Kerala
ആറന്‍മുളയില്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന: മന്ത്രി വീണ ജോര്‍ജ്

പത്തനംതിട്ട | ആറന്മുള നിയോജകമണ്ഡലത്തില്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട പ്രസ്‌ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിലേക്ക് ജില്ലയ്ക്ക് ആവശ്യമായ പദ്ധതികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എത്രയും വേഗം പൂര്‍ണസജ്ജമാക്കും. മെഡിക്കല്‍ കോളജില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിലേക്കാവശ്യമായ നടപടികളും തുടങ്ങിയിട്ടുണ്ട്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 30 കോടിയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മാണത്തിന് നടപടികളായിട്ടുണ്ട്. ബജറ്റില്‍ നാലുകോടി രൂപയായിരുന്നു പദ്ധതിക്കു നീക്കിവച്ചതെങ്കില്‍ ഇത് 10 കോടി രൂപയായി ഉയര്‍ത്താന്‍ തീരുമാനമായിട്ടുണ്ട്. തിരുവല്ല, റാന്നി, കോന്നി താലൂക്ക് ആശുപത്രികളിലേക്കും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്്. അടൂര്‍ ജനറല്‍ ആശുപത്രി വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ നടപടികളാരംഭിച്ചതായും മന്ത്രി പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും മെച്ചപ്പെടുത്തി ആരോഗ്യമേഖലയെ ശക്തമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. കോഴഞ്ചേരിയിലെ പുതിയ പാലത്തിന്റെ പണികള്‍ എട്ടുമാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വെള്ളപ്പൊക്കവും കോവിഡ് കാലവുമെല്ലാം പണികളെ സാരമായി ബാധിച്ചിരുന്നു. കരാര്‍ കാലാവധിയില്‍ പണി പൂര്‍ത്തീകരിക്കാതെ വന്നത് ഇതുകൊണ്ടാണ്. അബാന്‍ മേല്‍പാലത്തിന്റെ ആദ്യഘട്ട ടെന്‍ഡര്‍ കഴിഞ്ഞു. ഒരാള്‍ മാത്രമാണ ്‌ടെന്‍ഡര്‍ നല്‍കിയത്. സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ വീണ്ടും ടെന്‍ഡര്‍ വിളിക്കേണ്ടിവരും. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് പണികള്‍ എത്രയുംവേഗം ആരംഭിക്കാനാകും.
ജില്ലാ സ്റ്റേഡിയത്തിന്റെ പണികളുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ അടുത്ത യോഗത്തില്‍ തീരുമാനമാകും. സ്‌റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും കിഫ്ബിയിലേക്കു സമര്‍പ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പാലങ്ങള്‍, റോഡുകള്‍, സ്‌കൂള്‍ വികസനം സംബന്ധിച്ച് സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. കുടിവെള്ളം എല്ലാവര്‍ക്കും ലഭ്യമാകുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. സ്വയം തൊഴില്‍ സംരംഭങ്ങളടക്കം കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള പദ്ധതികള്‍ മണ്ഡലത്തില്‍ ഏറ്റെടുക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യന്‍, വൈസ് പ്രസിഡന്റ് ജി വിശാഖന്‍ സംസാരിച്ചു.