എമാര്‍ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പരമാവധി എം എല്‍ എമാരെ ഒപ്പം നിര്‍ത്താനുള്ള നീക്കത്തിലാണ് സിദ്ദു. ഇതിനിടെ അദ്ദേഹത്തെ എതിര്‍ക്കുന്ന ഒരു വിഭാഗം രാജ്യസഭാ, ലോക്‌സഭാ അംഗങ്ങള്‍ സോണിയാ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയിട്ടുണ്ട്.

പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മുറുകുന്നതിനിടെ നിലവിലെ പി സി സി അധ്യക്ഷന്‍ സുനില്‍ ജാഖര്‍ പാര്‍ട്ടി എം എല്‍ എമാരുടെയും ജില്ലാ അധ്യക്ഷന്‍മാരുടെയും യോഗം വിളിച്ചു ചേര്‍ത്തു. അതും ഫലത്തില്‍ ഗ്രൂപ്പ് യോഗമായി മാറുകയായിരുന്നു. അമരീന്ദര്‍ സിംഗിന്റെ കടുത്ത വിമര്‍ശകനാണ് ജാഖര്‍. സിദ്ദുവുമായി അദ്ദേഹം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അമരീന്ദറിനെതിരെ കലാപമഴിച്ചുവിട്ട സിദ്ദു പാര്‍ട്ടി വിടുമെന്ന ഭീഷണി മുഴക്കിയതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്. ഇരുവരുമായും രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പല തവണ സംസാരിച്ചിരുന്നു. ഒടുവില്‍ സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കി പ്രശ്‌നം പരിഹരിക്കുകയെന്ന പദ്ധതിയാണ് നേതൃത്വം മുന്നോട്ട് വെച്ചത്. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പത്രക്കുറിപ്പിറക്കി സിദ്ദുവിന്റെ സ്ഥാനാരോഹണം പ്രഖ്യാപിച്ചു. നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും നിയോഗിച്ചിട്ടുണ്ട്. വര്‍ക്കിംഗ് പ്രസിഡന്റുമാരെന്ന ഏര്‍പ്പാട് തന്നെ കോണ്‍ഗ്രസ്സില്‍ തൂക്കമൊപ്പിക്കാനുള്ളതാണ്.

സിദ്ദുവിനെ പ്രസിഡന്റാക്കുകയാണെങ്കില്‍ രണ്ട് പ്രധാന നിബന്ധനകളാണ് അമരീന്ദര്‍ സിംഗ് മുന്നോട്ട് വെച്ചിരുന്നത്. ക്യാബിനറ്റ് വിപുലീകരണത്തിന് പൂര്‍ണ സ്വാതന്ത്ര്യം വേണം. സിദ്ദുവിന്റെ കീഴില്‍ താന്‍ നിര്‍ദേശിക്കുന്ന മൂന്ന് പേരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി വെക്കണം. നേരത്തേ സിദ്ദു നടത്തിയ പ്രസ്താവനകളില്‍ പരസ്യമായി മാപ്പ് പറയണമെന്ന പുതിയ നിബന്ധനയും അമരീന്ദര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം തത്കാലം ഹൈക്കമാന്‍ഡ് തള്ളിക്കളഞ്ഞിരിക്കുകയാണ്.

പാര്‍ട്ടിയിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള അധികാര തര്‍ക്കം എന്നതില്‍ നിന്ന് മുഴുവന്‍ നേതാക്കളും രണ്ട് ചേരിയായി തിരിഞ്ഞ് പോരടിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിരവധിയായ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുകയും ഏക സിവില്‍ കോഡ് അടക്കം ന്യൂനപക്ഷവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നയപരിപാടികള്‍ അണിയറയില്‍ ഒരുങ്ങുകയും ചെയ്യുമ്പോള്‍ അല്‍പ്പമെങ്കിലും പ്രതീക്ഷയോടെ ജനങ്ങള്‍ ഉറ്റുനോക്കുന്നത് കോണ്‍ഗ്രസ്സിനെയാണ്. വിവിധ സംസ്ഥാനങ്ങളില്‍ തിരിച്ചു വരവ് നടത്തി രാജ്യസഭയിലും, ജനകീയ അടിത്തറ വിപുലമാക്കി അടുത്ത തിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലും ആ പാര്‍ട്ടി നില ശക്തമാക്കുമെന്ന പ്രത്യാശയാണ് രാജ്യത്തെ മതേതര വിശ്വാസികള്‍ കാത്തുസൂക്ഷിക്കുന്നത്. ബി ജെ പി ഇതര കക്ഷികളുടെ ഐക്യനിര പടുത്തുയര്‍ത്തി ബദല്‍ ചേരി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം ഒരു ഭാഗത്ത് നടക്കുന്നുണ്ട്. അതിനും കോണ്‍ഗ്രസ്സ് ശക്തിയാര്‍ജിക്കേണ്ടതുണ്ട്. അത്തരമൊരു സഖ്യത്തിന് ജനങ്ങള്‍ക്കിടയില്‍ അംഗീകാരം ലഭിക്കണമെങ്കില്‍ യോജിച്ച സമരപരിപാടികളിലേക്ക് ഈ കക്ഷികള്‍ മുതിര്‍ന്നിറങ്ങണം. ഇന്ധന വില വര്‍ധന, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച, പൗരത്വ ഭേദഗതി നിയമമടക്കമുള്ള കരിനിയമങ്ങള്‍, വര്‍ഗീയ അജന്‍ഡകള്‍, കര്‍ഷകവിരുദ്ധ നിയമങ്ങള്‍, ഏറ്റവും ഒടുവില്‍ വന്ന ഫോണ്‍ ചോര്‍ത്തല്‍… വിഷയങ്ങള്‍ എമ്പാടുമുണ്ട് പ്രതിപക്ഷത്തിന് മുന്നില്‍. ഇവയിലെല്ലാം ശക്തമായ സമരം ഉയര്‍ന്നു വരണമെന്ന് ജനം ആഗ്രഹിക്കുന്നു. കൊവിഡ് മഹാമാരി എല്ലാ സിവില്‍ അവകാശങ്ങള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള അവസരമായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുമ്പോള്‍ ശക്തമായ സ്വരമുയര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിക്കേണ്ടതാണ്. ഈ ശ്രമങ്ങള്‍ക്കെല്ലാം മുന്നില്‍ നില്‍ക്കേണ്ടത് കോണ്‍ഗ്രസ്സാണല്ലോ. എന്നാല്‍ എന്താണ് ആ പാര്‍ട്ടിയുടെ സ്ഥിതി? ശക്തമായ ഒരു കേന്ദ്ര നേതൃത്വത്തെ പ്രഖ്യാപിക്കാനോ സംസ്ഥാനങ്ങളിലെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനോ സാധിക്കുന്നില്ല.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ നിദര്‍ശനമാണ് പഞ്ചാബില്‍ കാണുന്നത്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. കര്‍ഷകവിരുദ്ധ നിയമങ്ങളുടെ പേരില്‍ അകാലി ദള്‍ എന്‍ ഡി എ വിട്ടതോടെ കോണ്‍ഗ്രസ്സിന് തികച്ചും അനുകൂലമായ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്. കര്‍ഷക പ്രക്ഷോഭം ഉണ്ടാക്കിയ വികാരം തീര്‍ച്ചയായും കോണ്‍ഗ്രസ്സിനെ തുണക്കുമായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരില്‍ എല്ലാം തകിടം മറിയുമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും ബി ജെ പിയും അകാലി ദളുമെല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നോര്‍ക്കണം.

സിദ്ദുവിനെ അഭിനന്ദിക്കാനോ വേദി പങ്കിടാനോ അമരീന്ദര്‍ ഇപ്പോഴും തയ്യാറായിട്ടില്ല. അമരീന്ദര്‍ സര്‍ക്കാറിനെതിരെ പരസ്യ വിമര്‍ശം അഴിച്ചുവിട്ടെങ്കിലും സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ്സിന് ഊര്‍ജസ്വലമായ നേതൃത്വമാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍. അതുകൊണ്ട് ക്യാപ്റ്റന്‍ സഹകരിക്കുകയാണ് വേണ്ടത്. സമാന്തര പ്രവര്‍ത്തനവുമായി ഇരു നേതാക്കളും സഞ്ചരിച്ചാല്‍ അത് ബി ജെ പിക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ. കോണ്‍ഗ്രസ്സ് ഇപ്പോഴും കോമ വിട്ടുണര്‍ന്നില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പരിഹസിച്ചത്. ഇത്തരം പരിഹാസങ്ങളെ അന്വര്‍ഥമാക്കുന്ന തരത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പെരുമാറരുത്.

---- facebook comment plugin here -----

Latest