Connect with us

Kerala

പൊതുമേഖലാ സ്ഥാപനത്തിലെ സ്പിരിറ്റ് കടത്ത്; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കെന്ന് അറസ്റ്റിലായവരുടെ മൊഴി

Published

|

Last Updated

പത്തനംതിട്ട | പൊതുമേഖലാ സ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് കടത്തില്‍ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കെന്ന് അറസ്റ്റിലായവരുടെ മൊഴി. ജനറല്‍ മാനേജര്‍ അലക്സ് പി എബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവരുടെ അറിവോടെയായിരുന്നു സ്പിരിറ്റ് കടത്തെന്നാണ് അറസ്റ്റിലായവര്‍ മൊഴി നല്‍കിയത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തു. സ്പിരിറ്റ് വാങ്ങിയ മധ്യപ്രദേശ് ബൈടുള്‍ സ്വദേശി അബുവിനെയും പ്രതി പട്ടികയിലുള്‍പ്പെടുത്തി. ഇതോടെ ആകെ ഏഴ് പേരെയാണ് പ്രതി ചേര്‍ത്ത് എഫ് ഐ ആര്‍ തയാറാക്കിയത്. നേരത്തെ ഫാക്ടറി ജീവനക്കാരന്‍ അരുണ്‍കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ സിജോ, നന്ദകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

മധ്യപ്രദേശില്‍ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4,000 ലിറ്റര്‍ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളില്‍ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തി. ഇതോടെ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ജീവനക്കാരന്‍ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ഡ്രൈവര്‍മാരുടെ മൊഴി. അരുണിനെയും ഡ്രൈവര്‍മാരെയും പിന്നീട് ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോള്‍ ആണ് സ്പിരിറ്റ് മറിച്ചു വിറ്റതാണെന്ന് വ്യക്തമായത്. മധ്യപ്രദേശില്‍ നിന്നും ടാങ്കറില്‍ എത്തുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവര്‍മാരും ചേര്‍ന്ന് മറിച്ചു വിറ്റത്. ലിറ്ററിന് അമ്പത് രൂപയ്ക്ക് ഈ സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വില്‍ക്കുകയായിരുന്നു. ഇങ്ങനെ കിട്ടുന്ന പണം എല്ലാവരും ചേര്‍ന്ന് വീതിച്ചെടുക്കും.

92-93 കാലഘട്ടത്തിലാണ് പുതുപ്പള്ളി സ്വദേശിയായ അലക്സ് പി ഏബ്രഹാം തിരുവല്ല പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ ജോലിക്ക് ചേരുന്നത്. ആദ്യം അക്കൗണ്ട്സ് മാനേജര്‍ ആയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ജനറല്‍ മാനേജരായത്. അറസ്റ്റിലായ അരുണ്‍ കുമാര്‍ ആശ്രിത നിയമനം നേടിയ ആളാണ്. ഇയാളുടെ ജോലി ഇതുവരെ സ്ഥിരപ്പെടുത്തിയിട്ടില്ല. നേരത്തേയുണ്ടായിരുന്ന പ്രൊഡക്ഷന്‍ മാനേജര്‍ ഇവരുടെ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നയാളായിരുന്നില്ല. അയാളെ കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പുറത്താക്കിയാണ് മേഘയെ നിയമിച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചട്ടപ്രകാരമുള്ള യോഗ്യത മേഘയ്ക്ക് ഉണ്ടായിരുന്നില്ല. പേഴ്‌സണല്‍ മാനേജര്‍ ഹാഷിമിനും സ്പിരിറ്റ് മറിച്ചു വില്‍ക്കുന്നതില്‍ വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മറിച്ചു വിറ്റതിനെ തുടര്‍ന്ന് കുറവ് വരുന്ന സ്പിരിറ്റില്‍ വെള്ളം ചേര്‍ത്തുള്ള തട്ടിപ്പും അരങ്ങേറിയിരുന്നു. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് ഇവിടെ നിന്നും സ്പിരിറ്റ് കൊണ്ടു പോയി ചെങ്ങന്നൂരിലുള്ള ഒരു ബാര്‍ ഉടമയുമായി ചേര്‍ന്ന് സെക്കന്‍ഡ്സ് മദ്യവില്‍പന നടത്തിയിരുന്നുവെന്നും പരാതിയുണ്ട്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ബാറുകള്‍ക്ക് സമീപം ഏജന്റുമാരെ വച്ച് വന്‍ തുകയ്ക്കാണ് ഇത്തരം മദ്യം വിറ്റഴിച്ചിരുന്നത്. മദ്യത്തിന്റെ കുപ്പികളിലൊന്നും തന്നെ സീല്‍, ബാച്ച് നമ്പര്‍ ഇവയൊന്നും ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച് പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് വിവരം നല്‍കിയിരുന്നതായും പറയുന്നു.

---- facebook comment plugin here -----

Latest