Connect with us

Oddnews

ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണെന്ന സംശയം പരിഭ്രാന്തി പരത്തി

Published

|

Last Updated

പത്തനംതിട്ട | പ്രമാടം പാറക്കടവ് പാലത്തിന്റെ കൈവരിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണെന്ന സംശയം പരിഭ്രാന്തി പരത്തി. പാറക്കടവ് കൊടുവാശേരി വിജയകുമാറിന്റെ (60) പേരിലുള്ള ആത്മഹത്യാക്കുറിപ്പ് പാലത്തിൽ നിന്ന് കണ്ടെടുത്തു. പഴകിയതും പിഞ്ചിയതുമായ കയറാണ് പാലത്തിൽ കണ്ടത്.

സംഭവം കബളിപ്പിക്കലാണെന്ന് പോലീസും അഗ്നിരക്ഷാസേനയും സംശയിക്കുന്നു. പോലീസ് പറയുന്നത്: രാവിലെ പത്തുമണിയോടെ സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർക്ക് വിജയകുമാറിന്റെ ഫോണിൽ നിന്ന് കോൾ വന്നു. പാലത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ കയർപൊട്ടി ആറ്റിൽ വീണുവെന്നാണ് ഫോണിൽ പറഞ്ഞത്. ശബ്ദം വിജയകുമാറിന്റേത് തന്നെയായിരുന്നെന്ന് ഡ്രൈവർ പറഞ്ഞു. ഉടൻ പൊലീസിൽ അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ഒരു മണിക്കൂറിലേറെ തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഡ്രൈവറെ വിളിച്ച നമ്പർ വിജയകുമാറിന്റേതു തന്നെയായിരുന്നു. ടവർ ലൊക്കേഷൻ പത്തനംതിട്ട ടൗണിലായിരുന്നു. പിന്നീട് ഫോൺ ഓഫായി.

വിജയകുമാറും ഭാര്യയും തമ്മിലുള്ള വഴക്ക് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ വച്ച് ഒത്തുതീർപ്പാക്കിയിരുന്നു. ഇയാൾ വീണ്ടും വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ആത്മഹത്യചെയ്യാൻ പറ്റുന്ന കയറല്ല പാലത്തിൽ നിന്ന് കണ്ടെട‌ുത്തത്. വിജയകുമാർ പരിസരത്ത് എവിടെയെങ്കിലും ഉണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.