Connect with us

National

മോദി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാരും ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | നരേന്ദ്രമോദി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാര്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് പഠന റിപ്പോര്‍ട്ട്. 78 അംഗ മന്ത്രിസഭയിലെ തൊണ്ണൂറ് ശതമാനം പേരും കോടീശ്വരന്മാരാണെന്നും അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു . മന്ത്രിമാരുടെ ശരാശരി സ്വത്ത് 16.24 കോടി രൂപയാണ്. പുനഃസംഘടനയ്ക്ക് ശേഷമുള്ള നരേന്ദ്രമോദി മന്ത്രിസഭയിലെ അംഗങ്ങളുടെ ക്രിമിനല്‍, സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലം സംബന്ധിച്ച പഠനറിപ്പോര്‍ട്ടാണ് നാഷണല്‍ ഇലക്ഷന്‍ വാച്ചും, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും സംയുക്തമായി തയാറാക്കിയത്.

കേന്ദ്രമന്ത്രിസഭയിലെ 78ല്‍ 33 കേന്ദ്രമന്തിമാര്‍ ക്രിമിനല്‍ കേസ് പ്രതികളാണ്. അഞ്ച് വര്‍ഷത്തിന് മുകളില്‍ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങള്‍ ചുമത്തിയ 24 പേര്‍ മന്ത്രിസഭയിലുണ്ട്. ഒരു മന്ത്രിക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ടും കേസുണ്ട്. കൊലപാതകശ്രമത്തില്‍ പ്രതികളായ നാല് മന്ത്രിമാരുണ്ട്.

50 കോടിക്ക് മുകളില്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ നാല് പേര്‍ക്കുള്ളപ്പോള്‍, ഒരു കോടിക്ക് താഴെ സ്വത്തുള്ള എട്ട് മന്ത്രിമാരുണ്ട്. 379 കോടിയുടെ സ്വത്തുള്ള ജ്യോതിരാദിത്യ സിന്ധ്യയാണ് ഒന്നാം സ്ഥാനത്ത്. മലയാളിയായ രാജീവ് ചന്ദ്രശേഖറിനുള്ളത് 64 കോടി 60 ലക്ഷം രൂപയുടെ സ്വത്ത്. കേന്ദ്രമന്ത്രി വി മുരളീധരന് 27 ലക്ഷം രൂപയുടെ സ്വത്താണുള്ളത്. അതേസമയം തന്നെ, പത്ത് കോടിക്ക് മുകളില്‍ ബാധ്യതയുള്ള മൂന്ന് കേന്ദ്രമന്ത്രിമാരുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടര കോടിയുടെ സ്വത്താണുള്ളത്.

മന്ത്രിമാര്‍ ലോക്സഭയിലും, രാജ്യസഭയിലും, തിരഞ്ഞെടുപ്പുകളിലും സ്വയം വെളിപ്പെടുത്തിയ വിവരങ്ങള്‍ പഠനവിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.