Connect with us

Kerala

ഇര്‍ഫാനും നോഹയും ഒളിമ്പിക്സിലേക്ക്; അതിരറ്റ ആഹ്ലാദത്തില്‍ കോഴിക്കോട് സായ് കേന്ദ്രം

Published

|

Last Updated

കോഴിക്കോട് | ഈ മാസം 23 ന് ടോക്കിയോ ഒളിമ്പിക്സിന്റെ ആരവം ഉയരുമ്പോള്‍ കോഴിക്കോട് സായ് (സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രത്തിന് അതിരുകളില്ലാത്ത അഭിമാനം. ഇവിടെ നിന്നു വളര്‍ന്നുവന്ന രണ്ട് താരങ്ങളാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങുന്ന കെ ടി ഇര്‍ഫാനും നോഹ നിര്‍മല്‍ ടോമും കോഴിക്കോട് സായിയുടെ സംഭാവനകളാണ്. ഇര്‍ഫാന്‍ 20 കിലോമീറ്റര്‍ നടത്തത്തിലും നോഹ 4×400 മീറ്റര്‍ റിലേയിലുമാണ് മാറ്റുരയ്ക്കുന്നത്.

2007 മേയില്‍ ഡേ ബോര്‍ഡര്‍ സ്‌കീമില്‍ സായിയില്‍ ചേര്‍ന്ന ഇര്‍ഫാന്‍, കോച്ച് ബോസിന്റെ കീഴിലാണ് ശാസ്ത്രീയ പരിശീലനം ആരംഭിച്ചത്. അടുത്ത വര്‍ഷം തന്നെ ഇര്‍ഫാന്‍ റസിഡന്‍ഷ്യല്‍ സ്‌കീമിലേക്ക് ഉയര്‍ത്തപ്പെട്ടു. പിന്നീടുള്ള പുരോഗതി പെട്ടെന്നായിരുന്നു. 2009 ല്‍ ദക്ഷിണ മേഖലാ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയ ഇര്‍ഫാന്‍ അതേ വര്‍ഷം തന്നെ ദേശീയ മീറ്റിലും മാറ്റുരച്ചു. ഇര്‍ഫാന്റെ ഭാവി നേരത്തെ കണ്ടറിഞ്ഞ കരസേനാ അധികൃതര്‍ 2010 മാര്‍ച്ചില്‍ ഊട്ടിയിലെ മദ്രാസ് റജിമെന്റ് സെന്ററിലേക്ക് തിരഞ്ഞെടുത്തു.

2010 മേയില്‍ ഇര്‍ഫാനെ പോലെ തന്നെ ഡേ ബോര്‍ഡര്‍ ആയി സായിയില്‍ ചേര്‍ന്ന് നോഹ രണ്ടാം വര്‍ഷം തന്നെ റസിഡന്‍ഷ്യല്‍ സ്‌കീമിലേക്ക് ഉയര്‍ത്തപ്പെട്ടു. അത്്ലറ്റിക് പരിശീലകന്‍ ജോര്‍ജ് ജോസഫിന്റെ വിദഗ്ധ നിര്‍ദേശത്തില്‍ 400 മീറ്ററിലേക്കു മാറിയ നോഹയുടെ പിന്നീടുള്ള വളര്‍ച്ച ശ്രദ്ധേയമായിരുന്നു. 2013 ല്‍ നടന്ന സാഫ് ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 4×400 മീറ്റര്‍ റിലേയില്‍ വെള്ളി മെഡല്‍ നേടിയ നോഹ 2014 ജൂണില്‍ വ്യോമസേനയില്‍ ചേര്‍ന്നു. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ പത്താം സ്ഥാനം നേടിയ ഇര്‍ഫാന്‍ രണ്ടാം ഒളിമ്പിക്സിനാണ് ടോക്കിയോയില്‍ എത്തുന്നത്. ഒളിമ്പിക്സില്‍ കന്നിക്കാരനായ നോഹ രണ്ട് റിലേ ഇനങ്ങളിലാണ് പങ്കെടുക്കുന്നത്.

Latest