Connect with us

Pathanamthitta

എസ്എസ്എല്‍സി വിജയശതമാനത്തില്‍ വര്‍ധനയെങ്കിലും പത്തനംതിട്ടക്ക് സംസ്ഥാനത്തെ ഒന്നാംസ്ഥാനം നഷ്ടമായി

Published

|

Last Updated

പത്തനംതിട്ട | എസ്്എസ്എല്‍സി പരീക്ഷ ഫലം പുറത്ത് വന്നപ്പോള്‍ വിജയശതമാനം ഉയര്‍ന്നെങ്കിലും ജില്ലക്ക് സംസ്ഥാനത്തെ ഒന്നാംസ്ഥാനം നഷ്ടമായി. ഇത്തവണ ആറാം സ്ഥാനമാണ് പത്തനംതിട്ടക്ക്. 2612 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയപ്പോള്‍ 143 സ്‌കൂളുകള്‍ക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കാനായി.ജില്ലയുടെ വിജയ ശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെടുത്താനുമായി. ഇത്തവണ 99.73 ശതമാനമാണ് വിജയം. 2020ല്‍ 99.71 ആയിരുന്നു വിജയശതമാനം.

2019ലും (99.34ശതമാനം) 2018ലും (99.11ശതമാനം) വിജയശതമാനത്തില്‍ മുന്നിലായിരുന്ന പത്തനംതിട്ട ജില്ല സംസ്ഥാനത്ത് ഒന്നാമതായിരുന്നു. റവന്യു ജില്ല അടിസ്ഥാനത്തില്‍ വിജയശതമാനത്തില്‍ ഇത്തവണ 99.85 ശതമാനം നേടിയ കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. സംസ്ഥാനത്ത് എറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതിയ ജില്ലയും പത്തനംതിട്ടയായിരുന്നു.

ജില്ലയില്‍ ഇത്തവണ ഹയര്‍ സെക്കന്‍ഡറി പഠനത്തിന് യോഗ്യത നേടാന്‍ കഴിയാതിരുന്നത് 28 വദ്യാര്‍ഥികള്‍ക്കാണ്. 10369 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. 10341 പേര്‍ ഉപരിപഠനയോഗ്യത നേടി. 10369 കുട്ടികളാണ ്ആകെ പരീക്ഷയെഴുതിയിരുന്നത്. 5390 ആണ്‍കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 5368 പേരും ഉപരിപഠന യോഗ്യത നേടി. 4979 പെണ്‍കുട്ടികളില്‍ 4973 പേരും വിജയിച്ചു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 3459 ആണ്‍കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 3442 പേരും 3199 പെണ്‍കുട്ടികളില്‍ 3194 പേരും ഉപരിപഠന യോഗ്യത നേടി. 99.67 ശതമാനം വിജയമാണ് പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയ്ക്കുള്ളത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 5390 ആണ്‍കുട്ടികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 5368 പേരും 4979 പെണ്‍കുട്ടികളില്‍ 4973 പേരും ഉപരിപഠന യോഗ്യത നേടി. 99.84 ശതമാനം വിജയം വിദ്യാഭ്യാസ ജില്ലയിലുണ്ട്.

ജില്ലയില്‍ എ പ്ലസ് ലഭിച്ചവരില്‍ 868 ആണ്‍കുട്ടികളും 1744 പെണ്‍കുട്ടികളുമാണ്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 1807 കുട്ടികള്‍ക്ക് എ പ്ലസ് ലഭിച്ചപ്പോള്‍ ഇവരില്‍ 619 ആണ്‍കുട്ടികളും 1188 പെണ്‍കുട്ടികളുമാണ്. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 805 കുട്ടികള്‍ക്ക് എ പ്ലസ് ലഭിച്ചപ്പോള്‍ 249 ആണ്‍കുട്ടികളും 536 പെണ്‍കുട്ടികളുമാണ്.
നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളില്‍ 43 സര്‍ക്കാര്‍ വിദ്യാലയങ്ങളും 100 എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരുന്ന തിരുവല്ല എംജിഎംഎച്ച്എസ്എസില്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി. 345 കുട്ടികളാണ് എംജിഎമ്മില്‍ പരീക്ഷയെഴുതിയത്. സംസ്ഥാനത്തു തന്നെ ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷയ്ക്കിരുന്ന നിരണം വെസ്റ്റ് സെന്റ് തോമസ് സ്‌കൂളിലെ ഒരു കുട്ടിയും കടപ്ര, പെരിങ്ങര, കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് സ്‌കൂളുകളിലെ മൂന്നുവീതം കുട്ടികളും വിജയിച്ചു.