Connect with us

Kerala

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: സർക്കാർ തീരുമാനം ധൃതിപിടിച്ചെന്ന് ഡോ.അബ്ദുൽ ഹകീം അസ്ഹരി

Published

|

Last Updated

കോഴിക്കോട് | ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതത്തിൽ മാറ്റം വരുത്തിയ സംസ്ഥാന സർക്കാർ നടപടി ധൃതിപിടിച്ചെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എ പി അബ്ദുൽ ഹകീം അസ്ഹരി. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സാമുദായിക സംഘടനകളുമായി കൂടിയാലോചനകളുണ്ടാകുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനമെങ്കിലും ഇത്തരത്തിലൊരു നടപടി ഉണ്ടായില്ലെന്ന് ഹകീം അസ്ഹരി പറഞ്ഞു.

100 ശതമാനം മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ടിയിരുന്ന അവകാശം വെട്ടിക്കുറച്ചത് സാമുദായിക സന്തുലിതാവസ്ഥയെ ബാധിക്കും. ഇക്കാര്യത്തിൽ പുനരാലോചന ആവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കും. നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് ആലോചിക്കും. ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നത് വസ്തുതയാണ്.

സാമുദായിക സംഘടന എന്ന നിലക്ക് ഈ വിഷയത്തിൽ രാഷ്ട്രീയമില്ല. ന്യൂനപക്ഷങ്ങൾക്ക് അനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി നൽകുകയെന്ന നിർദേശം സ്‌കോളർഷിപ്പിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. നിയമനങ്ങൾ, സ്ഥാപനങ്ങൾ അനുവദിക്കൽ തുടങ്ങിയ ധാരാളം കാര്യങ്ങൾ ഈ തരത്തിലുണ്ട്. കൂടാതെ, കോശി കമ്മീഷൻ, പരിവർത്തിത ക്രിസ്ത്യൻ വികസന കോർപറേഷൻ തുടങ്ങിയവ നിർത്തിവെക്കേണ്ടതുണ്ടോയെന്നും ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് ഹകീം അസ്ഹരി ഓർമിപ്പിച്ചു.

എന്നാൽ, വിവാദം സാമുദായിക സ്പർധക്ക് കാരണമാകരുത്. ഓരോ സമുദായത്തിന്റേയും അവകാശങ്ങൾ ആവശ്യപ്പെടേണ്ടതും വാങ്ങിക്കേണ്ടതും ഓരോ സമുദായ നേതൃത്വമാണ്. എന്നാൽ, മറ്റ് സമുദായങ്ങളെ അവമതിച്ചുകൊണ്ടാവരുത് എന്നാണ് അഭിപ്രായം. ക്രിസ്ത്യൻ മത മേലധ്യക്ഷൻമാരുമായി ചർച്ച നടത്തിയതായും ഹകീം അസ്ഹരി വ്യക്തമാക്കി.