National
തമിഴ്‌നാട്ടില്‍ 50 ലക്ഷത്തോളം റേഷന്‍ ഗുണഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി

ചെന്നൈ | തമിഴ്‌നാട്ടിലെ പൊതുവിതരണ സംവിധാനത്തില്‍ ഉള്‍പ്പെട്ട 50 ലക്ഷത്തോളം ആളുകളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. റേഷന്‍ ഗുണഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസാണ് ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയതെന്ന് ബെംഗളൂരു ആസ്ഥാനമായ സൈബര്‍ സുരക്ഷാ സ്ഥാപനമായ ടെക്‌നിസാങ്ക് വെളിപ്പെടുത്തുന്നു.
ഗുണഭോക്താക്കളുടെ ആധാര്‍ നമ്പറുകള്‍, കുടുംബ വിശദാംശങ്ങള്‍, മൊബൈല്‍ നമ്പറുകള്‍ അടക്കം സെന്‍സിറ്റീവ് വിവരങ്ങളാണ് പുറത്തായത്. ഈ ഡാറ്റകള്‍ ഉപയോഗിച്ച് ഫിഷിംഗ് ആക്രമണം നടത്താനും പ്രായമായവര്‍ ഉള്‍പ്പെടെയുള്ള എളുപ്പത്തില്‍ വഞ്ചിതരാകുന്ന ആളുകളെ ലക്ഷ്യമിടാനും ഹാക്കര്‍മാര്‍ക്ക് കഴിയുമെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, ഡാറ്റ ചോര്‍ച്ച സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
സൈബര്‍ സുരക്ഷാ സ്റ്റാര്‍ട്ടപ്പ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള 49,19,668 പേരുടെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ഇതില്‍ 3,59,485 ഫോണ്‍ നമ്പറുകളും തപാല്‍ വിലാസങ്ങളും ഉപയോക്താക്കളുടെ ആധാര്‍ നമ്പറുകളും ഉള്‍പ്പെടുന്നു. ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങളെക്കുറിച്ചും അവരുമായുള്ള ബന്ധത്തെക്കുറിച്ചും ഉള്ള വിവരങ്ങളും ഇതിലുണ്ട്. നവജാത ശിശുക്കള്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാരുടെയും രേഖകള്‍ സൂക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സംവിധാനത്തിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്.
തമിഴ്‌നാട് സര്‍ക്കാരുമായി ലിങ്ക് ചെയ്തിട്ടുള്ള വെബ്‌സൈറ്റില്‍ നിന്നാണോ അതോ ഒരു മൂന്നാം കക്ഷി വെണ്ടറില്‍ നിന്നാണോ ഡാറ്റ ഹാക്ക് ചെയ്തതെന്ന് ഇപ്പോള്‍ വ്യക്തമല്ല. മൊത്തം ഡാറ്റാബേസിന്റെ വളരെ ചെറിയ ഭാഗമാണ് ചോര്‍ന്നിരിക്കുന്നത്. കാരണം പിഡിഎസ് സംവിധാനത്തില്‍ 68 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ ഉണ്ടെന്ന് തമിഴ്‌നാട് സിവില്‍ സപ്ലൈസ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സെറ്റില്‍ വ്യക്തമാക്കുന്നു.
ചോര്‍ന്ന ഡാറ്റബേസ് ജൂണ്‍ 28 ന് ഹാക്കര്‍മാര്‍ അപ്‌ലോഡ് ചെയ്തതായും അതേ ദിവസം തന്നെ കണ്ടെത്തിയതായും ടെക്‌നിസാങ്ക് സിഇഒ നന്ദകിഷോര്‍ ഹരികുമാര്‍ പറഞ്ഞു. ഒരു മണിക്കൂറിനുശേഷം ഇത് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
“1945VN” എന്ന സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പാണ് തമിഴ്‌നാട് സിവില്‍ സപ്ലൈസ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (tnpds.gov.in) വെബ്‌സൈറ്റില്‍ ആക്രമണം നടത്തിയതെന്നും ടെക്‌നിസാങ്ക് കണ്ടെത്തി. എന്നാല്‍ ഈ ആക്രമണവും ഏറ്റവും പുതിയ ഡാറ്റ ചോര്‍ച്ചയും തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.