Connect with us

Editorial

സ്‌കോളര്‍ഷിപ്പിലെ വീതംവെപ്പ് അനീതി നിറഞ്ഞത്

Published

|

Last Updated

ദൗര്‍ഭാഗ്യകരമാണ് വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ നല്‍കാനുള്ള പിണറായി മന്ത്രിസഭാ തീരുമാനം. ഹൈക്കോടതി വിധി മാനിച്ചാണത്രെ സ്‌കോളര്‍ഷിപ്പിന്റെ പുനഃക്രമീകരണം. എന്നാല്‍, സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിന്റെ സാഹചര്യവും അതിന്റെ ലക്ഷ്യവും പരിഗണിക്കാതെ, യാഥാര്‍ഥ്യങ്ങള്‍ക്ക് നേരേ കണ്ണടച്ചാണ് കോടതി വിധിയെന്നും, ഈ വിധിയനുസരിച്ച് സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരിക്കരുതെന്നും, അപ്പീല്‍ വഴി കോടതി വിധി തിരുത്തി ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ അടിസ്ഥാനലക്ഷ്യം സാധ്യമാക്കുകയാണ് സര്‍ക്കാര്‍ വേണ്ടതെന്നും സംസ്ഥാനത്തെ മുസ്‌ലിം സംഘടനകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പുറംതിരിഞ്ഞ്, സച്ചാര്‍-പാലോളി കമ്മിറ്റികളുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം സമുദായത്തിനു ലഭ്യമായ നാമമാത്രമായ അര്‍ഹതപ്പെട്ട ഒരു ആനുകൂല്യം അട്ടിമറിക്കുന്ന തരത്തിലാണ് ബുധനാഴ്ച മന്ത്രിസഭ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

2005 മാര്‍ച്ചില്‍ അന്നത്തെ യു പി എ സര്‍ക്കാര്‍ രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി നിയോഗിച്ച, സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി രജീന്ദര്‍ സച്ചാര്‍ ചെയര്‍മാനായുള്ള കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും, ഇതിനെ പിന്തുടര്‍ന്ന് കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി മാത്രം 2007 ഒക്‌ടോബര്‍ 15ന് അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ ശിപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയതാണ് പരാമര്‍ശ വിധേയമായ ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് പദ്ധതി. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍ 57 ശതമാനം മുസ്‌ലിംകളാണെങ്കിലും ന്യൂനപക്ഷ/പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങളുടെ 22 ശതമാനം മാത്രമേ മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നുള്ളൂ. ജനസംഖ്യാടിസ്ഥാനത്തില്‍ 24.6 ശതമാനം വരുന്ന സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യയിലെ സര്‍ക്കാര്‍ സര്‍വീസ് പ്രാതിനിധ്യം 10.4 ശതമാനം മാത്രമേയുള്ളൂവെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളീയ മുസ്‌ലിംകളിലെ സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം 11 ശതമാനം മാത്രമാണെന്ന് 2008 മെയ് ആറിന് കേരള സര്‍ക്കാര്‍ അംഗീകരിച്ച പാലോളി കമ്മിറ്റി റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നുണ്ട്.

മുസ്‌ലിംകളുടെ ദയനീയമായ ഈ പിന്നാക്കാവസ്ഥയുടെ പശ്ചാത്തലത്തില്‍ അത് പരിഹരിക്കുന്നതിനായി നടപ്പാക്കേണ്ട ചില പദ്ധതികളും പാലോളി റിപ്പോര്‍ട്ട് നിര്‍ദേശിച്ചു. മുസ്‌ലിം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, മദ്‌റസാ അധ്യാപകര്‍ക്ക് വെൽഫെയര്‍ ഫണ്ടും പെന്‍ഷനും, മൈനോരിറ്റി പാക്കേജ് തുടങ്ങിയവയാണ് പദ്ധതികള്‍. “”ഞങ്ങളുടെ കണ്ടെത്തലുകളും ശിപാര്‍ശകളും കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ സമുദായമായ മുസ്‌ലിം സമുദായത്തിന് അനുകൂല മാറ്റമുണ്ടാക്കുമെന്ന് പ്രത്യാശിക്കുന്നു”” എന്ന പരാമര്‍ശത്തോടെയാണ് പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. ഇതനുസരിച്ചാണ് ന്യൂനപക്ഷ വകുപ്പ് രൂപവത്കരിച്ചത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപവത്കരിച്ചു കൊണ്ടുള്ള 2011 ജനുവരി ഒന്നിലെ ഉത്തരവില്‍ (GO(p)NO 2/2011/ GAD) “സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിയോഗിച്ച പാലോളി കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ നടപ്പാക്കുന്നതിനായി കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപവത്കരിക്കുന്നു”വെന്ന് വ്യക്തമായി പറയുകയും ചെയ്യുന്നു. ഈ വകുപ്പിനു കീഴില്‍ കോച്ചിംഗ് സെന്ററുകള്‍ സ്ഥാപിച്ചതും മുസ്‌ലിംകള്‍ക്കു മാത്രമായാണ്. “കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത്” എന്നായിരുന്നു തുടക്കത്തില്‍ സെന്ററുകളുടെ പേര്. ഒന്നാം പിണറായി സര്‍ക്കാറാണ് ചിലരുടെ സമ്മര്‍ദ ഫലമായി “”കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി” എന്നാക്കി മാറ്റിയത്. ഇതര ന്യൂനപക്ഷങ്ങളെക്കൂടി ഇതിന്റെ ഗുണഭോക്താക്കളില്‍ ഉള്‍പ്പെടുത്തുന്നത് പദ്ധതികളെ അട്ടിമറിക്കലാണ്. ഇതര സമുദായങ്ങളില്‍ വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ പിന്നാക്കക്കാരുണ്ടെങ്കില്‍ അവരെ കൈപിടിച്ചുയര്‍ത്തേണ്ടതു തന്നെ. അതിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കുകയും തദടിസ്ഥാനത്തില്‍ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കുകയുമാകാം. അത് മുസ്‌ലിംകളുടെ ന്യായമായ അവകാശങ്ങളെ അട്ടിമറിച്ചു തന്നെ വേണമെന്നില്ലല്ലോ.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണ അനുപാതമല്ല ഇവിടെ വിഷയം, സച്ചാര്‍ കമ്മീഷന്‍ ശിപാര്‍ശ നടപ്പാക്കലാണ്. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അധികാര പങ്കാളിത്തത്തിലെ കുറവും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയും വിശദമായി പഠിച്ച രണ്ട് കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തി ആവിഷ്‌കരിച്ച പദ്ധതിയാണിതെന്നും അതില്‍ നിന്ന് പ്രത്യേക പരിഗണന നല്‍കിയാണ് ഇതര വിഭാഗങ്ങള്‍ക്ക് 20 ശതമാനം വിതരണം ചെയ്യുന്നതെന്നും കോടതിയെ ബോധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടായ “വീഴ്ച” യാണ് 80-20 അനുപാതം റദ്ദാക്കി സ്‌കോളര്‍ഷിപ്പ് വിതരണം ജനസംഖ്യാനുപാതത്തിലാക്കണമെന്ന് വിധിക്കാനിടയായത്.

നീതീകരിക്കാനാകാത്ത ഒരു കോടതി വിധി സര്‍ക്കാര്‍ അപ്പാടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. അപ്പീല്‍ വഴി കോടതിയെ വസ്തുതകള്‍ ബോധിപ്പിച്ച് കോടതി വിധി സൃഷ്ടിച്ച സാഹചര്യം മറികടക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും സച്ചാര്‍, പാലോളി കമ്മീഷനുകള്‍ കണ്ടെത്തിയ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സമഗ്രമായ പാക്കേജ് പ്രഖ്യാപിക്കുകയുമായിരുന്നു മുസ്‌ലിം സമുദായത്തോട് നീതികാണിക്കാന്‍ മനസ്സുണ്ടെങ്കില്‍ സര്‍ക്കാര്‍ വേണ്ടിയിരുന്നത്. പകരം മുസ്‌ലിം സമുദായത്തിനു ലഭ്യമായ തുച്ചമായ ഒരു ആനുകൂല്യം ക്രൈസ്തവര്‍ക്ക് നല്‍കുകയാണിപ്പോള്‍ സര്‍ക്കാര്‍. ക്രൈസ്തവരുടെ വോട്ടുബേങ്ക് ലക്ഷ്യമാക്കിയായിരിക്കണം ഈ നീക്കം.

മുസ്‌ലിം സമുദായത്തോടും സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനോടും ചെയ്യുന്ന കടുത്ത ദ്രോഹമാണ് സംസ്ഥാന സര്‍ക്കാറിന്റെ ഇപ്പോഴത്തെ സ്‌കോളര്‍ഷിപ്പ് വീതംവെപ്പ്. സച്ചാര്‍-പാലോളി കമ്മിറ്റികളുടെ ശിപാര്‍ശകള്‍ നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കി തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതു മുന്നണി നയിക്കുന്ന സര്‍ക്കാറില്‍ നിന്ന് ഇങ്ങനെയൊരു നീക്കം തീരെ പ്രതീക്ഷിച്ചില്ല.