Connect with us

Kerala

ഒരു മൃഗത്തെ പോലെ പീഡിപ്പിച്ചു; ശബ്ദമുയര്‍ത്തിയത് മറ്റ് നിക്ഷേപകര്‍ക്ക് കൂടി വേണ്ടി: സാബു ജേക്കബ്

Published

|

Last Updated

കൊച്ചി |  ഒരു വ്യവസായിയായ തന്നെ ഒരുമാസത്തോളം ഒരു മൃഗത്തെപ്പോലെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. തനിക്കെതിരെ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും 99ശതമാനം വ്യവസായികളുടേതും സമാന അവസ്ഥയാണെന്നും സാബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ തന്നെ കുറ്റക്കാരനാക്കാനാണ് ശ്രമം. കിറ്റക്‌സിന് അതിന്റേതായ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഗള്‍ഫില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും നിക്ഷേപിക്കുന്ന നിരവധി പേരുണ്ട്. അവര്‍ക്ക് വേണ്ടികൂടിയാണ് താന്‍ ശബ്ദമുയര്‍ത്തിയത്. നല്ല രീതിയില്‍ നടന്നുകൊണ്ടിരുന്ന ഒരു സ്ഥാപനത്തെ 73 കുറ്റങ്ങള്‍ ചെയ്തതായി കാട്ടിയാണ് മെമ്മോ നല്‍കിയിരിക്കുന്നത്. 3500 കോടിയുടെ പദ്ധതിതന്നെയില്ല എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. 15,000ത്തോളം പേര്‍ ജോലി ചെയ്യുന്ന ഈ സ്ഥാപനം അടക്കണം, അല്ലെങ്കില്‍ അടപ്പിക്കും എന്നരീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. തൊഴിലാളികളുടെ പരാതിയെ തുടര്‍ന്നാണ് പരിശോധന എന്നാണ് പറഞ്ഞത് .എന്നാല്‍ ഇന്ന് പ്രതിഷേധം നടത്തിയത് ഇവിടുത്തെ തൊഴിലാളികളാണ്. ബെന്നി ബെഹനാന്റെയും പി ടി തോമസിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്നത് പുതിയ അറിവാണെന്നും സാബു ജേക്കബ് പറഞ്ഞു.ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്ന് തനിക്ക് ക്ഷണം ഉണ്ടെന്നും എവിടെ വേണമെങ്കിലും നിക്ഷേപം നടത്താന്‍ പോവാമെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.

തന്നെ വിളിച്ചെന്ന വ്യവസായ മന്ത്രിയുടെ പ്രസ്താവന സാബു ജേക്കബ് തള്ളി. മന്ത്രി വിളിച്ചെങ്കില്‍ താന്‍ തിരിച്ച് വിളിച്ചേനെയെന്നും സാബു ജേക്കബ് പറഞ്ഞു. ഉണ്ടായ പ്രശ്നം പരിഹരിച്ചശേഷം തുടര്‍ പരിശോധനകള്‍ ചര്‍ച്ച ചെയ്യാമെന്നും സാബു വ്യക്തമാക്കി