Kerala
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം | കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച സഹായ നിധിയുടെ ആദ്യ ഗഢുവായ 10 ലക്ഷം രൂപ കൈമാറി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയാണ് സംസ്ഥാന ഹജ്ജ്, വഖ്ഫ്, കായിക വകുപ്പ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് തിരുവനന്തപുരത്തു വച്ച് തുക കൈമാറിയത്. ചടങ്ങില്‍ ഹജ്ജ് കമ്മിറ്റിയംഗങ്ങളായ എച്ച് മുസമ്മില്‍ ഹാജി, മുഹമ്മദ് ശിഹാബുദ്ധീന്‍, കോര്‍ഡിനേറ്റര്‍ അഷ്‌റഫ് അരയങ്കോട് സംബന്ധിച്ചു.
ഹജ്ജ് കമ്മിറ്റി മുഖേന വിവിധ വര്‍ഷങ്ങളിലായി ഹജ്ജ് കര്‍മം നിര്‍വഹിച്ചവര്‍, ഹാജിമാരെ മക്കയിലേക്ക് അനുഗമിച്ച വളണ്ടിയര്‍മാര്‍, ഹജ്ജ് സേവന മേഖലയില്‍ വര്‍ഷങ്ങളായി സേവനം ചെയ്യുന്ന ട്രെയിനര്‍മാര്‍, ഹജ്ജ് ക്യാമ്പ് വളണ്ടിയര്‍മാര്‍, ഓഫീസ് ജീവനക്കാര്‍, ഹജ്ജ് സെല്‍ അംഗങ്ങള്‍ തുടങ്ങിയവരില്‍ നിന്നുമായാണ് പണം സ്വരൂപിച്ചത്. ഹജ്ജ് കമ്മിറ്റി അംഗങ്ങളും മറ്റു സഹകാരികളും ഭാഗഭാക്കായി. ഫണ്ട് സ്വരൂപിക്കുന്നതിന് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ കൊണ്ടോട്ടി ശാഖയില്‍ പ്രത്യേകമായി അക്കൗണ്ട് ആരംഭിച്ചിരുന്നു.
2018, 2019 എന്നീ വര്‍ഷങ്ങളിലെ പ്രളയ സമയത്തും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇതുപോലെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിച്ച് കൈമാറിയിരുന്നു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള സേവനത്തില്‍ പങ്കാളികളായ എല്ലവരേയും അഭിനന്ദിക്കുകയും എല്ലാവരുടെയും നന്മക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി ഹജ്ജ് കമ്മിറ്റി അറിയിച്ചു.