Kerala
മദ്യ വില്‍പന കേന്ദ്രങ്ങള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം; ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് നടപടിയുമായി ബെവ്‌കോ

കൊച്ചി | മദ്യ വില്‍പന കേന്ദ്രങ്ങള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം അനിയന്ത്രിതമാകുന്നതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് അടിയന്തര സര്‍ക്കുലര്‍ നല്‍കി ബെവ്‌കോ. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ളതാണ് സര്‍ക്കുലര്‍. ഔട്ട്‌ലെറ്റുകളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടണം, അനൗണ്‍സ്‌മെന്റ് നടത്തണം, ടോക്കണ്‍ സമ്പ്രദായം നടപ്പാക്കണം, ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ പോലീസിന്റെ സഹായം തേടണം, മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം ഉറപ്പുവരുത്തണം, ആളുകള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കാന്‍ നടപടി സ്വീകരിക്കണം, വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിര്‍ത്താവൂ തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.
നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകള്‍ വേണം, അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകള്‍ മാറ്റണം 30 ലക്ഷത്തില്‍ കൂടുതല്‍ കച്ചവടം നടക്കുന്ന ഔട്ട്‌ലറ്റുകളിലെ ഫോട്ടോയും വീഡിയോയും അയയ്ക്കണം എന്നീ നിര്‍ദേശങ്ങളുമുണ്ട്.