Ongoing News
മെസ്സീ, ഈ വിജയത്തിന് ഇരട്ടിമധുരമുണ്ട്

മാരക്കാന | ലയണല്‍ മെസ്സിയെന്ന യുവ ഇതിഹാസത്തിന് ഇനി ആശ്വാസത്തിന്റെ നെടുവീര്‍പ്പിടാം. എതിരാളികളുടെ പരിഹാസ ശരങ്ങള്‍ ഇനി ആ താരത്തെ വല്ലാതെ വേട്ടയാടില്ല. കരിയറില്‍ വ്യക്തികഗത നേട്ടങ്ങളുടെ നീണ്ട പട്ടികയുണ്ടെങ്കിലും അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ കപ്പുയര്‍ത്തുകയെന്ന വെല്ലുവിളി അതിജീവിക്കാന്‍ മെസ്സിക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ അതും സാധിച്ചിരിക്കുന്നു. ബ്രസീല്‍ എന്ന എക്കാലത്തെയും ശക്തരായ എതിരാളികള്‍ക്ക് എതിരെയാണ് ആ വിജയമെന്നത് അതിന് ഇരട്ടി മധുരവും നല്‍കുന്നു. കോപ്പ അമേരിക്കയില്‍ അര്‍ജന്റീന മാത്രമല്ല, മെസ്സി കൂടിയാണ് വിജയിക്കുന്നത്. ദേശീയ ജഴ്‌സിയില്‍ മെസ്സി ഒരു കിരീടം ഉയര്‍ത്തിയിരിക്കുന്നു.
മാരക്കാന സ്‌റ്റേഡിയത്തില്‍ കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ എല്ലാവരും ഉറ്റുനോക്കിയത് രണ്ട് താരങ്ങളെയായിരുന്നു. അര്‍ജന്റീനയുടെ മെസ്സിയും, ബ്രസീലിന്റെ നെയ്മറും. കേരളത്തില്‍ മെസ്സിക്കായിരുന്നു കൂടുതല്‍ ആരാധകവലയം. ചുണ്ടിനും കപ്പിനുമിടയില്‍ വീണുടഞ്ഞ സ്വപ്‌നങ്ങളുമായി കളിക്കളത്തില്‍ ഓടിനടന്ന ആ യുവതാരത്തെ മലയാളികള്‍ അത്രമാത്രം നെഞ്ചേറ്റിയിരുന്നു. എത്ര കളിയില്‍ തോറ്റാലും മെസ്സി അവര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. ഇപ്പോള്‍ കോപ്പ കപ്പില്‍ ബ്രസീലിനെ തന്നെ വീഴ്ത്തി കപ്പുയര്‍ത്തുമ്പോള്‍ മെസ്സി ആരാധകരുടെ ആവേശം വാനോളമുയരും. ഇനി അവര്‍ക്ക് മെസ്സി നിരാശാകാമുകനല്ല; ലോക ഫുട്‌ബോളിലെ വീരേതിഹാസമാണ്.
നന്നേ ചെറുപ്പത്തില്‍ തന്നെ ബൂട്ടണിഞ്ഞ കളിക്കാരനാണ് മെസ്സി. അഞ്ചാം വയസ്സില്‍, തന്റെ പിതാവ് പരിശീലിപ്പിച്ചിരുന്ന ഒരു പ്രാദേശിക ക്ലബ്ബായ ഗ്രന്‍ഡോളിയില്‍ ചേര്‍ന്ന് മെസ്സി ഫുട്‌ബോള്‍ തട്ടിത്തുടങ്ങി. 1995 ല്‍ പ്രാദേശിക പട്ടണമായ റൊസാരിയോവിലെ ഒരു ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സില്‍ ചേര്‍ന്നു. 11 ആം വയസ്സില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചക്കു ആവശ്യമായ ഹോര്‍മോണിന്റെ കുറവ് തിരിച്ചറിയപ്പെട്ടു. അര്‍ജന്റീനയിലെ ഒരു പ്രമുഖ ക്ലബ്ബായ റിവര്‍ പ്ലേറ്റിന് മെസ്സിയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. എങ്കിലും മാസം തോറും 900 ഡോളര്‍ ചെലവാക്കിക്കൊണ്ട് അദ്ദേഹത്തെ ചികിത്സിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.
എന്നാല്‍ ബാഴ്‌സലോണയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായിരുന്ന കാര്‍ലെസ് റെക്‌സാച്ച് അദ്ദേഹത്തിന്റെ കഴിവിനെ പറ്റി ബോധവാനായിരുന്നു. മെസ്സിയുടെ ബന്ധുക്കള്‍ സ്‌പെയിനിലെ കാറ്റലോണിയയിലെ ലെയ്ഡയില്‍ ഉണ്ടായിരുന്നു. മെസ്സിയുടെ കളി നിരീക്ഷിച്ചതിനു ശേഷം ബാഴ്‌സലോണ അദ്ദേഹവുമായി കരാറിലേര്‍പ്പെട്ടു.അദ്ദേഹം സ്‌പെയിനിലേക്ക് മാറി താമസിക്കാമെങ്കില്‍ ചികിത്സക്കുള്ള പണം ക്ലബ്ബ് ഏറ്റെടുത്തുകൊള്ളാം എന്ന് അവര്‍ പറഞ്ഞു.ഇതനുസരിച്ച് അദ്ദേഹത്തിന്റെ കുടുംബം യൂറോപ്പിലേക്ക് മാറിത്താമസിക്കുകയും അദ്ദേഹം ക്ലബ്ബിന്റെ യൂത്ത് ടീമുകളില്‍ കളിച്ച് തുടങ്ങുകയും ചെയ്തു. 2004-2005 സീസണില്‍ അദ്ദേഹം ആദ്യ കളി കളിച്ചു. ആ മത്സരത്തില്‍ തന്നെ അദ്ദേഹം ഗോള്‍ നേടി. അങ്ങനെ ക്ലബ്ബിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് അദ്ദേഹം സ്വന്തമാക്കി.
അര്‍ജന്റീന ദേശീയ ടീം, സ്പാനിഷ് പ്രിമേറ ഡിവിഷനില്‍ എഫ്.സി. ബാഴ്‌സലോണ എന്നീ ടീമുകള്‍ക്കായാണ് മെസ്സി ഇപ്പോള്‍ കളത്തിലിറങ്ങുന്നത്. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായി അദ്ദേഹത്തെ പരിഗണിക്കപ്പെടുന്നു. 21 ആം വയസ്സില്‍ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍, ഫിഫ ലോക ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ എന്നീ പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സില്‍ അദ്ദേഹം ആ രണ്ട് പുരസ്‌കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു. 2013 ജനുവരി 7ന് ലഭിച്ച നാലാമത്തെ ബാലണ്‍ ഡി ഓര്‍( ആമഹഹീി റ”ഛൃ ) ബഹുമതിയോടെ, ഈ ബഹുമതി 5 തവണ നേടുന്ന ആദ്യ കളിക്കാരനായി. 2009, 2010, 2011, 2012 വര്‍ഷങ്ങളിലായി തുടരെ 4-ആം തവണയാണ് ഈ നേട്ടം. ഇദ്ദേഹത്തെ പലപ്പോഴും ഇതിഹാസതാരം ഡിയഗോ മറഡോണയുമായി സാമ്യപ്പെടുത്താറുണ്ട്. മറഡോണ തന്നെ മെസ്സിയെ തന്റെ “പിന്‍ഗാമി” എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഫോര്‍വേഡായി കളിക്കുന്ന അദ്ദേഹം നിലവില്‍ അര്‍ജന്റീന ദേശീയ ടീമിന്റെയും ബാഴ്‌സലോണ ക്ലബ്ബിന്റെയും ക്യാപ്റ്റനാണ്.
അദ്ദേഹത്തിന്റെ ആദ്യ സീസണില്‍ തന്നെ ബാഴ്‌സലോണ ലാ ലിഗ കപ്പ് നേടി. 2006-2007 സീസണിലാണ് അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ക്ലാസിക്ക് മത്സരത്തില്‍ ഒരു ഹാട്രിക്ക് നേടിയതടക്കം 26 മത്സരങ്ങളില്‍ നിന്നായി 14 ഗോളുകള്‍ നേടി. 2008-09 സീസണില്‍ അദ്ദേഹം 38 ഗോളുകള്‍ നേടി. ആ സീസണില്‍ ബാഴ്‌സലോണ മൂന്ന് കിരീടങ്ങള്‍ നേടിയപ്പോള്‍ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു. 2009-10 സീസണില്‍ അദ്ദേഹം എല്ലാ മത്സരങ്ങളിലുമായി 47 ഗോളുകള്‍ നേടുകയും, ബാഴ്‌സലോണക്കായി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുകയെന്ന ബഹുമതി റൊണാള്‍ഡോയോടൊപ്പം പങ്കിടുകയും ചെയ്തു.
Your Copa America Best Player and Top Scorer: Lionel Messi 🏆🏆 pic.twitter.com/ZoEVIuyDPY
— FOX Soccer (@FOXSoccer) July 11, 2021
2004 ജൂണില്‍ പരാഗ്വേക്കെതിരെ ഒരു അണ്ടര്‍-20 സൗഹൃദ മത്സരത്തിലാണ് അര്‍ജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ അരങ്ങേറ്റം. 2005 ല്‍ നെതര്‍ലണ്ട്‌സില്‍ വെച്ച് നടന്ന 2005 ഫിഫ വേള്‍ഡ് യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീന ജേതാക്കളായപ്പോള്‍ ആ ടീമില്‍ അംഗമായിരുന്നു മെസ്സി. ആ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണപ്പന്തും സ്വര്‍ണ്ണ ബൂട്ടും മെസ്സിയാണ് നേടിയത്. അര്‍ജന്റീനയുടെ അവസാന നാല് മത്സരങ്ങളില്‍ നേടിയതടക്കം ആകെ 6 ഗോളുകളാണ് മെസ്സി ആ പരമ്പരയില്‍ നേടിയത്. അതിനുശേഷം അദ്ദേഹം അര്‍ജന്റീന ടീമിലെ സ്ഥിരം അംഗമായി.
2005 ഓഗസ്റ്റ് 17 ന്, തന്റെ 18 ആം വയസ്സില്‍, ഹംഗറിക്കെതിരെയാണ് മെസ്സിയുടെ പൂര്‍ണ്ണമായ അരങ്ങേറ്റം. 63 ആം മിനിട്ടില്‍ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്. എന്നാല്‍ മെസ്സിയുടെ ഷര്‍ട്ടില്‍ പിടിച്ചു വലിച്ച വില്‍മോസ് വാഞ്ചാകിനെ തലകൊണ്ട് ഇടിച്ചു എന്ന കുറ്റത്തിന് റഫറി, മാര്‍ക്കസ് മെര്‍ക്ക്, 65 ആം മിനുട്ടില്‍ മെസ്സിയെ പുറത്താക്കി. ആ തീരുമാനം ശരിയായില്ലെന്ന് മറഡോണ പോലും വാദിച്ചു. സെപ്റ്റംബര്‍ 3 ന് പരാഗ്വേക്കെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 1-0 ന് തോറ്റ എവേ മത്സരത്തില്‍ മെസ്സി ടീമിലേക്ക് തിരിച്ചു വിളിക്കപ്പെട്ടിരുന്നു. മത്സരത്തിനു മുമ്പായി അദ്ദേഹം പറഞ്ഞു: “ഇത് രണ്ടാം അരങ്ങേറ്റമാണ്. ആദ്യത്തേതിന് നീളം കുറവായിരുന്നു.” പെറുവിനെതിരെയാണ് അദ്ദേഹം അതിനു ശേഷം അര്‍ജന്റീനക്ക് വേണ്ടി കളിച്ചത്. മത്സരശേഷം കോച്ച് പെക്കര്‍മാന്‍ മെസ്സിയെ ഒരു രത്‌നം എന്നു വിശേഷിപ്പിച്ചു.
2009 മാര്‍ച്ച് 28 ന് വെനസ്വേലക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മെസ്സി അര്‍ജന്റീനക്ക് വേണ്ടി ആദ്യമായി 10 ആം നമ്പര്‍ ജേഴ്‌സി അണിഞ്ഞു. അര്‍ജന്റീനയുടെ മാനേജരായി മറഡോണയുടെ ആദ്യ ഔദ്യോഗിക മത്സരമായിരുന്നു അത്. മെസ്സിയാണ് കളിയിലെ ആദ്യ ഗോള്‍ നേടിയത്. ആ മത്സരം അര്‍ജന്റീന 4-0 ന് സ്വന്തമാക്കി.
2010 നവംബര്‍ 17 ന് ദോഹയില്‍ വെച്ച് നടന്ന സൗഹൃദമത്സരത്തില്‍ ലാറ്റിനമേരിക്കയിലെ അര്‍ജന്റീനയുടെ ചിരവൈരികളായ ബ്രസീലിനെതിരെ 1-0 ന് ജയിച്ച മത്സരത്തില്‍ മെസ്സിയാണ് അവസാന മിനുട്ടില്‍ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. വലിയ മത്സരങ്ങളില്‍ മെസ്സി ആദ്യമായിട്ടായിരുന്നു ബ്രസീലിനെതിരെ ഗോള്‍ നേടുന്നത്. 2011 ഫെബ്രുവരി 9 ന് സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവയില്‍ വെച്ച് നടന്ന സൗഹൃദമത്സരത്തില്‍ പോര്‍ച്ചുഗലിനെ 2-1 ന് തോല്‍പ്പിച്ച മത്സരത്തിലും മെസ്സി അവസാന നിമിഷത്തില്‍ നേടിയ പെനാല്‍ട്ടി ഗോളാണ് അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ചത്.
ഫിഫ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അര്‍ജന്റീനക്കാരനാണ് മെസ്സി. 2007 ലെ കോപ്പ അമേരിക്കയില്‍ രണ്ടാം സ്ഥാനക്കാരനുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. 2008 ലെ ബീജിങ്ങ് ഒളിമ്പിക്‌സില്‍ ജേതാക്കളായ അര്‍ജന്റീന ടീമില്‍ മെസ്സിയും ഒരു അംഗമായിരുന്നു. ആ വിജയത്തോടെ അദ്ദേഹത്തിന് ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. 2012 ഡിസംബര്‍ 9ന് ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമതികം ഗോള്‍ നേടുന്ന കളിക്കാരന്‍ എന്ന റെക്കോര്‍ഡില്‍ ഗെര്‍ഡ് മുള്ളറെ (85 ഗോളുകള്‍) മറികടന്നു. 2012 ഡിസംബര്‍ 23 ന് ഒരു കലണ്ടര്‍ വര്‍ഷം 91 ഗോളുകള്‍ എന്ന സര്‍വ്വ കാല റിക്കാര്‍ഡ് സ്ഥാപിച്ചു.
ഒടുവില്‍ 2021ല്‍ കോപ്പയില്‍ മെസ്സിയുടെ ടീം കപ്പുയര്‍ത്തുക കൂടി ചെയ്തതോടെ ഇതിഹാസ താരമെന്ന ബഹുമതി അദ്ദേഹത്തിന് എല്ലാ നിലക്കും യോജിക്കുന്നതായി.