Kerala
എസ് ഐ ആനി ശിവയെ ഫേസ്ബുക്കിലൂടെ അപമാനിച്ച ഹൈക്കോടതി അഭിഭാഷകക്കെതിരെ കേസ്; വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സംഗീത ലക്ഷ്മണ

കൊച്ചി | ഉത്സവപ്പറന്പുകളിലെ വിൽപ്പനക്കാരിയിൽ നിന്ന് സ്വപ്രയത്നത്തിലൂടെ എസ് ഐ ആയ ആനി ശിവക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തി പ്രചാരണം നടത്തിയ അഭിഭാഷകക്കെതിരെ കേസ്. ഫേസ്ബുക്കിൽ നിരന്തരം ആനി ശിവയെ അപമാനിച്ച ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ കേസെടുത്തത്.
ഹൈക്കോടതിയിലെ മറ്റൊരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസ്. സേനയിലെ ഒരാളെ അപമാനിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ചിട്ടും പൊലീസ് കേസെടുത്തില്ലെന്നും പരാതിയിൽ പറയുന്നു.
അതേസമയം, കേസെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സംഗീത ഫേസ്ബുക്കിൽ പ്രതികരിച്ചു. ചാനലുകളിൽ നിന്ന് പ്രതികരണത്തിനായി വിളിച്ചപ്പോഴാണ് കാര്യമറിഞ്ഞത്. കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ അങ്ങനെയാണെന്നും അവർ പറഞ്ഞു. എഫ് ഐ ആർ കോപ്പി കൈയിൽ കിട്ടിയ ശേഷം ഭാവി നടപടികൾ ആലോചിക്കുമെന്നും അവർ ഫേസ്ബുക്കിൽ അറിയിച്ചു.